കൊച്ചി: ഓണക്കിറ്റിൽ ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭകരുടെ ഉൽപന്നങ്ങൾ പരിഗണിക്കുമെന്ന സർക്കാർ ഉറപ്പ് ഇക്കുറിയും പാലിച്ചില്ല. കുടുംബശ്രീയിൽനിന്ന് ഉപ്പേരി സംഭരിച്ചത് മാത്രമാണ് ഭാഗികമായെങ്കിലും നടന്ന ലോക്കൽ പർച്ചേസ്. ബാക്കി ഉൽപന്നങ്ങൾ വൻകിട സംരംഭകരിൽനിന്നാണ് ഏറ്റെടുത്തത്. പ്രാദേശികമായി ഉൽപന്നങ്ങൾ സംഭരിക്കാത്തത് കിറ്റ് വിതരണം വൈകാൻ കാരണങ്ങളിൽ ഒന്നായി.
സൈപ്ലകോക്ക് 500 ഇടത്തരം സംരംഭക കമ്പനികൾ ഭക്ഷ്യോൽപന്നങ്ങൾ വിതരണം ചെയ്യുന്നുണ്ട്. ധാന്യപ്പൊടി, മസാലപ്പൊടി തുടങ്ങി അനേകം ഉൽപന്നങ്ങൾ ഇതിൽപ്പെടും. ഓണക്കിറ്റ് വിതരണത്തിന് മുമ്പുതന്നെ പ്രാദേശിക സംരംഭകരിൽനിന്ന് ഉൽപന്നങ്ങൾ ഏറ്റെടുക്കണമെന്ന് ഭക്ഷ്യമന്ത്രിയെയും വ്യവസായ മന്ത്രിയെയും കണ്ട് കേരള സൈപ്ലകോ സൈപ്ലയേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടിരുന്നു. അനുകൂല നിലപാട് ഉണ്ടാകുമെന്ന് അവർ അറിയിച്ചെങ്കിലും പിന്നീട് നടപടി വന്നില്ല.
തിരക്കിട്ട് സാധനങ്ങൾ വാങ്ങിയതോടെ ചില ഉൽപന്നങ്ങൾ കിട്ടാത്ത അവസ്ഥ വന്നു. കശുവണ്ടിക്ക് പകരം ആട്ടയും കായവും ഒക്കെ ഉൾപ്പെട്ടത് അങ്ങനെയാണ്. രണ്ടാഴ്ചകൊണ്ട് പോലും എത്തിക്കാൻ കഴിയാത്ത ഉൽപന്നങ്ങളാണ് നാലുദിവസത്തിനകം ലഭ്യമാക്കണമെന്ന നിർദേശം വന്നത്.
സൈപ്ലകോയുടെ 56 ഡിപ്പോകൾ വഴി എം.എസ്.എം.ഇ സംരംഭകരിൽനിന്ന് ഉൽപന്നങ്ങൾ സംഭരിക്കാൻ തീരുമാനിച്ചാൽ കുറഞ്ഞ ഗതാഗത ചെലവിൽ അവർക്ക് എത്തിക്കാൻ കഴിയും. ടെൻഡറിൽ പങ്കെടുക്കാൻ കഴിയാത്തവർക്കായി സൈപ്ലകോ ആസ്ഥാനത്തുനിന്ന് സംഭരിക്കേണ്ട ഉൽപന്നത്തിെൻറ തുക നിശ്ചയിച്ച് ഡിപ്പോകളിലേക്ക് നിർദേശം നൽകിയാൽ മതി. ഇതിലൂടെ 88 ലക്ഷം കിറ്റുകൾക്ക് ഉൽപന്നങ്ങൾ ഒരേയിടത്തുനിന്ന് എത്തിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാം.
ഒന്നര മാസമായി ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭകർക്ക് സൈപ്ലകോ ശാഖകൾ വഴി വിതരണം ചെയ്ത ഉൽപന്നങ്ങൾക്ക് തുക ലഭിച്ചില്ല. ഓണക്കിറ്റുമായി ബന്ധപ്പെട്ട പണം മാത്രം നൽകിയാൽ മതിയെന്ന സർക്കാർ നിർദേശമുണ്ടെന്നാണ് സൈപ്ലകോ ഫിനാൻസ് വകുപ്പിൽനിന്ന് ലഭിച്ച മറുപടി. ഇതോടെ ചെറുകിട വിതരണക്കാർക്ക് ഓണം കഷ്ടപ്പാടിേൻറതായി. ഇവർക്ക് കീഴിൽ പായ്ക്കിങ്, സെയിൽസ്, ഉൽപന്ന നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് ഒരുലക്ഷത്തോളം തൊഴിലാളികളുണ്ട്. ഉത്രാടത്തിെൻറ തലേന്നുവരെ എല്ലാവരും പണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും നിരാശ മാത്രമായി ബാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.