സ്കൂൾ വാഹനത്തിന്‍റെ വേഗവും ദിശയും രക്ഷിതാക്കൾക്കും ട്രാക്ക് ചെയ്യാം

തിരുവനന്തപുരം: സ്കൂൾ ബസുകളുടെ സ്ഥിതി വിവരം രക്ഷിതാക്കൾക്ക് ട്രാക്ക് ചെയ്യാൻ കഴിയുന്ന മൊബൈൽ ആപ്പുമായി മോട്ടോർ വാഹന വകുപ്പ്. ‘വിദ്യ വാഹൻ’ എന്നാണ് ആപ്പിന് പേര്. സ്കൂൾ ബസിന്റെ തത്സമയ വിവരം, വേഗം, മറ്റ് വിശദാംശങ്ങൾ എന്നിവ രക്ഷിതാക്കൾക്ക് വിദ്യ വാഹൻ ആപ് വഴി ലഭ്യമാകും.

അടിയന്തര സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് ആപ്പിൽനിന്ന് ഡ്രൈവറെയോ സഹായിയെയോ നേരിട്ട് വിളിക്കാം. മോട്ടോർ വാഹന വകുപ്പിന്‍റെ നിലവിലെ സുരക്ഷാ മിത്ര പ്ലാറ്റ്ഫോം അടിസ്ഥാനമാക്കിയുള്ളതാണ് ആപ്. രക്ഷിതാക്കൾക്ക് പൂർണമായും സൗജന്യമായാണ് ആപ് നൽകുന്നത്. മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുന്നതിന് രക്ഷിതാക്കൾ സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചു.

വാഹനങ്ങളില്‍ സ്പീഡ് ഗവർണറും ജി.പി.എസ് സംവിധാനവും നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ് ഉത്തരവിറക്കിയിരുന്നു. മോട്ടോർ വാഹന വകുപ്പ് കൺട്രോൾ റൂം വഴിയായിരുന്നു നിരീക്ഷണം. കുട്ടികൾക്കുനേരെ മോശം പെരുമാറ്റമുണ്ടായാൽ വാഹനത്തിലെ ബസർ അമർത്തിയാൽ അടുത്തുള്ള മോട്ടോർ വാഹന വകുപ്പ് ഓഫിസിൽ നിന്നും സഹായം ലഭിക്കുന്നതിനുള്ള സംവിധാനം വരെ അനുബന്ധമായുണ്ട്. യാത്രക്കിടെ അപകടമുണ്ടായാല്‍ ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിക്കും.

ബസ് 40 ഡിഗ്രിയില്‍ കൂടുതല്‍ ചെരിഞ്ഞാലും അപായസന്ദേശം പ്രവര്‍ത്തിക്കും. വേഗം കൂട്ടിയാലും ജി.പി.എസ് വേര്‍പെടുത്തിയാലും കണ്‍ട്രോള്‍ റൂമില്‍ വിവരമെത്തും.

മോട്ടോർ വാഹന വകുപ്പ് അധികൃതർക്ക് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യങ്ങളാണ് മൊബൈൽ ആപ്പിലൂടെ രക്ഷിതാക്കൾക്കും ലഭ്യമാക്കുന്നത്.

Tags:    
News Summary - Speed ​​and direction of school vehicle to parents Can be tracked

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.