കയ്പമംഗലം: സ്കൂൾ തുറന്നതോടെ ചാമക്കാലയിൽ നിന്നും മൂന്നാം ക്ലാസ്സുകാരൻ കൂരിക്കുഴി ഗവ.എൽ.പി സ്കൂളിലെത്തുന്നത് കുതിരപ്പുറത്ത്. ആദ്യമൊക്കെ നാട്ടുകാർക്ക് കൗതുകമായിരുന്നു. പിന്നീടാണറിയുന്നത് കുതിരക്ക് പിന്നിലെ പ്രതിഷേധത്തിന്‍റെ കഥ.
ചാമക്കാല സ്വദേശി വെലിപറമ്പിൽ അക്ബറിന്‍റെ കുതിരപ്പുറത്ത് മകൻ മുഹമ്മദ് മുസ്തഫയാണ് സ്കൂളിലേക്ക് വരുന്നത്. ഇന്ധന വില വർധിച്ചതോടെ ഇഷ്ട വാഹനമായ ബുള്ളറ്റ് മാറ്റിയാണ് ഇദ്ദേഹം കുതിരയെ വാങ്ങിയത്.
ഇപ്പോൾ ജോലി സ്ഥലത്തേക്ക് പോകുന്നതും മകൻ സ്കൂളിൽ പോകുന്നതും കുതിരപ്പുറത്താണ്. മൂന്ന് മാസം മുമ്പാണ് ബുള്ളറ്റ് വിറ്റ് അക്ബർ കുതിരയെ വാങ്ങിയത്. പാലക്കാട്ടുള്ള സുഹൃത്തിൽ നിന്നും 1,20,000 രൂപ വിലയുള്ള ബുള്ളറ്റ് നൽകി പകരം കുതിരയെ സ്വന്തമാക്കുകയായിരുന്നു.
അടിക്കടി ഇന്ധന വില വർധിക്കുന്നതോടെ ചെലവ് താങ്ങാനാവാതെ വന്നതോടെ മറുവഴികൾ ആലോചിച്ചാണ് കുതിരയിലേക്കെത്തിയത്. കുതിരയെ കൊണ്ടുവന്ന ശേഷം മക്കൾ മൂന്ന് പേർക്കും കുതിര സവാരി പഠിപ്പിച്ചു. 60 കി.മീ വേഗതയിൽ പ്രതിദിനം 40 കി.മീ. സഞ്ചരിക്കാൻ കുതിര ഉപകരിക്കുന്നുവെന്ന് കോൺട്രാറായ അക്ബർ പറയുന്നു.
ആറ് വയസ് പ്രായമുള്ള കുതിരക്ക് സുറുമി എന്നാണ് പേരിട്ടിരിക്കുന്നത്. ഒരു ദിവസത്തെ പരിചരണത്തിന് 150 രൂപയേ ചെലവ് വരുന്നുള്ളൂ. കുതിരക്ക് കപ്പലണ്ടി മിഠായി നൽകിയ ശേഷമാണ് എന്നും കുതിരപ്പുറത്ത് യാത്ര ആരംഭിക്കുന്നത്. മുഹമ്മദ് മുസ്തഫ സ്കൂളിലേക്ക് കുതിരപ്പുറത്ത് വരുന്നത് കാണുമ്പോൾ സഹപാഠികൾ ഉൾപ്പെടെയുള്ള കൂട്ടുകാരും, അധ്യാപകരും ഏറെ കൗതുകത്തോടെയാണ് നോക്കി നിൽക്കുന്നത്. ഇന്ധന വിലക്കെതിരെ ശ്രദ്ധേയമായ സമരമുറകൾ നടക്കേണ്ടതുണ്ടെന്നാണ് അക്ബറിന്‍റെ പക്ഷം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.