ദുരന്തം നേരിടാൻ ബജറ്റിൽ പ്രത്യേക ഫണ്ട് നീക്കിവെക്കണം; അടിയന്തര പ്രമേയ ചർച്ചയിൽ കെ.കെ. രമ

തിരുവനന്തപുരം: ദുരന്തമുണ്ടാകുന്ന സാഹചര്യത്തിൽ ചെലവഴിക്കാനായി സംസ്ഥാന ബജറ്റിൽ പ്രത്യേക ഫണ്ട് നീക്കിവെക്കണമെന്ന് കെ.കെ. രമ എം.എൽ.എ. വയനാട് പുനരധിവാസം സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രമ.

ദുരിതാശ്വാസനിധിയിലേക്ക് പണപ്പിരിവ് നടത്തുന്നത് ഗുണകരമല്ല. ദുരന്തമുണ്ടാകുന്ന സാഹചര്യത്തിൽ ചെലവഴിക്കാനായി ബജറ്റിൽ പണം നീക്കിവെക്കണം. ഇതിനായി പ്രത്യേക സെസ് നടപ്പാക്കാവുന്നതാണ്. പണപ്പിരിവ് ഭരണനിർവഹണ രീതിയായി സർക്കാർ മാറ്റുന്നത് ശരിയായ രീതിയല്ലെന്നും കെ.കെ രമ വ്യക്തമാക്കി.

ചൂരൽമലയിലും മുണ്ടക്കൈയിലും സർക്കാറിന്‍റെ നേതൃത്വത്തിൽ നടത്തിയ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. വൈകാരിത മാറുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നിന്ന് പിന്തിരിയുന്ന സാഹചര്യം ഉണ്ടാകരുത്. 47 മൃതദേഹങ്ങൾ കണ്ടെത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങാനുണ്ട്. കേരള സർക്കാറിന്‍റെ പുനരുദ്ധാരണ പാക്കേജ് സമയബന്ധിതമായി നടപ്പാക്കേണ്ടതുണ്ട്. കവളപ്പാറയിലും പുത്തുമലയിലുമുണ്ടായ അലംഭാവം  ഇക്കാര്യത്തിൽ സർക്കാർ ആവർത്തിക്കരുതെന്നും കെ.കെ. രമ ചൂണ്ടിക്കാട്ടി.

വയനാട് പുനരധിവാസത്തിന് പ്രത്യേക ഫണ്ട് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണ്. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രത്യേക ഉന്നതതല സമിതി കേന്ദ്രത്തെ സമീപിക്കണം. ദുരന്തത്തെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾക്കായി പഠനങ്ങൾ അടക്കമുള്ള കാര്യങ്ങൾ നടത്തണമെന്നും കെ.കെ. രമ ആവശ്യപ്പെട്ടു. 

Tags:    
News Summary - Special funds should be earmarked in the budget to deal with disasters -K.K. Rema

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.