കോഴിക്കോട്: ചെറായി മുനമ്പം വഖഫ് ഭൂമി പ്രശ്നം സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ നിയമപരമായും വസ്തുതാപരമായും പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചുചേർത്ത മുസ്ലിം സംഘടന പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടു. വർഷങ്ങളായി അവിടെ താമസിക്കുന്നവരുടെ ഭൂമി സംബന്ധമായ പ്രശ്നത്തിന് രമ്യമായ പരിഹാരം കാണണം. ചില സ്വാർഥ താൽപര്യക്കാരുടെ വിദ്വേഷ പ്രവർത്തനം മതസൗഹാർദത്തെ ദോഷകരമായി ബാധിക്കുമെന്നും യോഗം ചൂണ്ടിക്കാട്ടി.
ഭൂമിയുടെ ആധാരത്തിന്റെ നിയമപരമായ വ്യാഖ്യാനം സംബന്ധിച്ച തർക്കം വഖഫ് ഭേദഗതി ബില്ലിലൂടെ പരിഹരിക്കാൻ കഴിയില്ല എന്നിരിക്കെ, ഭരണഘടനാവിരുദ്ധമായ ബില്ലിനെ ന്യായീകരിക്കാൻ ഈ തർക്കത്തെ ചിലർ ഉപയോഗപ്പെടുത്തുകയാണ്. ഏത് പരിതസ്ഥിതിയിലും മതസൗഹാർദം മുറുകെപ്പിടിക്കുന്ന കേരള സമൂഹത്തിന് ഇതൊരു കളങ്കമാണ്. നീണ്ടുപോകുന്ന കോടതി നടപടികൾ ഒഴിവാക്കി കോടതിക്കുപുറത്ത് ഒത്തുതീർപ്പിലെത്താൻ സർക്കാർ എത്രയും വേഗം നടപടികൾ തുടങ്ങണം. സർക്കാർ നേരിട്ടോ ഒരു കമീഷൻ മുഖേനയോ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും യോഗം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. സമവായത്തിലെത്താനുള്ള പരിശ്രമങ്ങൾക്കും തുടർന്ന് സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും മുസ്ലിം സംഘടനകൾ പൂർണ സഹകരണം വാഗ്ദാനം ചെയ്തു.
സാദിഖലി തങ്ങൾ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖപ്രഭാഷണം നടത്തി. അഡ്വ. പി.എം.എ. സലാം സ്വാഗതം പറഞ്ഞു. ഇ.ടി. മുഹമ്മദ് ബഷീർ എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ (മുസ്ലിം ലീഗ്), ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി (സമസ്ത കേരള ജംഇയ്യതുൽ ഉലമ), പ്രഫ. എ.കെ. അബ്ദുൽ ഹമീദ് (കേരള മുസ്ലിം ജമാഅത്ത്), പി. മുജീബ് റഹ്മാൻ, ശിഹാബ് പൂക്കോട്ടൂർ (ജമാഅത്തെ ഇസ്ലാമി), ടി.പി. അബ്ദുല്ലക്കോയ മദനി, ഡോ. ഹുസൈൻ മടവൂർ, എ.ഐ. മജീദ് സ്വലാഹി, എ. അസ്ഗറലി (കെ.എൻ.എം), സി.പി ഉമർ സുല്ലമി, അഡ്വ. ഹനീഫ് (കെ.എൻ.എം മർക്കസുദ്ദഅ്വ), കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, കെ. സജ്ജാദ് (വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ), ഇ.പി. അഷ്റഫ് ബാഖവി (സംസ്ഥാന കേരള ജംഇയ്യതുൽ ഉലമ), വി.പി. അബ്ദുറഹ്മാൻ (എം.ഇ.എസ്), അഡ്വ. പി.കെ. അബൂബക്കർ, കെ.എം. മൻസൂർ അഹമ്മദ് (എം.എസ്.എസ്), ഫാറൂഖ് കോളജ് പ്രതിനിധികളായ പ്രഫ. ഇ.പി ഇമ്പിച്ചിക്കോയ, ഡോ. കുട്ട്യാലിക്കുട്ടി എന്നിവർ പങ്കെടുത്തു.
കോഴിക്കോട്: മുനമ്പത്ത് താമസിക്കുന്നവർക്ക് ഭൂമി വിട്ടുകൊടുക്കണമെന്നും ഈ ഭൂമിയിൽനിന്ന് നികുതി സ്വീകരിക്കരുത് എന്നാവശ്യപ്പെട്ട് കേരള വഖഫ് ബോർഡ് ഹൈകോടതിയിൽ നൽകിയ കേസ് പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ ഭൂമി വഖഫ് അല്ല എന്നാണ് യു.ഡി.എഫ് നിലപാട്. ഭൂമി വഖഫ് ചെയ്യുന്നതിന് മുമ്പുതന്നെ അവിടെ താമസക്കാർ ഉണ്ടായിരുന്നു. മാത്രമല്ല, വഖഫ് ആണെന്ന് അവകാശപ്പെടുന്ന രേഖയിൽ നിബന്ധനകൾ ഉണ്ട്. വഖഫിന് നിബന്ധനകൾ പാടില്ല. ഫാറൂഖ് കോളജ് മാനേജ്മെന്റ് പണം വാങ്ങി ഭൂമി കൈമാറിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സർക്കാറിന് 10 മിനിറ്റുകൊണ്ട് പരിഹരിക്കാവുന്ന പ്രശ്നമാണിത്. ഇതിന്റെ പേരിൽ വർഗീയ ചേരിതിരിവോ ഭിന്നിപ്പോ ഉണ്ടാവാൻ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.