കോഴിക്കോട്: പണ്ഡിതന്മാരെയും മുശാവറ അംഗങ്ങളെയും നീചമായ ഭാഷയിൽ അധിക്ഷേപിക്കുന്ന ലീഗ് നേതാവ് കെ.എം. ഷാജിയെ പാർട്ടി നിലക്ക് നിർത്തണമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി. അഷ്റഫ് കുറ്റിക്കടവ്. സമസ്ത നേതാക്കൾക്കെതിരെ ഷാജി കള്ള പ്രചരണങ്ങളും വ്യക്ത്യാധിക്ഷേപവും നടത്തുകയാണ്. അറപ്പുളവാക്കുന്ന പ്രഭാഷണങ്ങൾ കൊണ്ട് സമസ്ത പ്രവർത്തകരെ ആദർശ ക്യാമ്പയിനിൽനിന്ന് പിന്തിരിപ്പിക്കാമെന്നത് ഷാജിയുടെ വ്യാമോഹം മാത്രമാണെന്നും ഒ.പി. അഷ്റഫ് ഫേസ്ബുക്കിൽ കുറിച്ചു.
മതപണ്ഡിതൻമാരെ ഇകഴ്ത്താൻ ലീഗ് വേദികൾ ഉപയോഗിക്കുന്ന കെ.എം. ഷാജിയെ പാർട്ടി നിലക്ക് നിർത്തണം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സമുന്നതരായ പണ്ഡിതന്മാരെയും മുശാവറ അംഗങ്ങളെയും നീചമായ ഭാഷയിൽ അധിക്ഷേപിക്കുന്നത് ആവർത്തിക്കുകയാണ് മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറിയായ കെ.എം. ഷാജി. സമസ്തയും മുസ്‌ലിം ലീഗും തമ്മിലുള്ള ബന്ധത്തിൽ വിള്ളൽ വീഴാതിരിക്കാൻ നേതൃതലത്തിൽ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ മറുഭാഗത്ത് കെ.എം. ഷാജി നടത്തുന്ന പ്രഭാഷണങ്ങൾ ഇതിന് വിഘാതം സൃഷ്ടിക്കുകയാണ്.
സമസ്തയുടെയും എസ്.കെ.എസ്.എസ്.എഫിന്‍റെയും നേതൃത്വത്തിൽ നടക്കുന്ന അഹ്ലുസ്സുന്നയുടെ ആദർശ പ്രഭാഷണങ്ങൾക്ക് ഓരോ സമയത്തും മറുപടി പറയാൻ കെ.എം ഷാജിയെ പാർട്ടി ചുമതലപ്പെടുത്തിയതാണോ എന്ന് ഉത്തരവാദപ്പെട്ടവർ വ്യക്തമാക്കണം. മതവിരുദ്ധ വാദങ്ങളെയും ചെയ്തികളെയും സമൂഹത്തിൽ എവിടെ കണ്ടാലും തിരുത്തുക എന്നത് സമസ്തയുടെ ബാധ്യതയാണ്. ഇസ്‌ലാമിന്‍റെ ഒന്നാം ഖലീഫയായ അബൂബക്കർ സിദ്ധീഖ് (റ) വിവരമില്ലാത്തവരായിരുന്നു എന്ന തരത്തിൽ കെ.എം. ഷാജി ഒരു പൊതുവേദിയിൽ പറഞ്ഞപ്പോൾ അതിനെ പണ്ഡിതോചിതമായി തിരുത്തിയ സമസ്ത നേതാക്കൾക്കെതിരെ അദ്ദേഹം കള്ള പ്രചരണങ്ങളും വ്യക്ത്യാധിക്ഷേപവും നടത്തുകയാണ്.
അറപ്പുളവാക്കുന്ന ഭാഷയിലുള്ള പ്രഭാഷണങ്ങൾ കൊണ്ട് സമസ്ത പ്രവർത്തകരെ ആദർശ ക്യാമ്പയിനിൽനിന്ന് പിന്തിരിപ്പിക്കാമെന്നത് ഷാജിയുടെ വ്യാമോഹം മാത്രമാണ്. സി.ഐ.സി വിഷയത്തിലുള്ള സമസ്ത മുശാവറയുടെ തീരുമാനത്തിന് വിരുദ്ധമായ പ്രചരണങ്ങൾക്കും ഷാജി ലീഗ് വേദികൾ നിരന്തരം ഉപയോഗിക്കുന്നത് പാർട്ടി നേതൃത്വം ഗൗരവത്തിൽ കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.