തിരുവനന്തപുരം: ഇടവേളക്കുശേഷം കേരള രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി സോളാർ കേസ്. സംസ്ഥാന സർക്കാറിെൻറ ആവശ്യപ്രകാരം സി.ബി.െഎ കേസന്വേഷണം ഏറ്റെടുത്ത് തുടർനടപടികളിലേക്ക് കടന്നതോടെയാണിത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉൾപ്പെടെ അഞ്ച് പ്രമുഖ കോൺഗ്രസ് നേതാക്കളെയും ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡൻറ് എ.പി. അബ്ദുല്ലക്കുട്ടിയെയും പ്രതിയാക്കിയാണ് സി.ബി.െഎ എഫ്.െഎ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കേസ് നിയമപരമായി നേരിടുമെന്ന് ഉമ്മൻ ചാണ്ടിയും സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉൾപ്പെടെ കോൺഗ്രസ് നേതാക്കളും ആരോപിക്കുന്നു. ബി.ജെ.പിയെയും അന്വേഷണം തിരിഞ്ഞുകുത്തുകയാണ്. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും ലോക്സഭ തെരഞ്ഞെടുപ്പിലും കോൺഗ്രസിനെതിരെ ഇടതുപക്ഷം മുഖ്യ ആയുധങ്ങളിൽ ഒന്നായി ഉപയോഗിച്ചത് സോളാർ പീഡനക്കേസായായിരുന്നു.
എന്നാൽ, ക്രൈംബ്രാഞ്ചും പ്രത്യേക സംഘവും അന്വേഷണം നടത്തിയിട്ടും പ്രതികളായി ആരോപിക്കപ്പെട്ടവർക്കെതിരെ തെളിവുകൾ ലഭിച്ചില്ലെന്ന വിലയിരുത്തലായിരുന്നു കോൺഗ്രസിന് ഇതുവരെ ആശ്വാസം.
എന്നാൽ, അന്വേഷണം തൃപ്തികരമല്ലെന്ന ആക്ഷേപവുമായി പരാതിക്കാരി രംഗത്തുവരികയായിരുന്നു. ഡൽഹി സി.ബി.െഎ ഡയറക്ടറേറ്റിൽ പരാതി നൽകിയ അവർ മുഖ്യമന്ത്രിയോടും ഇൗ ആവശ്യം ഉന്നയിച്ചു. പ്രതിപക്ഷത്തിനെതിരെ ശക്തമായ രാഷ്ട്രീയായുധമായതിനാൽ സംസ്ഥാന സർക്കാറിനും കേസ് സി.ബി.െഎക്ക് വിടുന്നതിനോട് വിയോജിപ്പുണ്ടായിരുന്നില്ല. ആ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിന് മുമ്പ് കേസ് സി.ബി.െഎക്ക് വിട്ട് വിജ്ഞാപനം പുറപ്പെടുവിച്ചത്. എന്നാൽ, ബി.ജെ.പി നേതാവുകൂടി ഉൾപ്പെട്ട കേസ് സി.ബി.െഎ ഏറ്റെടുക്കുമോയെന്ന സംശയവും നിലനിന്നു.
സംഭവം നടക്കുേമ്പാൾ അബ്ദുല്ലക്കുട്ടി ബി.ജെ.പിയിൽ അല്ലായിരുന്നെന്ന വിശദീകരണമാണ് പാർട്ടി വൃത്തങ്ങൾ നൽകുന്നത്. ഇതിനെക്കുറിച്ച് പ്രതികരിക്കാൻ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും തയാറായിട്ടില്ല.
ഡോളർ കടത്ത്, നിയമസഭയിലെ കൈയാങ്കളി കേസുകളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി വി. ശിവൻകുട്ടി എന്നിവർക്കെതിരെ പരസ്യ പ്രതിഷേധത്തിലുള്ള പ്രതിപക്ഷത്തിനെതിരെ ശക്തമായ ആയുധമാണ് സോളാറിലൂടെ ഭരണപക്ഷത്തിന് ലഭിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.