സോളാര്‍ കേസ് വിധി: നിരപാരാധിത്വം തെളിയിക്കാന്‍ നിയമനടപടി –ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: സോളര്‍ സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്‍െറ ഭാഗം കേള്‍ക്കാതെയാണ് ബംഗളൂരു കോടതി വിധി പ്രസ്താവിച്ചതെന്നും നിരപരാധിത്വം തെളിയിക്കാന്‍ നിയമനടപടി സ്വീകരിക്കുമെന്നും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി . നിരപരാധിയാണെന്ന് ഉറപ്പുള്ളതിനാല്‍  കേസിന്‍െറ വിശദാംശങ്ങള്‍ പരിശോധിക്കുന്നതില്‍ വീഴ്ചയുണ്ടായെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യക്തിപരമായ ആവശ്യത്തിന് ദുബൈയില്‍ ആയിരുന്നതിനാലാണ് നേരിട്ടുള്ള പ്രതികരണം വൈകിയതെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.

പരാതിക്കാരനായ കുരുവിളയുടെ മുന്‍ പരാതികളിലും എഫ്.ഐ.ആറിലും തന്‍െറ പേരില്‍ ചിലര്‍ കബളിപ്പിച്ചുവെന്നല്ലാതെ തനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. താന്‍ പണം ആവശ്യപ്പെട്ടെന്നോ വാങ്ങിയെന്നോ പറയുന്നില്ല. ആദ്യതവണ സമന്‍സ് അയച്ചിരുന്നതായി കോടതി പറയുന്നുണ്ടെങ്കിലും അതു കിട്ടിയിട്ടില്ല. രണ്ടാമത്തെ സമന്‍സ് ഏപ്രില്‍ 24ന് ലഭിക്കുകയും തൊട്ടുത്തദിവസം അഭിഭാഷകന്‍ കോടതിയില്‍ ഹാജരാകുകയും ചെയ്തിരുന്നു. ജൂണ്‍ 30ന് കേസ് പരിഗണനക്ക് വന്നപ്പോള്‍ സമയം ചോദിച്ചെങ്കിലും അനുവദിച്ചില്ല. മറ്റു പ്രതികള്‍ സമന്‍സ് കൈപ്പറ്റാത്തതിന്‍െറ പേരില്‍ എല്ലാ പ്രതികളെയും എക്സ്പാര്‍ട്ടിയാക്കി വിധി പറയുകയായിരുന്നു.

മുഖ്യമന്ത്രിയായിരുന്ന കാലത്ത് കുരുവിള പരാതി നല്‍കിയപ്പോള്‍തന്നെ അന്വേഷണത്തിന് ഡി.ജി.പിക്ക് നിര്‍ദേശം നല്‍കിയിരുന്നു. പ്രതികളുമായി കുരുവിളയ്ക്ക് അതിനു മുമ്പും സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നതായി കണ്ടത്തെിയിട്ടുണ്ട്. സോളാര്‍പാനലിന് സാങ്കേതിക വിദ്യയും സബ്സിഡിയും വാഗ്ദാനം ചെയ്ത് പണം കൈക്കലാക്കിയെന്ന  പരാതിയില്‍ അഞ്ചാംപ്രതി ഉമ്മന്‍ ചാണ്ടി അടക്കം ആറു പ്രതികളും ചേര്‍ന്ന് 1.6 കോടി  ആറു മാസത്തിനകം പരാതിക്കാരന് നല്‍കണമെന്നാണ് കഴിഞ്ഞയാഴ്ച ബംഗളൂരു കോടതി വിധിച്ചത്.

2016 ഏപ്രില്‍ 24ന് സമന്‍സ് ലഭിച്ചിട്ടും ഏപ്രില്‍ 29ന് നല്‍കിയ നിയമസഭാ തെരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക നല്‍കിയപ്പോള്‍ അക്കാര്യം എന്തുകൊണ്ട്  മറച്ചുവെച്ചെന്ന ചോദ്യത്തിന് സിവില്‍ കേസായതിനാലാണെന്ന് പറഞ്ഞ് ഉമ്മന്‍ ചാണ്ടി ഒഴിഞ്ഞുമാറി. തനിക്കെതിരെ കേസുണ്ടെന്ന് തെളിയിക്കാന്‍ വി.എസ്. അച്യുതാനന്ദനെ വെല്ലുവിളിച്ചിരുന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അതു വേറെ വിഷയത്തിലായിരുന്നെന്നായിരുന്നു പ്രതികരണം.

Tags:    
News Summary - solar case oommen chandy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.