മുക്കം: വീട്ടമ്മമാരുടേയും, പെൺകുട്ടികളുടേയും പേരിൽ സമൂഹ മാധ്യമങ്ങളിൽ വ്യാജ അക്കൗണ്ടുകൾ നിർമിച്ച് അശ്ലീല സന്ദേശങ്ങൾ അയക്കുകയും ഫോട്ടോയും വിവരങ്ങളും ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുന്നതായും പരാതി.
കാരശ്ശേരി പഞ്ചായത്തിലെ ആനയാംകുന്ന്, കളരിക്കണ്ടി ഭാഗങ്ങളിലാണ് സ്ത്രീകളുടേയും, വിദ്യാർഥിനികളുടേയും പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ച് ,അവരുടെ സുഹൃത്തുക്കൾക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. സന്ദേശങ്ങൾക്ക് മറുപടിയും, ഫോട്ടോയും ചോദിച്ച് ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങളും ലഭിച്ചവരുമുണ്ട്.
ശനിയാഴ്ച രാവിലെ ആനയാംകുന്ന് പ്രദേശത്തെ വിദ്യാർഥിനിക്കാണ് ആദ്യം മെസേജ് വന്നത്. പ്രദേശവാസിയായ പത്താം ക്ലാസുകാരിയുടെ പ്രൊഫൈൽ ഫോട്ടോ ഉപയോഗിച്ചാണ് കൂട്ടുകാരികൾക്കെല്ലാം അശ്ലീല സന്ദേശങ്ങൾ അയച്ചിരിക്കുന്നത്. കൂട്ടുകാരികൾ വിളിച്ചപ്പോഴാണ് താൻ ഇത് അറിയുന്നതെന്നും അപ്പോൾ തന്നെ എല്ലാവർക്കും ഈ മെസേജുകൾ അയക്കുന്നത് താനല്ല എന്ന വിവരം കൈമാറിയതായും പെൺകുട്ടി പറഞ്ഞു. അപ്പോഴേക്കും നിരവധി വിദ്യാർഥികൾക്ക് ഇതുപോലെ മെസേജ് വന്നതായും അവരോടൊക്കെ ഫോട്ടോയും ഫോൺ നമ്പറും എല്ലാം ശേഖരിച്ചുവെന്നും വിദ്യാർഥിനി പറയുന്നു.
ഇതിനകം നിരവധി വിദ്യാർഥികൾക്ക് കൂട്ടുകാരികളുടെ പ്രൊഫൈൽ ഫോട്ടോയുള്ള അക്കൗണ്ടുകളിൽ നിന്നും മെസേജുകളും അശ്ലീല മെസേജുകളും വന്നു തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പത്തോടെ എട്ടാം ക്ലാസ് വിദ്യാർഥിനിയുടെ പേരിൽ അയൽവാസിയായ വീട്ടമ്മക്ക് വിഡിയോ കോൾ വന്നതായും പരാതിയുണ്ട്.
855382532 540, 33368680114, 855382526002, എന്നീ നമ്പറുകളിൽ നിന്നാണ് ഇത്തരത്തിൽ അശ്ലീല സന്ദേശങ്ങൾ വരുന്നത്. ഇതു സംബന്ധിച്ച് മുക്കം പൊലീസിനും, സൈബർ സെല്ലിനും പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.