തിരുവനന്തപുരം: സ്പ്രിംക്ലർ വിവാദത്തിൽ പ്രതികരണവുമായി സംസ്ഥാന നിയമ മന്ത്രി എ.കെ. ബാലൻ. വിവരശേഖരണവുമായി ബന്ധ പ്പെട്ട് സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം കൈക്കൊള്ളേണ്ടത് ഐ.ടി വകുപ്പാണെന ്നും അത് നിയമ വകുപ്പ് അറിയേണ്ടതില്ലെന്നും എ.കെ. ബാലൻ പറഞ്ഞു.
ലോകത്ത് വലിയ കൊള്ള നടക്കുന്നതും കോടിക്കണക്കിന് രൂപ ഉണ്ടാക്കുന്നതും ഡാറ്റകൾ വിറ്റിട്ടാണ്. വിവരവുമായി ബന്ധപ്പെട്ടുള്ള വിശദാംശം അറിയാവുന്ന സർക്കാറെന്ന നിലയിലും അതിനു കീഴിലെ ഐ.ടി വകുപ്പെന്ന നിലയിലും അതിനുള്ള എല്ലാ സുരക്ഷാ മുൻകരുതലുകളും അവർ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഐ.ടി വകുപ്പ് സ്വീകരിച്ച നടപടിയോട് ഒരു തരത്തിലുള്ള വിയോജിപ്പും സർക്കാറിനില്ല. ശേഖരിച്ച വിവരങ്ങൾ കമ്പനിയുടെ ഉടമസ്ഥതയിലുള്ള സെർവറിലേക്ക് പോയാൽ അപകടമാണെന്ന് പ്രതിപക്ഷം പറഞ്ഞ ഉടനെ തന്നെ അങ്ങനെയൊരു സാഹചര്യം ഒഴിവാക്കാനായി സർക്കാർ നിയന്ത്രണത്തിലുള്ള സി. ഡിറ്റിൻെറ കീഴിലാണ് വിവരങ്ങൾ പരിപൂർണമായും സൂക്ഷിച്ചിട്ടുള്ളത്. ഇനി ഈ വിവരങ്ങൾ പുറത്തു പോയാൽ അതിന് നടപടി എടുക്കുകയല്ലാതെ എന്തു ചെയ്യാനാണെന്നും അദ്ദേഹം ചോദിച്ചു.
രാജ്യത്ത് കള്ളനോട്ടടിക്കുന്നില്ലേ, എ.ടി.എമ്മുിൽ നിന്ന് പണം പോകുന്നില്ലേ, വാട്സ് ആപ്പിൽ നിന്നും ഫേസ്ബുക്കിൽ നിന്നുമൊക്കെ എന്തെല്ലാം വിവരങ്ങൾ അവരെടുക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. ദുരുപയോഗം ചെയ്യാൻ സാധിക്കാത്ത തരത്തിൽ പഴുതടച്ചിട്ടുണ്ടെന്ന് ഐ.ടി വകുപ്പ് പറയുന്നത് വിശ്വസിക്കാതെ എല്ലാ ദിവസവും അതിനെതിരെ കള്ള പ്രചരണം നടത്തിയിട്ട് എന്താണ് കാര്യമെന്നും എ.കെ. ബാലൻ പറഞ്ഞു.
വിവരശേഖരണം എല്ലാ വകുപ്പും അറിയേണ്ട കാര്യമില്ല. വിവര ശേഖരണവും അതിൻെറ അപഗ്രഥനവും നടത്തേണ്ടത് ഐ.ടി വകുപ്പാണ്. നിയമ വകുപ്പ് അത് കാണണമെന്ന് ഭരണ വകുപ്പിന് തോന്നിയെങ്കിലേ അത് ആ വകുപ്പിലേക്ക് കൈമാറേണ്ടതുള്ളൂവെന്നും എ.കെ. ബാലൻ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.