ചെങ്ങന്നൂർ: എണ്ണയ്ക്കാട് പെരിങ്ങിലിപ്പുറം അരിയന്നൂർ കോളനിയിൽ മദ്യപിച്ചെത്തിയ മകനുമായുണ്ടായ തർക്കത്തിനിടെ കുത്തേറ്റ് പിതാവ് മരിച്ചു. ബുധനൂർ ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡിൽ ശ്യാമളാലയത്തിൽ തങ്കരാജാണ് (65) കൊല്ലപ്പെട്ടത്. മകൻ സജീവിനെ (36) മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഒമ്പതിനാണ് സംഭവം.
മദ്യപിച്ചെത്തുന്ന സജീവ് പിതാവുമായി വാക്കേറ്റമുണ്ടാവുക പതിവായിരുന്നു. ഞായറാഴ്ചയും വാക്കേറ്റമുണ്ടാവുകയും തുടർന്ന് തങ്കരാജിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന സ്ക്രൂഡ്രൈവർ ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയുമായിരുന്നു. സ്ഥിരമായി വഴക്കുണ്ടാക്കാറുള്ളതിനാൽ സംഭവം അയൽവാസികൾ ശ്രദ്ധിച്ചിരുന്നില്ല. ഒമ്പതരയോടെ അയൽവാസികളുടെ ശ്രദ്ധയിൽപെടുമ്പോൾ തങ്കരാജ് കുത്തേറ്റ് രക്തം വാർന്ന് കിടക്കുകയായിരുന്നു.
പഞ്ചായത്ത് അംഗം സുരേഷ് വിവരമറിയിച്ചതനുസരിച്ച് മാന്നാർ പൊലീസ് സ്ഥലത്തെത്തി. തങ്കരാജിനെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സൈക്കിൾ റിപ്പയറിങ് തൊഴിലാളിയാണ്. സജീവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അവിവാഹിതനായ ഇയാൾ വീട്ടിൽ മൊബൈൽ ഫോൺ റിപ്പയറിങ്, ഇലക്ട്രിക്കൽ ജോലികൾ ചെയ്തു വരുന്നയാളാണ്.
ഹൃദയത്തിനേറ്റ കുത്താണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു. വണ്ടാനം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം നാലരയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഭാര്യ: ശ്യാമള. മകൾ: സരിത. മരുമകൻ: ശെൽവരാജ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.