എകരൂൽ: ജില്ലയിലെ ചില സർക്കാർ ഉദ്യോഗസ്ഥർ നാടിന്റെ ശാപമാണെന്നും ഫണ്ട് നൽകിയിട്ടും ആംബുലൻസ് അനുവദിക്കുന്നതിൽ കോഴിക്കോട് ഡി.എം.ഒ ഓഫിസിലെ ചില ഉദ്യോഗസ്ഥർ കാണിച്ചത് ഗുരുതരമായ അനാസ്ഥയാണെന്നും എം.കെ. രാഘവൻ എം.പി പറഞ്ഞു. ഉണ്ണികുളം ഗ്രാമപഞ്ചായത്തിന് എം.പി ഫണ്ടിൽനിന്ന് അനുവദിച്ച ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ദുരിതത്തിലായ ജനങ്ങൾക്കുവേണ്ടി അനുവദിച്ച ആംബുലൻസിന്റെ ഫണ്ട് രണ്ടരവർഷത്തിനുശേഷമാണ് വിനിയോഗിച്ചത്.
കഴിഞ്ഞ ഒന്നരവർഷമായി കൊടുത്ത ഫണ്ട് വിനിയോഗിക്കാതെ ജനങ്ങളെ ദ്രോഹിക്കുന്ന ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്നും എം.പി കൂട്ടിച്ചേർത്തു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇന്ദിര ഏറാടിയിൽ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. രജനി റിപ്പോർട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ഇ.ടി. ബിനോയ്, കെ.കെ. നാസർ, എൻ.കെ. ബാബു, വി.വി. രാജൻ, കെ. ഉസ്മാൻ, ടി. മുഹമ്മദ് വള്ളിയോത്ത്, വാർഡ് മെംബർമാർ, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.കെ. നിജിൽ രാജ് സ്വാഗതവും കെ.കെ. ലത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.