ആശ പ്രവർത്തകരുടെ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെക്രട്ടേറിയറ്റിന് മുമ്പിൽ സാമൂഹിക സാംസ്കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന പൗരസാഗരത്തിൽ പ്രതിജ്ഞ ചൊല്ലുന്നവർ (ചിത്രം- അരവിന്ദ് ലെനിൻ)
തിരുവനന്തപുരം: 63 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശമാർക്ക് ഐക്യദാർഡ്യവുമായി ‘പൗരസാഗരം’. നൂറുകണക്കിനാളുകൾ മഴ പോലും അവഗണിച്ച് സമരത്തിന് പിന്തുണയുമായി എത്തി. സാമൂഹിക, സാംസ്കാരിക പ്രമുഖർക്കൊപ്പം ആശ വർക്കർമാരുടെ കുടുംബങ്ങളും പൊതുജനങ്ങളും ചെങ്ങറ സമരസമിതിയും പൊന്തൻപുഴ സമരസമിതിയും ഉൾപ്പെടെ നിരവധിപേർ സമരപ്പന്തലിലെത്തി.
സമരത്തിന് സർക്കാർ കാരണക്കാരാവുകയാണെന്ന് കവി സച്ചിദാനന്ദൻ പറഞ്ഞു. പൗരസാഗരത്തിൽ പങ്കെടുത്ത് വിഡിയോയിലൂടെയാണ് അദ്ദേഹം അഭിപ്രായം പങ്കുവെച്ചത്. സമരം ചെയ്യുന്നത് സ്ത്രീകളാണെന്ന പരിഗണനപോലും സർക്കാർ നൽകുന്നില്ല. സർക്കാർ മറുപടികൾ നിർഭാഗ്യകരമാണ്. അവകാശംപോലും ചോദിക്കാൻ അവകാശമില്ലാത്ത അഭയാർഥികളാണോ ആശ വർക്കർമാരെന്നും അദ്ദേഹം ചോദിച്ചു.
സർക്കാറിന്റേത് കോർപറേറ്റ് സി.ഇ.ഒമാരുടെ സ്വരമാണ്. പാവപ്പെട്ട സ്ത്രീകളോട് ഡൽഹിയിൽ പോയി സമരം ചെയ്യൂ എന്നല്ല സർക്കാർ പറയേണ്ടത്. ചെറിയ വേതന വർധനയെങ്കിലും നൽകി പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ആത്മഹത്യാപരമായ നീക്കം ആകുമെന്നും സച്ചിദാനന്ദൻ പറഞ്ഞു. സാഹിത്യകാരി ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. ജനകീയ പ്രതിരോധസമിതി സംസ്ഥാന കമ്മിറ്റി അംഗം ഡോ. ഡി. സുരേന്ദ്രനാഥ് പ്രമേയം അവതരിപ്പിച്ചു. ആശമാരുടെ പ്രശ്നത്തിൽ ഭരണാധികാരികൾ ചെകിടരായാൽ ജനം പ്രതികരിക്കേണ്ടിവരുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ ജോസഫ് സി. മാത്യു പറഞ്ഞു. ജനകീയ പ്രതിരോധസമിതി സംസ്ഥാന അധ്യക്ഷൻ എം.പി. മത്തായി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
എം.എ. ബിന്ദു ആമുഖപ്രഭാഷണം നടത്തി. കെ.പി. കണ്ണൻ, ശ്രീധർ രാധാകൃഷ്ണൻ, ഫാ. റൊമാൻസ് ആന്റണി (കൊല്ലം അതിരൂപത), മാധവൻ പുറച്ചേരി, പ്രമോദ് പുഴങ്കര, രാജകൃഷ്ണൻ, ജോസഫ് എം. പുതുശ്ശേരി, ജെ. ദേവിക, ജോൺ ജോസഫ്, എസ്. മിനി, എം. സുൽഫത്ത്, ജോർജ് ജോസഫ് (ഓൾ ഇന്ത്യ സേവ് എജുക്കേഷൻ കമ്മിറ്റി), ജെയ്ൻ നാൻസി ഫ്രാൻസിസ്, ബി. ദിലീപ്, റെജീന അഷ്റഫ് (നെൽകർഷക സംരക്ഷണസമിതി) അരുൺ ബാബു, വി.കെ. സദാനന്ദൻ തുടങ്ങിയവർ പങ്കെടുത്തു.
ആശ സമരത്തിന്റെ പ്രചാരണാർഥം തൃശൂർ കേന്ദ്രമായ സംഘം നിർമിച്ച ബാഗിന്റെ ആദ്യവിൽപന ജെ. ദേവിക ജോസഫ് എം. പുതുശ്ശേരിക്ക് നൽകി നിർവഹിച്ചു. വനിത സി.പി.ഒ ഉദ്യോഗാർഥികളുടെ സമരത്തിന് പൗരസാഗരം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.