അയ്യോ ചിറ്റപ്പാ പോവല്ലേ...ജയരാജനെ തല്ലിയും തലോടിയും സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: ബോക്സിങ് താരം മുഹമ്മദലി മരിച്ചപ്പോള്‍ നല്‍കിയ അനുശോചന സന്ദേശത്തിലെ അമളിയില്‍ തുടങ്ങി അജ്ഞു ബോബി ജോര്‍ജിലൂടെയും ചിറ്റപ്പന്‍ മഹാത്മ്യങ്ങളിലൂടെയും കടന്ന് ഒടുവില്‍ രാജിവെച്ചൊഴിയുമ്പോഴും ഇ.പി. ജയരാജന് സാമൂഹികമാധ്യമങ്ങളില്‍ തല്ലും തലോടലും.

പുകഴ്ത്തലുകള്‍ മന്ത്രിയെയും കടന്ന് മുഖ്യമന്ത്രിയിലേക്കും സര്‍ക്കാറിലേക്കും നീങ്ങുന്നുണ്ടെങ്കിലും പൊങ്കാല ഇ.പിക്ക് മാത്രമാണ്. സ്വന്തം ടീമംഗത്തിന്‍െറ വിക്കറ്റ് വീണപ്പോള്‍ കയറിപ്പോകാന്‍ പറയാതെ നോബോള്‍ വിളിച്ച ഉമ്മന്‍ ചാണ്ടിയെക്കാളും ഭേദമാണ് പിണറായി എന്ന പുകഴ്ത്തലുകള്‍ക്കൊപ്പം ജയരാജന്‍ പോയതോടെ മന്ത്രിസഭ കുട്ടൂസനില്ലാത്ത ബാലരമ പോലെയായെന്ന പരിഹാസ പോസ്റ്റുകളും വ്യാപകം.

‘അവകാശം കേട്ടാല്‍ തോന്നും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാനാണ് ജയരാജന്‍ രാജിവെച്ചതെന്ന് ! കൂടുതല്‍ ഡെക്കറേഷനൊന്നും വേണ്ട, സത്യപ്രതിജ്ഞ ചെയ്ത് നാലുമാസത്തിനുള്ളില്‍ അഴിമതി നടത്തി പിടിക്കപ്പെട്ടപ്പോള്‍ രാജിവെച്ചു. അതു മതി’...എന്നാണ് മറ്റൊരു പൊങ്കാല. ‘ഒന്നാം വിക്കറ്റ് വീണെ’ന്ന വി.ടി. ബല്‍റാമിന്‍െറ പോസ്റ്റിന് ഉരുളക്കുപ്പേരി പോലെ മറുപടിയുമുണ്ട്. ‘തെളിവുണ്ടോ, ഖജനാവിന് നഷ്ടമുണ്ടോ, നിയമം നിയമത്തിന്‍െറ വഴിക്കുപോകും, മന$സാക്ഷികോടതിയില്‍ മറുപടി പറയും എന്നൊക്കെ പറഞ്ഞ് അട്ടയെപ്പോലെ കടിച്ചുതൂങ്ങാതെ മൂന്നാം അമ്പയറുടെ തീരുമാനത്തിനുമുമ്പേ പവിലിയനിലേക്ക് മടങ്ങിയത് അന്തസ്സാണെ’ന്നാണ് തിരച്ചടി. ‘കേരളചരിത്രത്തില്‍ പ്രതിപക്ഷം തോറ്റ രാജി’ എന്നായിരുന്നു മറ്റൊരു പോസ്റ്റ്.

ഇതിനിടെ ‘അഞ്ജു ബോബി ജോര്‍ജ് പ്രാര്‍ഥിക്കുന്ന പള്ളി ഏതാണെന്ന് പറഞ്ഞാല്‍ കൊള്ളാര്‍ന്നു, ഭയങ്കര സ്പീഡാണ്...’ എന്നാണ് ഇരുവരുടെ ചിത്രം വെച്ചുള്ള പോസ്റ്റിന്‍െറ ഉള്ളടക്കം. മാണി വിഷയത്തില്‍ ഇ.പി സ്പീക്കറുടെ കസേര മറിച്ചിടുന്ന ചിത്രം ചേര്‍ത്തതാണ് അടുത്ത ട്രോള്‍, ‘ഹും ആര്‍ക്കുവേണം ഈ മന്ത്രിക്കസേര, ചിറ്റപ്പനിതൊക്കെ വെറും പുല്ലാ’ എന്ന അടിക്കുറിപ്പും.

‘ഇയാളെന്തൊരു മണ്ടനാ, ഇതിനൊക്കെ ആരെങ്കിലും രാജിവെക്കുമോ’ തലയില്‍ കൈവെച്ച് ചിരിക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ ഫോട്ടോ ചേര്‍ത്ത മറ്റൊരു ട്രോള്‍. ‘അയ്യോ ചിറ്റപ്പാ പോവല്ളേ..’ എന്ന തലക്കെട്ടിലും ഇ.പി പടിയിറങ്ങുന്ന ചിത്രമടങ്ങിയ പത്തോളം ട്രോളുകള്‍ പ്രചരിക്കുന്നുണ്ട്.

Tags:    
News Summary - social media trolls against ep jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.