കൊച്ചി: യുക്തിവാദി സംഘടനയായ എസൻസ് ഗ്ലോബലിലെ പിളർപ്പ് ശരിവെച്ച് മുൻ പ്രസിഡന്‍റ് സജീവൻ അന്തിക്കാട്. എസൻസ് ഗ്ലോബലിൽനിന്ന് പിളർന്നവരാണ് ആലപ്പുഴയിൽ ഒക്ടോബർ രണ്ടിന് 'നാം' കൂട്ടായ്മ സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറയുന്നു. എസൻസ് ഗ്ലോബലിൽ ജനാധിപത്യമില്ലെന്നും ഏകാധിപത്യമാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. സംഘടന പിളർന്നിട്ടില്ലെന്ന് ഭാരവാഹികൾ അവകാശപ്പെടുന്നതിനിടെയാണ് മുൻ പ്രസിഡന്‍റിന്‍റെ വെളിപ്പെടുത്തൽ.
41 അംഗ കമ്മിറ്റിയിൽനിന്ന് ഇറങ്ങിപ്പോയ എട്ടുപേർ പുതിയ സംഘടന ഉണ്ടാക്കിയാൽ പിളർപ്പ് എന്നുതന്നെയാണ് പറയുകയെന്ന് സജീവൻ കുറിക്കുന്നു. 2016ൽ രൂപവത്കരിച്ച എസൻസിൽ 2018 ആയപ്പോൾ പിളർപ്പും കേസും ഉണ്ടായി. ആദ്യ സംഘടനയായ എസൻസ് ഗ്ലോബലിന്‍റെയും 2018ലെ ആദ്യ പിളർപ്പിന് ശേഷം രൂപംനൽകിയ എസൻസ് ക്ലബ് ഗ്ലോബലിന്‍റെയും സ്ഥാപക പ്രസിഡന്‍റ് സജീവനായിരുന്നു. അതിലും ചേരിതിരിവ് രൂക്ഷമായതോടെ പിരിഞ്ഞവരാണ് ഒക്ടോബർ രണ്ടിന് ആലപ്പുഴയിൽ യോഗം ചേരുന്നത്. രണ്ടുതവണയും ചേരിതിരിവുണ്ടായത് സി. രവിചന്ദ്രനെ ചൊല്ലിയാണ്.
എസ്.എൻ.ഡി.പി യോഗം ശ്രീനാരായണഗുരുവിനെയും കോൺഗ്രസ് മഹാത്മാഗാന്ധിയെയും ഉയർത്തിക്കാട്ടുന്നതുപോലെ എസൻസ് രവിചന്ദ്രനെ ഉയർത്തിക്കാട്ടണമെന്ന വാദമാണ് ആദ്യ പിളർപ്പിന് കാരണമായതത്രെ. തുടർന്നാണ് രവിചന്ദ്രനും അദ്ദേഹത്തോട് അടുപ്പം പുലർത്തുന്നവരും എസൻസ് ക്ലബ് ഗ്ലോബൽ എന്ന പുതിയ സംഘടനയുണ്ടാക്കിയത്. എസൻസ് ഗ്ലോബലിന്‍റെ നിയമാവലിയിൽ 'നാസ്തികനായ ദൈവം' ഗ്രൂപ്പിന് വിധേയമായിട്ടായിരിക്കണം പ്രവർത്തിക്കേണ്ടതെന്ന് വ്യവസ്ഥയുണ്ട്.
രവിചന്ദ്രന് ഫേസ്ബുക്കിലുള്ള രഹസ്യഗ്രൂപ്പാണ് 'നാസ്തികനായ ദൈവം'. അതിന്‍റെ അഡ്മിനായ രവിചന്ദ്രൻ അദ്ദേഹത്തിനിഷ്ടപ്പെട്ടവരെ മാത്രമേ അതിൽ ചേർക്കൂ. രവിചന്ദ്രന് വിധേയനായി പ്രവർത്തിക്കാൻ പറ്റാത്തവർക്ക് ഗ്രൂപ്പിൽനിന്നും സംഘടനയിൽനിന്നും വിട്ടുപോകുക മാത്രമേ നിവൃത്തിയുള്ളൂ. അതുകൊണ്ടാണ് എസൻസ് ഗ്ലോബൽ പിളർന്നിട്ടില്ലെന്ന് അവർ അവകാശപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.