കോട്ടയം: തന്റെ തെരഞ്ഞെടുപ്പ് തോൽവിയിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് ആരോപിച്ച്, കോട്ടയത്തെ ഇടതുമുന്നണി സ്ഥാനാർഥിയായിരുന്ന തോമസ് ചാഴികാടൻ നടത്തിയ പ്രസംഗം മാധ്യമങ്ങൾക്ക് ചോർത്തിയതിനെച്ചൊല്ലി കേരള കോൺഗ്രസ്-എമ്മിൽ പോര് രൂക്ഷം.
ഇതുസംബന്ധിച്ച പരാതി പൊലീസിൽ എത്തിയതോടെ പാർട്ടിയിൽ ഭിന്നത മുറുകി. കഴിഞ്ഞദിവസം ചേർന്ന കേരള കോൺഗ്രസ്-എം സംസ്ഥാന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ചാഴികാടൻ നടത്തിയ പ്രസംഗമാണ് റെക്കോഡ് ചെയ്ത് മാധ്യമങ്ങൾക്ക് ചോർത്തി നൽകിയത്.
നവകേരള സദസ്സ് വേദിയിൽ മുഖ്യമന്ത്രി തനിക്കെതിരെ നടത്തിയ പ്രതികരണം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സി.പി.എം സ്വാധീനമുള്ള സ്ഥലങ്ങളിൽനിന്ന് തനിക്ക് വോട്ട് ലഭിച്ചില്ലെന്നും ഇക്കാര്യം പരിശോധിക്കണമെന്നുമായിരുന്നു ചാഴികാടന്റെ വാക്കുകൾ. എന്നാൽ, യോഗശേഷം പാർട്ടി പുറത്തിറക്കിയ വാർത്തക്കുറിപ്പിൽ മുഖ്യമന്ത്രിക്കോ സി.പി.എമ്മിനോ എതിരായ പരാമർശങ്ങളൊന്നും ഉണ്ടായിരുന്നില്ല.
പിറ്റേന്നാണ് ചാഴികാടന്റെ പ്രസംഗം പുറത്തായത്. യോഗത്തിൽ പങ്കെടുത്തവർതന്നെ ചോർത്തിയെന്നാണ് പാർട്ടിയിലെ ഒരുവിഭാഗം ആരോപിക്കുന്നത്. സംഭവത്തിൽ സി.പി.എം അതൃപ്തി അറിയിച്ചതോടെ ആര് ചോർത്തി എന്ന് കണ്ടെത്താൻ സൈബർ പൊലീസിൽ ഒരുവിഭാഗം പരാതി നൽകുകയായിരുന്നു. സംശയമുനയിലുള്ള ചില നേതാക്കളുടെ പേരുവിവരങ്ങളും പാർട്ടി പൊലീസിന് കൈമാറിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.