തിരുവനന്തപുരം: കേന്ദ്രസർക്കാർ പ്രഖ്യാപിച്ച ദേശീയ വിദ്യാഭ്യാസനയം (എൻ.ഇ.പി) നടപ്പാക്കാൻ രാജ്യത്തെ സർവകലാശാലകളിൽ പ്രത്യേക 'എൻ.ഇ.പി സെൽ' ആരംഭിക്കാൻ യു.ജി.സി നിർദേശം.
എൻ.ഇ.പിയിലെ പല വ്യവസ്ഥകൾക്കുമെതിരെ കേരളം ഉൾപ്പെടെ സംസ്ഥാനങ്ങൾ എതിർപ്പറിയിച്ചത് പരിഗണിക്കാതെയാണ് സർവകലാശാലകളിൽ പ്രത്യേക സെൽ തുറക്കാൻ നിർദേശിച്ച് യു.ജി.സി ചെയർമാൻ വൈസ് ചാൻസലർമാർക്ക് കത്തയച്ചത്. പല സംസ്ഥാനങ്ങളും നയം നടപ്പാക്കുന്നതിൽ പുറംതിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിൽകൂടിയാണ് യു.ജി.സി ഇടപെടൽ. സർവകലാശാലകളിൽ ബഹുവൈജ്ഞാനിക (മൾട്ടി ഡിസിപ്ലിനറി) കോഴ്സുകൾ തുടങ്ങുന്നതിനും പുതുതായി നിയമിക്കപ്പെട്ട അധ്യാപകർക്ക് പരിശീലനം, ബിരുദ പഠനത്തിനൊപ്പം ആഗോള തൊഴിൽ മേഖലക്ക് അനുസൃതമായ പരിശീലനം, അക്കാദമിക മേഖലയെയും വ്യവസായ മേഖലയെയും ബന്ധിപ്പിക്കുന്ന പദ്ധതികൾ, സംരംഭകർക്ക് പരിശീലനവും സഹായവും ഒരുക്കാൻ ഇൻക്യുബേഷൻ സെൻറർ തുടങ്ങിയവ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സ്വന്തമായി ആംഭിക്കാമെന്ന് യു.ജി.സി ചെയർമാെൻറ കത്തിൽ പറയുന്നു.
അക്കാദമിക് ക്രെഡിറ്റ് ബാങ്ക് ആരംഭിക്കുന്നതിനും പ്രത്യേക ചട്ടങ്ങൾക്ക് രൂപം നൽകുന്നതിനുള്ള നടപടികൾ യു.ജി.സി ആരംഭിച്ചതായി കത്തിൽ പറയുന്നു. ഇടക്കുവെച്ച് പഠനം നിർത്താനും പിന്നീട് പഠനം തുടരാനും സൗകര്യമൊരുക്കുന്ന മൾട്ടിപ്പിൾ എൻട്രി- എക്സിറ്റ് രീതി സംബന്ധിച്ച് പ്രത്യേക മാർഗനിർദേശങ്ങൾ തയാറാക്കിവരുന്നുണ്ട്. അപ്രൻറീസ്ഷിപ്/ ഇേൻറൺഷിപ് എന്നിവ ബിരുദ കോഴ്സുകളുടെ ഭാഗമാക്കുന്നതിനുള്ള മാർഗരേഖ, കൽപിത സർവകലാശാലകളിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സൗകര്യത്തിന് നിയമഭേദഗതി, വിദൂര വിദ്യാഭ്യാസവും ഒാൺലൈൻ വിദ്യാഭ്യാസവും വ്യാപിപ്പിക്കുന്നതിനുള്ള നിയമം തുടങ്ങിയവ യു.ജി.സിയുടെ പരിഗണനയിലാണ്. ദേശീയ വിദ്യാഭ്യാസനയത്തിലെ വ്യവസ്ഥകൾ സംബന്ധിച്ച് പ്രഫ. പ്രഭാത് പട്നായക് അധ്യക്ഷനായ സമിതി നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിൽ ഉന്നത വിദ്യാഭ്യാസ കൗൺസിൽ സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിനെ മുൻനിർത്തിയാണ് കേരളം നയത്തിൽ നിലപാട് അറിയിച്ചത്. സ്കൂൾ വിദ്യാഭ്യാസം സംബന്ധിച്ച് എസ്.സി.ഇ.ആർ.ടി സമർപ്പിച്ച റിപ്പോർട്ടിലാണ് കേരളം നയത്തിലുള്ള യോജിപ്പും വിയോജിപ്പും അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.