സോളാർ പീഡനക്കേസ്: പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സി.ബി.ഐ

തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്ത് സി.ബി.ഐ. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകളിലാണ് പരാമർശം. അവർ ഉന്നയിച്ച പരാതികൾ വ്യാജമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് പരാമർശിച്ച സി.ബി.ഐ, എ.ഐ.സി.സി ജന.സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ വ്യാജ തെളിവുണ്ടാക്കാൻ ശ്രമിച്ചെന്നും സൂചിപ്പിക്കുന്നു.

കേസ് കൊടുക്കാതിരിക്കാൻ വേണുഗോപാൽ അരലക്ഷം രൂപ നൽകിയെന്നായിരുന്നു ആരോപണം. പരാതിക്കാരിയുടെ മുൻ മാനേജറുടെ കൈയിൽനിന്ന് അരലക്ഷം രൂപ കണ്ടെത്തുകയും ചെയ്തു. വേണുഗോപാലിന്‍റെ സെക്രട്ടറി തന്ന പണമാണെന്നാണ് അവർ പറഞ്ഞത്. എന്നാൽ, ഈ പണം പരാതിക്കാരിയുടേത് തന്നെയാണെന്ന് കണ്ടെത്തിയെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. പരാതിക്ക് ആധാരമായി അവർ സൂചിപ്പിച്ച ദിവസങ്ങളിൽ ആ സ്ഥലങ്ങളിൽ എത്തിയിരുന്നില്ലെന്നും കണ്ടെത്തി.

പരാതിക്കാരിയെ പൂർണമായും വിശ്വസിച്ച് കേസ് സി.ബി.ഐക്ക് വിട്ട സർക്കാറിനും കനത്ത തിരിച്ചടിയാകുന്ന കണ്ടെത്തലാണ് സി.ബി.ഐ നടത്തിയത്. ആദ്യം കേസന്വേഷിച്ച കേരള പൊലീസും ക്രൈംബ്രാഞ്ചും പരാതിക്കാരിയുടെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ചിരുന്നു. അതിനാലാണ് പീഡന പരാതികളിൽ അന്വേഷണം ഇഴഞ്ഞത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മൊഴി ഉൾപ്പെടെ രേഖപ്പെടുത്തിയതല്ലാതെ കാര്യമായ പുരോഗതിയൊന്നും അന്വേഷണത്തിൽ ഉണ്ടായില്ല.

മൊഴി നൽകാതെയും തെളിവ് നൽകാതെയും പരാതിക്കാരിയും ഒഴിഞ്ഞുമാറി. ഒടുവിൽ മൂന്ന് വർഷത്തിനിടെ രഹസ്യമൊഴികളെടുത്ത് അന്വേഷണം നടത്തി. എന്നാൽ, തെളിവുകളില്ലെന്ന നിഗമനത്തിലായിരുന്നു അന്വേഷണസംഘം. പക്ഷേ, ഈ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ അനുമതി നൽകിയില്ല. സി.ബി.ഐക്ക് വിട്ട റിപ്പോർട്ടിലും ഉമ്മൻ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞിരുന്നു. 

Tags:    
News Summary - Solar assualt case:CBI questioned the credibility of the complainant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.