നഞ്ചിയമ്മയുടെ കുടുംബ ഭൂമി തട്ടിയെടുക്കാൻ നൽകിയത് ആറ് കേസുകൾ

കോഴിക്കോട്: മികച്ച ഗായികക്കുള്ള ദേശീയ അവാർഡ് നേടിയ അട്ടപ്പാടിയിലെ നഞ്ചിയമ്മയുടെ ഭൂമി തട്ടിയെടുക്കാൻ വിവിധ കോടതികളിൽ നൽകിയത് ആറ് കേസുകൾ. വിഷയം കെ.കെ രമ എം.എൽ.എ നിയമസഭയിൽ സബ് മിഷൻ അവതരിപ്പിച്ചതോടെ മന്ത്രി കെ. രാജൻ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും നഞ്ചിയമ്മക്ക് ഇതുവരെ നീതി ലഭിച്ചില്ല. റവന്യു വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ട് ലാൻഡ് റവന്യൂ കമീഷണറുടെയും റവന്യു പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ചുവപ്പ് നാടയിൽ കുടുങ്ങി.

നഞ്ചിയമ്മയുടെ കുടുംബമോ കന്തസ്വാമിയുടെ അവകാശികളോ അറിയാതെ കെ.വി മാത്യു 1.40 ഏക്കർ ഭൂമിക്ക് വ്യാജ രേഖയുണ്ടാക്കിയത് കോടതി ഉത്തരവ് വഴിയാണ്. അതിന് മാരിമുത്തുമായി കെ.വി മാത്യു വില്പന കരാറുണ്ടാക്കി. പിന്നീട് കരാർ പത്രത്തിലെ വ്യവസ്ഥകൾ പാലിക്കാതെ വന്നതിനാൽ ഒറ്റപ്പാലം സബ് കോടതിൽ ഹരജി നൽകി. ഒറ്റപ്പാലം സബ്ജഡ്ജ് മാത്യുവിന്റെ പേരിൽ ഭൂമി എഴുതി നൽകാൻ ഉത്തരവായി. അതാണ് ഒന്നാമത്തെ കേസ്. മാരിമുത്തു വ്യവഹാര സമയത്ത് കോടതിയിൽ ഹാജരായിട്ടില്ലെന്നും എക്സ്പാർട്ട് ആയി വിധിയുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് സബ് ജഡ്ജ് ഈ ഭൂമി മാത്യുവിന്റെ പേരിൽ രജിസ്റ്റർ ചെയ്ത് നൽകിയതെന്നും റവന്യു വിജിലൻസ് പരിശോധനയിൽ കണ്ടെത്തി.

ഈ ഭൂമിയിൽ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ണാർക്കാട് കോടതിയിൽ നൽകിയതാണ് രണ്ടാമത്തെ കേസ്. ഭൂമിക്കുമേൽ അവകാശം ഉന്നയിക്കുന്ന ആദിവാസികളിൽനിന്നും നഞ്ചിയമ്മക്ക് ഒപ്പം നിന്ന എം.സുകുമാരനിൽനിന്നും സംരക്ഷണം വേണമെന്നായിരുന്നു ഹരജിയിൽ കെ.വി മാത്യു ആവശ്യപ്പെട്ടത്. ഈ കേസ് ഇപ്പോഴും കോടതിയിൽ തീർപ്പായിട്ടില്ല.

2013 ൽ മരണപ്പെട്ട നഞ്ചിയമ്മയുടെ ഭർത്താവ് നഞ്ചപ്പനും എം. സുകുമാരനും സംഘവും ഭൂമിയിൽ കയറാൻ തടസം നിൽക്കുന്നുവെന്നും സംരക്ഷണം വേണമെന്നും ചൂണ്ടിക്കാട്ടി കെ.വി മാത്യൂവും ജോസഫ് കുര്യനും 2019 ൽ ഹൈകോടതിയിൽ ഹരജി നൽകി. അതാണ് മൂന്നാമത്തെ കേസ്. അതേസമയം കന്തസ്വാമിയുടെ ഭാര്യ കൗസല്യയും ഭൂമിയിൽ കയറാൻ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിൽ എത്തി. രണ്ടു കേസും ഒരുമിച്ച് തള്ളി.

പെട്രോൾ പമ്പിന് അനുമതി ലഭിച്ചുവെന്നും അതിെൻെറ നിർമാണത്തിന് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടാണ് നാലാമത് കോടതിയിൽ എത്തിയത്. ഈ കേസും ഹൈക്കോടതിയിൽ നിലവിലുണ്ട്. 1987 ൽ ആരംഭിച്ച് ടി.എൽ.എ കേസ് എത്രയും പെട്ടെന്ന് തീർപ്പ് കൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജിയാണ് അഞ്ചാമത്തേത്.

അതിൽ ജസ്റ്റിസ് പി. ഗോപിനാഥ് മൂന്ന് മാസത്തിനകം തീർപ്പ് കൽപ്പിക്കണമെന്ന് പാലക്കാട് കലക്ടർക്ക് ഉത്തരവ് നൽകി. കലക്ടർ ഡോ.എസ്. ചിത്ര ഭൂരേഖകൾ പരിശോധിച്ച ശേഷം കൈയേറ്റക്കാർക്ക് അനുകൂലമായ സബ് കലക്ടറുടെ ഉത്തരവ് റദ്ദുചെയ്തു. ഭൂരേഖകൾ പുനപരിശോധിക്കാൻ സബ്കലക്ടർക്ക് നിർദേശവും നൽകി. ഭൂരേഖകൾ ആർ.ഡി.ഒ പുനപരിശോധിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കെ.വി മാത്യൂവും ജോസഫ് കുര്യനും ആറാമത് കോടതിയെ സമീപിച്ചത്. ഈ കേസിൽ ഹൈകോടതിയിൽനിന്ന് സ്റ്റേ ഉത്തരവും ലഭിച്ചു.

കന്തസ്വാമിയും നാഗമൂപ്പനും തമ്മിലുള്ള ഭൂമി ഇടപാടിന്റെയും കെ.വി മാത്യൂവിനും ജോസഫ് കൂര്യനും വ്യാജമായി നിർമിച്ച ആധാരങ്ങളുടെയും പരിശോധനയാണ് ഇതിലൂടെ തടഞ്ഞത്. റവന്യൂ വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ കെ.വി മാത്യുന്റെയും ജോസഫ് കുര്യന്റെയും ആധാരങ്ങൾ റദ്ദു ചെയ്യണമെന്ന് ശിപാർശ നൽകിയത്. എന്നിട്ടും റവന്യൂ വകുപ്പ് തുടർ നടപടി സ്വീകരിച്ചില്ല.

ആദിവാസികളെ കോടതി കയറ്റി പാഠം പഠിപ്പിക്കുന്ന അട്ടപ്പാടിയിലെ കൈയേറ്റക്കാരുടെ പതിവ് പരിപാടിയാണ് കെ.വി മാത്യുവും ജോസഫ് കുര്യനും നടത്തുന്നത്. 1987 ൽ തുടങ്ങിയ ടി.എൽ.എ കേസ് 2023 ലും തുടരുകയാണ്. വ്യവഹാരത്തിലൂടെ ഭൂമി തട്ടിയെടുക്കുകയാണ് കൈയേറ്റക്കാരുടെ തന്ത്രം. ജോസഫ് കുര്യനും മാത്യുവും അത് പയറ്റുകയാണ്. എന്നാൽ, ഭൂമിക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്നും നഞ്ചിയമ്മ മാധ്യമം ഓൺലൈനോട് പറഞ്ഞു. 

Tags:    
News Summary - Six cases were filed to expropriate Nanchiamma's family land

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.