പാലക്കാട്: പുതുപ്പരിയാരത്ത് വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയ കേസിൽ മകൻ സനൽ പൊലീസ് പിടിയിലായി. മൈസൂരുവിൽൽ ഒളിവിൽ പോയ പ്രതിയെ സഹോദരൻ പാലക്കാട്ടേക്ക് വിളിച്ചുവരുത്തുകയായിരുന്നു. പുതുപ്പെരിയാരത്തെ വീട്ടിലെത്തിയ പ്രതിയെ നാട്ടുകാരുടെ സഹായത്തോടെയാണ് പൊലീസിലേൽപ്പിച്ചത്.
ഓട്ടൂർക്കാട് മയൂരത്തിൽ ചന്ദ്രനും ഭാര്യ ദേവിയുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രിയാണ് സംഭവം. തൊട്ടടുത്ത പ്രദേശമായ ഉമ്മിനിയിൽ ആളൊഴിഞ്ഞ വീട്ടിൽ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയതിനാൽ പുലി നാട്ടിലിറങ്ങാനുള്ള സാഹചര്യം കണക്കിലെടുത്ത് ആരും തിങ്കളാഴ്ച അതിരാവിലെ പുറത്തിറങ്ങിയിരുന്നില്ല.
കഴിഞ്ഞയാഴ്ചയാണ് എറണാകുളത്തെ മകളുടെ വീട്ടിൽനിന്ന് ദേവി തിരിച്ചെത്തിയതെന്ന് അയൽവാസികൾ പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് വീടിന് സമീപം വീണ് നട്ടെല്ലിന് പരിക്കേറ്റ ചന്ദ്രൻ ചികിത്സയിലായിരുന്നു. ബന്ധുവിന്റെ നേതൃത്വത്തിൽ വീട്ടിൽ പെയിന്റിങ് ജോലികൾ നടക്കുന്നുണ്ടായിരുന്നു. മകൾ സൗമിനി എറണാകുളത്തെ ഭർതൃഗൃഹത്തിലാണ് താമസം.
പിടിയിലായ സുനിൽ എറണാകുളത്ത് സി.സി.ടി.വി ടെക്നീഷ്യനായി ജോലി ചെയ്യുകയാണ്. തിങ്കളാഴ്ച രാവിലെ ഏഴരയോടെ മകൾ മാതാപിതാക്കളെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ കിട്ടിയിരുന്നില്ല. തുടർന്ന് അയൽവാസിയെ വിളിക്കുകയായിരുന്നു. ഇവർ നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
ഗേറ്റിലെ ലൈറ്റുകൾ രാവിലെ എട്ടരക്ക് ഓഫ് ചെയ്യുന്ന ദേവി ഉറങ്ങിപ്പോയിരിക്കാമെന്നാണ് നാട്ടുകാർ കരുതിയിരുന്നത്. തൊട്ടുമുന്നിലും ഇരുവശത്തും വീടുകളുണ്ടായിട്ടും ശബ്ദമില്ലാതെ ഈ ക്രൂരകൃത്യം നടന്നതെങ്ങനെയെന്ന സംശയം നാട്ടുകാർ പങ്കുവെക്കുന്നു. വീടിന്റെ പിൻവാതിൽ തുറന്നിട്ട നിലയിലായിരുന്നു.
നാട്ടിൽ ജനകീയ പ്രശ്നങ്ങളിൽ പലതിലും സജീവമായി ഇടപെടുന്നയാളായിരുന്നു ചന്ദ്രേട്ടൻ എന്നറിയപ്പെട്ട ചന്ദ്രൻ. തപാൽ വകുപ്പിൽനിന്ന് വിരമിച്ച ഇദ്ദേഹവും കുടുംബവും 15 വർഷമായി ഇവിടെയാണ് താമസം.
മുംബൈയിലെ ജ്വല്ലറിയിൽ ജോലി ചെയ്തു വരുകയായിരുന്ന മകൻ സനൽ കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് നാട്ടിലെത്തിയത്. യാത്രക്ക് ശേഷം ശനിയാഴ്ചയോടെ തിരിച്ചെത്തിയ സനൽ ജലദോഷമാണെന്ന് പറഞ്ഞ് മുറിയടച്ചിരിക്കുകയായിരുന്നുവെന്ന് പെയിന്റിങ് ജോലിക്കെത്തിയ ബന്ധു പറയുന്നു. ചന്ദ്രന്റെ മൃതദേഹം കിടപ്പുമുറിയിലെ കട്ടിലിലും ദേവിയുടേത് സ്വീകരണമുറിയിലുമാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹത്തിൽ 33 വെട്ടുകളും ചന്ദ്രന്റെ മൃതദേഹത്തിൽ 26 വെട്ടുകളും ഇൻക്വസ്റ്റിൽ കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.