കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാേങ്കായെ വെറുതെ വിട്ട കോടതി വിധി സമൂഹത്തിന് നൽകുന്നത് തെറ്റായ സന്ദേശമെന്ന് അന്വേഷണത്തിന് നേതൃത്വം കൊടുത്ത കോട്ടയം മുൻ എസ്.പി എസ് ഹരിശങ്കർ. ഒരിക്കലും അംഗീകരിക്കാൻ കഴിയാത്തതും അപ്രതീക്ഷിതവുമായ വിധിക്കെതിരെ അപ്പീൽ പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
വീണുകിട്ടിയ ഒരു കച്ചിത്തുരുമ്പിൽ പിടിച്ചു കയറാൻ ശ്രമിക്കുകയായിരുന്നു പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീ. എതിർഭാഗത്തുള്ളത് അവരുടെ ജീവൻ തന്നെ അപകടത്തിലാക്കാൻ ശേഷിയുള്ള ആളാണ്. അങ്ങിനെയൊരാൾക്കെതിരെ പരാതി പറയാൻ സാധാരണ നിലയിൽ ആർക്കുമാകില്ല. എന്നാൽ, ദീർഘകാലമെടുത്ത് സംഭരിച്ച ധൈര്യം കൊണ്ടാണ് അവർക്ക് പരാതി പറയാൻ തന്നെ കഴിഞ്ഞത്. ഇത്തരം പീഡനങ്ങൾ നിരവധി നടക്കുന്നുണ്ടാകാം. ഇരകളുടെ ജീവൻ തന്നെ പീഡകരെ ആശ്രയിച്ചു നിൽക്കുന്ന അവസ്ഥ മറ്റു പല കേന്ദ്രങ്ങളിലും ഉണ്ടാകാം. അവരൊന്നും ഇനിയൊരിക്കലും മിണ്ടരുതെന്നാണ് ഇൗ കോടതി വിധി നൽകുന്ന സന്ദേശം. അതൊരിക്കലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രോസിക്യൂഷൻ സാക്ഷികളെല്ലാം വാദത്തിൽ ഉറച്ചു നിൽക്കുകയും ആരും മൊഴിമാറ്റുകയും ചെയ്യാത്ത കേസാണിത്. വലിയ സമ്മർദങ്ങൾ അതിജീവിച്ചാണ് പലരും മൊഴി നൽകാനാത്തെിയതും സാക്ഷി പറഞ്ഞതും. എന്നിട്ടും എന്തുകൊണ്ടാണ് മറിച്ചൊരു വിധി ഉണ്ടായതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സാക്ഷികൾ ഉറച്ചു നിൽക്കുകയും പ്രതിക്കെതിരായ മൊഴികൾ ശക്തമായിരിക്കുകയും ശാസ്ത്രീയ തെളിവുകൾ മുഴുവൻ പ്രതിക്കെതിരാകുകയും പ്രതിഭാഗം സാക്ഷികൾക്ക് കാര്യമായ ഒന്നും മുന്നോട്ട് വെക്കാനില്ലാതിരിക്കുകയും ചെയ്തിട്ടും പ്രതിയെ വെറുതെ വിടുകയായിരുന്നു. ഇന്ത്യൻ നീതിന്യായ സംവിധാനത്തിലെ ഒരു അദ്ഭുതമാണ് ഫ്രാേങ്കാ കേസ് വിധിയെന്നും ഇത് അസാധാരണമാണെന്നും അദ്ദേഹം പറഞ്ഞു.
ഞെട്ടലോടെയാണ് വിധി കേട്ടതെന്നും അപ്പീൽ പോകാൻ പൊലീസ് മേധാവി അനുവാദം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്രതീക്ഷിതമായിരുന്നു വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ കെ. സുഭാഷ് പറഞ്ഞു. ഇനി മറ്റെവിടെയും പറയാനില്ലാത്ത ഒരു കന്യാസ്ത്രീയുടെ പരാതിയാണിത്. ഇതിനെ അങ്ങിനെ കാണണമായിരുന്നെന്നും സുഭാഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.