കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ ക്യുറേറ്റിവ് പെറ്റിഷനിലൂടെ സൗമ്യ കേസിനോടു നീതി പുലർത്തണമെന്ന് സാമൂഹിക പ്രവര്‍ത്തക പി. ഗീത. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് അവർ ഇക്കാര്യം ആവശ്യപ്പെട്ടത്. സുപ്രീംകോടതിയുടെ തെറ്റിദ്ധാരണ മാറ്റുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുമായി അവസരത്തിനൊത്തുയർന്ന് മുഖ്യമന്ത്രി കേസിൽ ഇടപെടണം. കേരളത്തിലെ ആദ്യത്തെ നിർഭയാ കോടതി ഇങ്ങനെ ദയനീയമായി പരാജയപ്പെടാതിരിക്കാൻ കേരള മുഖ്യമന്ത്രി ഇടപെടേണ്ടതുണ്ടെന്നും ഗീത ചൂണ്ടിക്കാട്ടി.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപംബഹുമാനപ്പെട്ട കേരളാ മുഖ്യമന്ത്രി ക്യുറേറ്റിവ് പെറ്റിഷനിലൂടെ സൗമ്യാക്കേസിനോടു നീതി പുലർത്തണം
കേരളീയ പൊതുബോധത്തെയും സ്ത്രീ സുരക്ഷയെയും ആഴത്തിൽ മുറിവേല്പിച്ചു കൊണ്ടാണ് 2011 ൽ സൗമ്യ കൊല്ലപ്പെട്ടത്. ദെൽഹിയിലെ നിർഭയാ സംഭവത്തിനു മുമ്പു നടന്ന ഈ അക്രമണം കേരളത്തിലെ സ്ത്രീകളുടെ സാമൂഹിക സുരക്ഷക്കു ഭീഷണിയായി എന്നു മാത്രമല്ല, അത് സ്ത്രീകളുടെ വൈകാരിക സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്തു. അതു കൊണ്ടു തന്നെ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളം ഇതിനോടു പ്രതികരിച്ചു.
അസംഘടിതമേഖലയിലെ ഒരു തൊഴിലാളി സ്ത്രീ ആയിരുന്നു സൗമ്യ. അവൾ ഒരു പൊതു വാഹനത്തിൽ ( തീവണ്ടി) ജോലിസ്ഥലത്തു നിന്ന് വീട്ടിലേക്കു മടങ്ങുകയായിരുന്നു. അവളുടെ വീട്ടിൽ നിന്നും ഏതാനും കിലോമീറ്ററുകൾ മാത്രം അകലെയുള്ള വള്ളത്തോൾ നഗറിൽ വെച്ച് നൂറു കണക്കിന് ആൾക്കാർ സഞ്ചരിക്കുന്ന ഒരു പൊതു വാഹനത്തിൽ വെച്ച് നിസ്സഹായയും ഒറ്റപ്പെട്ടവളുമായ ആ പാവപ്പെട്ട പെൺകുട്ടി ഏകപക്ഷീയമായി ആക്രമിക്കപ്പെടുകയായിരുന്നു. കേരളത്തിന്റെ പൊതു മന:സാക്ഷി അവൾക്കൊപ്പമായിരുന്നു.
ഞാൻ മനസിലാക്കുന്നത് കേരളത്തിന്റെ ആ നിലക്കുള്ള മകളായി ഇന്നത്തെ മുഖ്യമന്ത്രിയും സൗമ്യയെ ഏറ്റെടുത്തിരുന്നു എന്നു തന്നെയാണ്. ആ നിലക്ക് കൂടി കേരളത്തിലെ പാവപ്പെട്ട അസംഖ്യം പെൺമക്കൾക്കു വേണ്ടി അദ്ദേഹം നിർവഹിക്കേണ്ട ദൗത്യമാണ് അത് എന്നു ഞാൻ വിശ്വസിക്കുന്നു.
സൗമ്യയുടെ കൊലപാതകം ബഹു. സുപ്രീം കോടതിക്ക് ബോധ്യപ്പെടുക തന്നെ ഉണ്ടായില്ല. അപ്പോൾ സൗമ്യയുടേത് ഒരു ബലാത്സംഗക്കേസു മാത്രമായിരുന്നുവോ? നിലവിൽ സൗമ്യയുടെ മരണം സംബന്ധിച്ചു പുറത്തു വന്ന വാർത്തകൾ വ്യക്തമാക്കുന്നത് അവളുടേത് ഒരു കൊലപാതകക്കേസു തന്നെ ആയിരുന്നു എന്നതാണ്.എറണാകുളം- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ ഒറ്റക്കു യാത്ര ചെയ്യവേ അവൾ ഏപക്ഷീയമായ ഒരു കൈയേറ്റത്തിനിരയായി.ആ ക്രൂരനായ ബലാത്സംഗി അവളെ നിശബ്ദയും നിശ്ചലയും ആക്കിയെന്നും തത്ഫലമായി അവൾക്ക് സ്വാഭാവിക പ്രതികരണങ്ങൾ അസാധ്യമായി എന്നും ബഹു .കോടതി നിരീക്ഷിച്ചു. പക്ഷേ അവൾ കൊല ചെയ്യപ്പെട്ടതാണെന്നതിന് തെളിവ് ഇല്ലെന്നും കോടതി.
അബോധാവസ്ഥയിലായ സൗമ്യ എവിടെ വീഴണമെന്നു നിശ്ചയിച്ചത് ആരായിരിക്കും? ആ ബോഗിയിൽ സാമ്യയും പ്രതിയും മാത്രമായിരിക്കെ അതിൽ അവൾക്ക് ബോധം നശിച്ച് ഇളകാൻ തന്നെ പറ്റാതിരിക്കുമ്പോൾ? അവൾ വീഴണമെന്ന് അയാൾ നിശ്ചയിച്ച സ്ഥലത്തു മാത്രമേ അവൾ തള്ളിയിടപ്പെടുകയുള്ളൂ എന്നു മനസിലാക്കാൻ സാമാന്യയുക്തി മതിയാകുമല്ലോ. ആദ്യഘട്ടത്തിൽ പ്രതിയുടെ നേരിട്ടുള്ള ആക്രമണത്താലും രണ്ടാം ഘട്ടത്തിൽ പാളത്തിലേക്കു തള്ളിയിടപ്പെട്ടപ്പോഴും സൗമ്യക്കേറ്റ പരിക്കുകൾ മാരകമായിരിക്കും. തുടർന്ന് മറു വശത്തെ വാതിലിലൂടെ പ്രതി ഇരുന്ന് ഇറങ്ങിപ്പോകുന്നു. അയാൾ പിന്നോക്കം നടക്കുന്നു. വണ്ടി പോയ ട്രാക്കിൽ നിന്ന് രണ്ടു ടാക്കുകൾ കഴിഞ്ഞ് അത്ര പെട്ടെന്നു കണ്ടെത്താൻ പറ്റാത്ത ഒരിടത്തു നിന്നാണ് സൗമ്യയുടെ നഗ്നമായ ശരീരം ഒന്നര മണിക്കൂറിനു ശേഷം കണ്ടു കിട്ടുന്നത് . യാത്ര ചെയ്യുമ്പോഴും വീഴ്ത്തപ്പെടുമ്പോഴും ഉണ്ടായിരുന്ന വസ്ത്രം അഴിച്ചു മാറ്റിയത് പ്രതി. അദ്ദേഹം രണ്ടു ട്രാക്കിനപ്പുറത്തേക്ക് അവളെ മലർത്തിയിട്ട് ബലാൽ ഭോഗിക്കുന്നതോടെ മരണകാരണമായ പരിക്കുകളുടെ മൂന്നാം ഘട്ടവുമായി .
സൗമ്യയുടെ സഹയാത്രികരെക്കുറിച്ചു കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. ടോമി ദേവസ്യ ( 4-ാം സാക്ഷി ), ഷുക്കൂർ (40-ാം സാക്ഷി ) എന്നിവർ സൗമ്യയുടെ കരച്ചിൽ കേട്ടവരും ഗോവിന്ദ സ്വാമി ലക്ഷ്മീ ...ലക്ഷ്മീ ... എന്നു വിളിച്ചു വന്നപ്പോൾ അയാളെ നേരിട്ടു കണ്ടവരുമാണ്. അപ്പുറത്തെ ബോഗിയിൽ നിന്നുള്ള അലറിക്കരച്ചിൽ പെട്ടെന്നു നിലച്ചപ്പോൾ ചങ്ങല വലിക്കാൻ ഇവർ തുനിഞ്ഞെങ്കിലും വാതിൽ മറഞ്ഞു നിന്ന ഒരു "അപരിചിതൻ " ആ പെണ്ണു ചാടിയെന്നും പിന്നീട് അതെഴുന്നേറ്റു പോയെന്നും ദേവസ്യയെയും ഷുക്കൂറിനെയും വിലക്കുന്നു. അതിലധികമായി അയാൾ പറയുന്നത് ചങ്ങല വലിച്ചാൽ നാളെ നമ്മളൊക്കെ കോടതി കയറേണ്ടി വരുമെന്നുമായിരുന്നു. അതായത് കോടതി കയറാൻ മാത്രമുള്ള ഒരു ക്രൈം അവിടെ നടന്നിട്ടുണ്ട് എന്നു ബോധ്യമുള്ള ആളായിരുന്നു പിന്നീട് കാണുകയേ ചെയ്യാത്ത ഈ അപരിചിതൻ. തമിഴൻ - ഭാര്യ ലക്ഷ്മി കലഹപ്രതീതി ഉണ്ടാകുന്നതിൽ ഇയാളുടെ പങ്കെന്തായിരുന്നു? എന്തിനാണ് ഇയാൾ വാതിൽ മറഞ്ഞു നിന്ന് കാഴ്ച മറച്ചത്? കോടതി കയറുക എന്ന ഭീഷണി ഉയർത്തി ചങ്ങല വലിക്കാതിരിക്കാൻ ഇയാൾ കാണിച്ച ജാഗ്രത ഒരു മധ്യവർഗ സ്വാർഥതയുടെ മാത്രം പ്രതിഫലനമായിരുന്നുവോ? ഷൊർണൂരിൽ ഇറങ്ങിയ ശേഷം ഇയാളെ ആരും കണ്ടില്ല. പിന്നീട് ഒരിക്കലും കണ്ടില്ല. രേഖാചിത്രങ്ങളിൽ ഇയാളുടെ രൂപം തെളിഞ്ഞില്ല. യഥാർഥത്തിൽ ആരായിരുന്നു ഇയാൾ? എന്തായിരുന്നു ഇയാളുടെ ദൗത്യം? ഇന്നും അജ്ഞാതനായി തുടരുന്ന അയാൾ ഇപ്പോൾ എവിടെയായിരിക്കും? ഈ അദൃശ്യതയും അഗമ്യതയും ഒട്ടും സ്വാഭാവികമല്ല.
സാക്ഷികൾ ഷൊർണർ റെയിൽവേ സ്റ്റേഷനിൽ അറിയിച്ച ഈ കരച്ചിൽ വിവരമാണ് സൗമ്യാക്കേസായി വികസിച്ചത്. ഇവർ മൊഴി മാറ്റിയില്ല. പിന്നെന്തിന് ഇവരെ കൂറുമാറിയവരായി പ്രഖ്യാപിക്കണമെന്ന് ചില അഭിഭാഷകർ ചാനലുകളിൽ വാദിക്കുന്നുവെന്നത് വ്യക്തമല്ല. അവരെ കാത്തിരിക്കുന്ന സർക്കാർപ്രോസിക്യൂട്ടർ പദവികൾക്കപ്പുറമുള്ള എന്തെങ്കിലും ന്യായീകരണം ഈ വാദത്തിൽ ഉണ്ടായിരിക്കുമോ?എങ്കിൽ അതെന്തായിരിക്കും?സൗമ്യയുടെ മരണം ശ്വാസം മുട്ടിയാണെന്നു കേൾക്കുന്നു . എന്നാൽ ഒരാളെ ശ്വാസം മുട്ടിച്ചു കൊല്ലാൻ മെഡിക്കൽ / പാരാമെഡിക്കൽ സ്റ്റാഫ് ട്രെയിനിങ് കഴിഞ്ഞിരിക്കണമെന്ന നിരീക്ഷണത്തിന്റെ യുക്തി എന്താണ്? ഇന്നോളം സ്ത്രീകളെയും കുട്ടികളെയും മറ്റു നിസ്സഹായരെയും ശ്വാസം മുട്ടിച്ചു കൊന്നവരൊക്കെ ഈ കോഴ്സുകഴിഞ്ഞവരായിരുന്നുവോ? അപ്പോൾ ഇതുവരെ സംഭവിച്ച മുങ്ങിമരണം തൂങ്ങിമരണം കഴുത്തുഞെരിക്കൽ എന്നിവയൊക്കെ സംഭവിച്ചത് ഈ വിദഗ്ധ പരിശീലകരുടെ സഹായം കൊണ്ടായിരുന്നുവോ? അഥവാ മെഡിക്കൽ/ പാരാമെഡിക്കൽ ട്രെയിനിങ് കഴിയാത്തവർ ശ്വാസം മുട്ടിച്ചു കൊന്നാൽ ഇനിമേൽ അത് കൊലപാതകത്തിനു തെളിവില്ലാത്തതിനാൽ കൊലപാതകം അല്ലാതിരിക്കുമോ? പ്രസ്തുത പരിശീലനം കിട്ടിയവരിൽ മാത്രം ചുമത്തപ്പെടാവുന്ന കുറ്റമായി ശ്വാസം മുട്ടിച്ചുള്ള കൊലപാതകം മാറുമോ? പിന്നെ ആയുധമുണ്ടായിരുന്നോ എന്ന ടെക്നിക്കൽ ചോദ്യം. ഓടുന്ന തീവണ്ടിയും ആക്രമണ സജ്ജമായ ഒരു ക്രൂര മനസിന്റെ സാന്നിധ്യം കൊണ്ട് കരുത്തു ശത ഗുണീഭവിച്ച പുരുഷശരീരവും തന്നെയായിരുന്നു ഇവിടെ ആയുധങ്ങൾ .ഇന്ത്യൻ ശിക്ഷാ നിയമത്തിന്റെ ആണിക്കല്ലിളക്കുന്ന ഇത്തരം വാദങ്ങൾ ആർക്കു വേണ്ടിയാണു നിരത്തപ്പെട്ടത്?
വധശിക്ഷയെക്കുറിച്ചുള്ള ന്യായാന്യായങ്ങൾ തല്ക്കാലം മാറ്റിവെച്ചാൽ മാത്രമേ ഗോവിന്ദ സ്വാമി സൗമ്യയോടു പ്രവർത്തിച്ച അത്യാചാരം വ്യക്തമാവുകയുള്ളു എന്നാണ് എനിക്കു തോന്നുന്നത്. മദ്യശാലകളിൽ ആഘോഷിക്കപ്പെടുന്ന ഈ പെൺകുട്ടിയുടെയും സ്ത്രീ സമൂഹത്തിന്റെയും പരാജയം സർക്കാരിനെ കണ്ണു തുറപ്പിച്ചിരുന്നെങ്കിൽ!
എല്ലാം അവസാനിച്ചുവെന്നത് പ്രതിക്കനുകൂലമായ നിലപാടു പ്രചരണമാണ്. ഇനിയുമുണ്ട് മുഖ്യമന്ത്രിയുടെ മുമ്പിൽ സാധ്യതകൾ --ക്യുറേറ്റിവ് പെറ്റിഷൻ നല്കുക. അതോടൊപ്പം ജെണ്ടർ സെൻസിറ്റിവ് ആയ ചീഫ് ജസ്റ്റിസുമാരെ നിർദേശിക്കുക.അതിൽ രണ്ടു പേരെങ്കിലും മറ്റു സ്വാർഥ താല്പര്യങ്ങൾ ഇല്ലാത്ത വനിതാ ജഡ്ജുമാരാവുക. ബഹു സുപ്രീം കോടതിയുടെ തെറ്റിദ്ധാരണ മാറ്റുകയും സ്ത്രീ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന മട്ടിൽ അവസരത്തിനൊത്തുയർന്ന് കേരള മുഖ്യമന്ത്രി സൗമ്യാക്കേസ്സിൽ ഇടപെടണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. അത് സ്ത്രീ നീതിയുടെ മാത്രം ഭാഗമല്ല, സാമൂഹ്യനീതിക്കും മനുഷ്യാവകാശ സംരക്ഷണത്തിനും ഇന്ത്യൻ പൗരിയുടെ മൗലികാവകാശത്തിനും വേണ്ടിയുള്ള സർക്കാർ നിലപാടാണ്. കേരളത്തിലെ ആദ്യത്തെ നിർഭയാ കോടതി ഇങ്ങനെ ദയനീയമായി പരാജയപ്പെടാതിരിക്കാൻ കേരള മുഖ്യമന്ത്രി ഇടപെടട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.