ഒരു വിഭാഗം അഭിഭാഷകര്‍ അജ്ഞതയോടെ പെരുമാറുന്നു -സ്പീക്കര്‍

തിരുവനന്തപുരം: അഭിഭാഷകരിലെ ഒരു വിഭാഗം അജ്ഞതയോടെയാണ് പെരുമാറുന്നതെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. പ്രഥമ സ്പീക്കറായിരുന്ന ആര്‍. ശങ്കരനാരായണന്‍ തമ്പിയുടെ 27ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച  അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.  കോടതികളെ  ജനാധിപത്യത്തിന്‍െറ പൂങ്കാവനമാക്കാന്‍ തങ്ങള്‍ എന്ത് ചെയ്യണമെന്ന് ആലോചിക്കാന്‍ ബാധ്യതപ്പെട്ടര്‍ പലപ്പോഴും അവിശ്വസനീയമായ രീതിയില്‍ പെരുമാറുന്നു.

മാധ്യമ പ്രവര്‍ത്തകര്‍ക്കു നേരെ ചാടിയുള്ള അഭിഭാഷകരുടെ ചവിട്ടൊന്നും ആര്‍ക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. ഏതോ പത്രപ്രവര്‍ത്തകന്‍ അപക്വമായി പെരുമാറിയതിനെ അങ്ങനെ കാണുന്നതിനുപകരം ഒരു സമൂഹത്തെ ഒന്നടങ്കം അകറ്റിനിര്‍ത്തുന്നത് അംഗീകരിക്കാനാവില്ല. ഒരു കാമറ കാണുമ്പോള്‍ മാരകമായ ശാരീരികാവസ്ഥയോടെ ചാടി അടിക്കാന്‍ പോവുന്ന വര്‍ത്തമാനകാല കാഴ്ചകള്‍ നമ്മളെ വിസ്മയിപ്പിക്കുകയാണ്. ജനാധിപത്യം ജീവിതമായി സ്വീകരിച്ച് കൊട്ടാരത്തിൽ നിന്നിറങ്ങിവന്ന വ്യക്തിയാണ് ശങ്കരനാരായണന്‍ തമ്പി. അദ്ദേഹത്തിനുശേഷം വന്ന സ്പീക്കര്‍മാരില്‍ പലരും ചൂരലുള്ള അധ്യാപകരെപ്പോലെയാണ് സഭ നിയന്ത്രിച്ചത്.

ചിലര്‍ മര്‍ക്കടമുഷ്ടിക്കാരായിരുന്നു. എം.എല്‍.എ ഹോസ്റ്റലില്‍ ഈച്ച പാറാന്‍ പാടില്ല, ലോകത്ത് എന്ത് സംഭവിച്ചാലും സഭ താന്‍ തീരുമാനിച്ച സമയത്ത് പിരിയും എന്ന നിലപാടുള്ളവരായിരുന്നു ചിലര്‍. എന്നാല്‍ വിസ്മയകരമായ കൈയടക്കത്തോടെ സഭ നിയന്ത്രിച്ച് രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കു മുന്നില്‍ സൂര്യപ്രഭയായ വ്യക്തിത്വമാണ് ശങ്കരനാരായണന്‍ തമ്പി. നിയമസഭാ മ്യൂസിയം നവീകരിക്കുന്നതിന്‍െറ ഭാഗമായി അതില്‍ ശങ്കരനാരായണന്‍ തമ്പിക്ക് അര്‍ഹമായ സ്മാരകം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.  

 

Tags:    
News Summary - speaker sreeramakrishnan react media ban in courts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.