ചിലർ ലിപ്സ്റ്റിക് തേച്ചിട്ടാണ് നടക്കുന്നത്, റിസർവേഷനിൽ വരുന്ന പലരുടെയും സ്വഭാവം ഇതുതന്നെ -അധിക്ഷേപവുമായി പി.വി. അൻവർ

മലപ്പുറം: വാർത്താ സമ്മേളനത്തിൽ ചേലക്കര യു.ഡി.എഫ് സ്ഥാനാർത്ഥി രമ്യ ഹരിദാസിനെതിരെ പേര് പറയാതെ അധിക്ഷേപ പരാമർശവുമായി പി.വി. അൻവർ. ചേലക്കരയിൽ കൊണ്ടുപോയി നിർത്തിയ സ്ഥാനാർഥിയെക്കുറിച്ച് ഞാൻ പറയണോ എന്ന ചോദ്യവുമായി തുടങ്ങിയ അൻവർ, അവരുടെ കമ്യൂണിറ്റിയുടെ പേര് പറയുന്നത് പോലും അവർക്കിഷ്ടമല്ലെന്നും ലിപ്സ്റ്റിക് തേച്ചിട്ടാണ് നടക്കുന്നതെന്നും അധിക്ഷേപിച്ചു.

പി.വി. അൻവറിന്‍റെ വാക്കുകൾ:
ചേലക്കരയിൽ കൊണ്ടുപോയി നിർത്തിയ സ്ഥാനാർഥിയെക്കുറിച്ച് ഞാൻ പറയണോ? അവരുടെ കമ്യൂണിറ്റിയുടെ പേര് പറയുന്നത് പോലും അവർക്കിഷ്ടമല്ല. ഈ കമ്യൂണിറ്റിയിൽനിന്ന് വന്ന പല നേതാക്കന്മാരെയും ഇങ്ങനെ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് ജയിച്ച് എം.എൽ.എയും എം.പിയുമൊക്കെയായ കമ്യൂണിറ്റിയുടെ റിസർവേഷനിൽ വരുന്ന ഒരുവിധം ആളുകളുടെയും സ്വഭാവം ഇതുതന്നെയാണ്. ചിലരൊക്കെ ലിപ്സ്റ്റിക് തേച്ചിട്ടാണ് നടക്കുന്നത്. ചുണ്ടൊക്കെ ചോപ്പിച്ചിട്ട്. കാരണം, ഒരുനിലക്കും കാഴ്ചയിൽ അങ്ങനെ ഒരു ഫീലിങ് ഉണ്ടാകരുത് എന്ന് കരുതിയിട്ട്. ലിപ്സ്റ്റിക് തേച്ച് നടക്കുന്ന നേതാക്കന്മാർ ഇവിടുണ്ട്. ഈ പാവപ്പെട്ട കമ്യൂണിറ്റിയുടെ വോട്ടും വാങ്ങി അധികാരത്തിന്‍റെ വക്കിൽ എത്തിയാൽ സ്വഭാവം തന്നെ മാറുകയാണ്. പിന്നെ മേക്കപ്പ് സാധനങ്ങളൊക്കെ കാറിന്‍റെ പോക്കറ്റിലാണ്. പൊതുസ്ഥലത്ത് എത്തുമ്പോൾ മിനുക്കി സുന്ദരക്കുട്ടപ്പനായി ഇറങ്ങുകയാണ്. ഇതാണ് ഈ കമ്യൂണിറ്റിയിലെ ആൾക്കാരുടെ സ്വഭാവം.

വിഡ്ഢികളുടെ ലോകത്താണോ വി.ഡി. സതീശൻ? -പി.വി. അൻവർ

മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി പി.വി. അൻവർ. വിഡ്ഢികളുടെ ലോകത്താണോ വി.ഡി. സതീശനെന്ന് ചോദിച്ച അൻവർ, പ്രകോപിപ്പിക്കാനാണ് സതീശന്‍റെ ശ്രമമെന്നും കോണ്‍ഗ്രസ് തീരുമാനം പറയേണ്ടത് കെ.പി.സി.സി പ്രസിഡന്‍റാണെന്നും പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ചിലരുടെ മാത്രമം തീരുമാനം ആണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പരാജയപ്പെടുമെന്ന് ഇപ്പോള്‍ കോണ്‍ഗ്രസിന് മനസിലായെന്നും അൻവർ കുറ്റപ്പെടുത്തി.

Tags:    
News Summary - Some political leaders walk around with lipstick on says PV Anvar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.