തിരുവനന്തപുരം: ജീവനക്കാർക്ക് തമിഴും മലയാളവും ഉൾപ്പെടെ പ്രാദേശിക ഭാഷ പഠിക്കൽ നിർബന്ധമാക്കി ദക്ഷിണ റെയിൽവേ. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ജീവനക്കാർ പ്രാദേശിക ഭാഷയിൽ ആശയവിനിമയം നടത്താത്തത് സംബന്ധിച്ച് പ്രശ്നങ്ങളുണ്ടായ സാഹചര്യത്തിലാണ് തീരുമാനം.
ബുക്കിങ് സ്റ്റാഫ്, ടി.ടി.ഇമാർ, ഐ.ആർ.സി.ടി.സിയുടെ കാറ്ററിങ് ജീവനക്കാർ, ലോക്കോ പൈലറ്റുമാർ തുടങ്ങിയ നല്ലൊരു വിഭാഗം ജീവനക്കാർ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ്. യാത്രക്കാരോട് മാത്രമല്ല, സഹജീവനക്കാരോടുള്ള ആശയവിനിമയത്തിലും ഭാഷയറിയാത്തത് പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് അന്വേഷണ കേന്ദ്രങ്ങൾ, ടിക്കറ്റ് ബുക്കിങ് കൗണ്ടറുകൾ, ആർ.പി.എഫ് ഉദ്യോഗസ്ഥർ, ടിക്കറ്റ് പരിശോധകർ തുടങ്ങിയ യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്നവരെ ആദ്യം തമിഴും മലയാളവും പഠിപ്പിക്കുന്നത്. പിന്നീട് മറ്റു ജീവനക്കാർക്കും.
ഓരോ ഡിവിഷന്റെയും സാഹചര്യങ്ങൾക്കനുസരിച്ച് പ്രാദേശിക ഭാഷ പഠനത്തിന് മൊഡ്യൂൾ തയാറാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം, പാലക്കാട്, സേലം, മധുര, തൃച്ചി, ചെന്നൈ ഡിവിഷനുകളിലെ ഡി.ആർ.എമ്മുമാർക്ക് ദക്ഷിണ റെയിൽവേ സർക്കുലർ അയച്ചു.
ചെന്നൈ ഡിവിഷന് കീഴിൽ ഇതിനോടകം ‘തമിഴ് പഠിപ്പിക്കലി’നുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ, കന്നട, തെലുഗ് ഭാഷകൾ സംസാരിക്കുന്ന പ്രദേശങ്ങളും ദക്ഷിണ റെയിൽവേക്ക് കീഴിലുണ്ട്.
ഇവിടങ്ങളിൽ അതത് ഭാഷകളിൽ മൊഡ്യൂൾ തയാറാക്കാനാണ് സർക്കുലറിലെ നിർദേശം. റെയിൽവേ ജീവനക്കാർ ഇംഗ്ലീഷും ഹിന്ദിയും മാത്രം ഉപയോഗിച്ചാൽ മതിയെന്ന് വ്യക്തമാക്കി 2019ൽ റെയിൽവേ ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. ഔദ്യോഗിക ആശയവിനിമയത്തിന് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കരുതെന്നും അന്ന് നിർദേശമുണ്ടായിരുന്നു.
ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളില്‍ ഹിന്ദി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നു എന്നത് വലിയ വിവാദമായ സാഹചര്യത്തിലായിരുന്നു റെയിൽവേയുടെ നീക്കം. പ്രതിഷേധം കനത്തതോടെ നോട്ടീസിൽനിന്ന് റെയിൽവേ അയഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.