ക്രിസ്മസ് കാലത്ത് കേരളത്തിലേക്ക് 10 സ്‌പെഷല്‍ ട്രെയിനുകള്‍; ശബരിമല തീര്‍ഥാടകര്‍ക്കായി 416 പ്രത്യേക സർവീസുകള്‍

ന്യൂഡല്‍ഹി: ക്രിസ്മസ് -പുതുവത്സര കാലത്തെ യാത്രാ ദുരിതം പരിഹരിക്കാന്‍ കേരളത്തിലേക്ക് പത്ത് സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചു. ചെന്നൈ, മംഗളൂരു, മുംബൈ ലോകമാന്യതിലക് എന്നിവിടങ്ങളില്‍നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും രണ്ട് ട്രെയിനുകള്‍ സര്‍വീസ് നടത്തും. ശബരിമലയിലേക്ക് 416 സ്പെഷല്‍ട്രിപ്പുകളും ഉണ്ടാകുമെന്ന് റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യനെ അറിയിച്ചു

ചെന്നൈയില്‍ നിന്ന് കൊച്ചുവേളിയിലേക്ക് 23നും 30നും പ്രത്യേകം സര്‍വീസ് നടത്തും. ബംഗളൂരുവില്‍ നിന്നുള്ള സ്‌പെഷല്‍ ട്രെയിന്‍ എസ്.എം.ബി.ടി ടെര്‍മിനല്‍- തിരുവനന്തപുരം 23ന് രാത്രി 11ന് ബംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് 24ന് വൈകീട്ട് തിരുവന്തപുരത്ത് എത്തും. 24ന് വൈകീട്ട് 5.55ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടും. പിറ്റേദിവസം രാവിലെ 11.15ന് എസ്.എം.ബി.ടി ടെര്‍മിനലില്‍ എത്തും.

ഉത്സവ സീസണ്‍ പ്രമാണിച്ച് പല സോണുകളില്‍ നിന്നായി 149 സർവീസുകളും അനുവദിച്ചിട്ടുണ്ട്. യാത്രാ ദുരിതം പരിഹരിക്കാനായി കേന്ദ്രത്തിന് മുന്നില്‍ നിരവധി നിവേദനങ്ങളെത്തിയിരുന്നു. റൂട്ടുകള്‍ സംബന്ധിച്ച വിവരങ്ങൾ റെയില്‍വേ വൈകാതെ പ്രഖ്യാപിക്കും. സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ 117, സെന്‍ട്രല്‍ റെയില്‍വേ 48 , നോര്‍ത്തേണ്‍ റെയില്‍വേ 22, വെസ്‌റ്റേണ്‍ റെയില്‍വേ 56 എന്നിങ്ങനെയാണ് സ്‌പെഷല്‍ ട്രെയിനുകള്‍ അനുവദിച്ചത്.

കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ്

കൊല്ലം- എറണാകുളം മെമുവിന് പുതിയ സ്റ്റോപ് അനുവദിച്ചു. ചെറിയനാടാണ് പുതുതായി സ്റ്റോപ് അനുവദിച്ച സ്റ്റേഷന്‍. ഉത്സവ സീസണിലാണ് പുതിയ സ്റ്റോപ് അനുവദിച്ചത് എന്നത് ശ്രദ്ധേയമാണ്. നേരത്തെ മെമു സര്‍വീസ് ആറ് മാസത്തേക്ക് നീട്ടിയപ്പോള്‍ തന്നെ കൂടുതല്‍ സ്റ്റോപ്പുകള്‍ അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പാലരുവി എക്സ്പ്രസ്, വേണാട് എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലെ തിരക്ക് കണക്കിലെടുത്താണ് മെമുവിന്റെ കാലാവധി നീട്ടിയത്. 

Tags:    
News Summary - Special trains allowed for Kerala in view of Vacation and Festival Season

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.