സ്മാർട്ട് സിറ്റി: മറച്ചുവെക്കുന്നത് സർക്കാറിന്‍റെ വീഴ്ചകളും

തിരുവനന്തപുരം: സ്മാർട്ട് സിറ്റി പദ്ധതിയിൽ നഷ്ടപരിഹാരം നൽകി കരാർ അവസാനിപ്പിക്കാനുള്ള നീക്കത്തിൽ മറച്ചുവെക്കാൻ ശ്രമിക്കുന്നത് സർക്കാറിന്‍റെ വീഴ്ചകൾ. ടീകോമിനോട് നഷ്ടപരിഹാരം ചോദിച്ചാല്‍ അത് വ്യവഹാരത്തിലേക്ക് പോകുമെന്നതിനാലാണ് മന്ത്രിസഭ യോഗത്തില്‍ പാസാക്കി വേഗം കരാർ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലെത്തിയതെന്ന് ആക്ഷേപമുണ്ട്.

പദ്ധതി പാതിവഴിയിൽ ഉപേക്ഷിക്കാനുള്ള കാരണമെന്തെന്ന് സർക്കാർ വിശദീകരിച്ചിട്ടില്ല. സ്വകാര്യ കമ്പനി ഏറ്റെടുത്ത ലക്ഷ്യങ്ങളൊന്നും പൂർത്തീകരിച്ചിട്ടില്ല എന്നത് അവരുടെ വീഴ്ചക്കുള്ള തെളിവാണ്. ഇക്കാര്യം ഭാഗികമായി അംഗീകരിക്കുമ്പോഴും നഷ്ടപരിഹാരം അങ്ങോട്ടുകൊടുത്ത് കരാർ അവസാനിപ്പിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതാണ് ദുരൂഹത വർധിപ്പിക്കുന്നത്. ഓരോ വർഷവും പദ്ധതി പുരോഗതി വിലയിരുത്തുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യേണ്ട ഉത്തരവാദിത്തം സർക്കാറിനുണ്ട്. ഇത്തരം ഇടപെടലുകളൊന്നും സർക്കാറിൽനിന്ന് ഉണ്ടായില്ല.

2005ല്‍ എം.ഒ.യു പ്രകാരം അഞ്ച് വര്‍ഷം, ഏഴ് വര്‍ഷം, പത്ത് വര്‍ഷം എന്നീ കാലയളവുകളില്‍ എന്താണ് ടീകോം ചെയ്യേണ്ടെന്നത് ധാരണയുണ്ടായിരുന്നു. പത്ത് വര്‍ഷം കഴിയുമ്പോള്‍ 90,000 പേര്‍ക്ക് തൊഴില്‍ നല്‍കണമെന്നതായിരുന്നു ധാരണ. അഞ്ച് വര്‍ഷമാകുമ്പോള്‍ നല്‍കാന്‍ നിർദേശിച്ചിരിക്കുന്നതില്‍നിന്നും എത്ര കുറച്ചാണോ ടീകോം നല്‍കുന്നത് അതില്‍ ഓരോ തൊഴിലിനും 6000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും വ്യവസ്ഥയുണ്ട്. സമാന വ്യവസ്ഥ പത്ത് വര്‍ഷമാകുമ്പോഴും ഉണ്ടായിരുന്നു. 2007ല്‍ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറില്‍ ഈ വ്യവസ്ഥകള്‍ മാറ്റി. വി.എസ് സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറിലെ 7, 11 വ്യവസ്ഥകള്‍ അനുസരിച്ച് എന്തെങ്കിലും വീഴ്ച ടീകോമിന്റെ ഭാഗത്തുനിന്ന് ഉണ്ടായാല്‍ സര്‍ക്കാറിന്റെ എല്ലാ മുതല്‍മുടക്കും ചെലവഴിച്ച പണവും ടീകോമില്‍നിന്ന് ഈടാക്കാന്‍ വ്യവസ്ഥയുണ്ടാക്കി. കരാറിലെ 11.2 വ്യവസ്ഥപ്രകാരം കരാര്‍ വ്യവസ്ഥകളില്‍ ടീകോം വീഴ്ചവരുത്തുന്ന സാഹചര്യത്തില്‍ സര്‍ക്കാറിനുണ്ടാകുന്ന നഷ്ടം നികത്താന്‍ ടീകോമിന് ഉത്തരവാദിത്തമുണ്ടായിരിക്കുമെന്നുണ്ട്. ഈ സാഹചര്യത്തിലാണ് നഷ്ടപരിഹാരം അങ്ങോട്ടുകൊടുക്കാനുള്ള സർക്കാർ തീരുമാനം.

Tags:    
News Summary - Smart City: Uncovering The failures of the government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.