ഉപഭോക്തൃ കൗൺസിൽ, കമീഷൻ:ഒഴിവുകൾ ആറ് മാസത്തിനകം നികത്തുമെന്ന് സർക്കാർ

കൊച്ചി: സംസ്ഥാനതലത്തിലും ഒമ്പത് ജില്ലയിലും ഉപഭോക്തൃ സംരക്ഷണ കൗൺസിൽ (കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിൽ) നിലവിൽവന്നതായി സർക്കാർ ഹൈകോടതിയിൽ. സംസ്ഥാനതല ഉപഭോക്തൃ കമീഷനുകളിലെ പ്രസിഡന്‍റുമാരുടെയും അംഗങ്ങളുടെയും ഒഴിവുകളിലേക്കുള്ള നിയമന നടപടികൾ 2025 ഏപ്രിൽ 30നകം പൂർത്തിയാക്കാനാവുമെന്നും ഉപഭോക്തൃ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ആർ.ആർ. ബിന്ദു ഹൈകോടതിയിൽ നൽകിയ വിശദീകരണ പത്രികയിൽ അറിയിച്ചു. സംസ്ഥാന, ജില്ല തല കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എന്ന് രൂപവത്കരിക്കാനാവുമെന്ന് രണ്ടാഴ്ചക്കകം അറിയിക്കണമെന്ന് കഴിഞ്ഞദിവസം സർക്കാറിനോട് കോടതി നിർദേശിച്ചിരുന്നു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് കൗൺസിൽ രൂപവത്കരണം പൂർത്തിയായത്. കോട്ടയം, ഇടുക്കി, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ അവസാനഘട്ടത്തിലാണ്. ഉപഭോക്തൃ കമീഷനുകളിൽ രജിസ്ട്രാർ, സെക്രട്ടറി അടക്കം ഉദ്യോഗസ്ഥരുടെ ഒഴിവുകൾ നികത്തി. സിവിൽ സപ്ലൈസ് വകുപ്പിലെ കേഡർ ഉദ്യോഗസ്ഥരെത്തന്നെ സംസ്ഥാന കമീഷണറേറ്റിൽ നിയമിച്ചിട്ടുണ്ട്. ആവശ്യമായ പൊലീസിനെയും നിയമിച്ചിട്ടുണ്ട്. ജില്ല പ്രസിഡൻറുമാരുടെ അഞ്ച് ഒഴിവും അംഗങ്ങളുടെ 15ഉം ഒഴിവുകളും മുമ്പ് വരേണ്ടതായിരുന്നെങ്കിലും പുതിയ നിയമനം വരെ താൽക്കാലികമായി തുടരാൻ ഹൈകോടതി അനുമതി നൽകിയതിനാൽ നാല് പ്രസിഡന്‍റുമാരും 11 അംഗങ്ങളും തൽസ്ഥാനത്ത് തുടരുകയാണ്. ഫലത്തിൽ ഒരു പ്രസിഡന്‍റിന്‍റെയും നാല് അംഗങ്ങളുടെയും ഒഴിവ് മാത്രമാണുള്ളത്.

ഹൈകോടതി ഉത്തരവിന് മുമ്പുതന്നെ ഒഴിവുകളിലേക്ക് നിയമനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. 22 അംഗങ്ങളുടെ ഒഴിവുകളിലേക്കാണ് വിജ്ഞാപനം ചെയ്തിട്ടുള്ളത്. എൽ.ബി.എസിനാണ് പരീക്ഷ നടത്തിപ്പ് ചുമതല. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന നടപടികൾ പൂർത്തിയായിട്ടുണ്ട്. മൂന്നുമാസത്തിനകം എഴുത്തുപരീക്ഷ നടക്കും. തുടർന്നുള്ള മൂന്നുമാസത്തിനകം നിയമന നടപടികൾ പൂർത്തിയാക്കും. ആറുമാസത്തിനകം നടപടികളെല്ലാം പൂർത്തിയാക്കുമെന്നും വിശദീകരണത്തിൽ പറയുന്നു.

സംസ്ഥാന, ജില്ല തല ഉപഭോക്തൃ കമീഷനുകളുടെ അടിസ്ഥാന സൗകര്യമില്ലായ്മയും ജീവനക്കാരുടെ അപര്യാപ്തതയുമടക്കം ചൂണ്ടിക്കാട്ടി അഭിഭാഷക പരിഷത്ത് കൊല്ലം ജില്ലാ സെക്രട്ടറി സി.കെ. മിത്രൻ നൽകിയ ഹരജിയിലാണ് വിശദീകരണം.

Tags:    
News Summary - Consumer Council, Commission: Govt to fill vacancies within six months

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.