കാലടി: സംസ്കൃത സർവകലാശാലയിലെ 55ലധികം അധ്യാപക തസ്തികകളിലേക്ക് ചട്ടങ്ങൾ കാറ്റിൽപറത്തിയും കോടതി ഉത്തരവ് ലംഘിച്ചും നടത്തുന്ന നിയമനങ്ങളിൽ പ്രതിഷേധം ശക്തം. സർവകലാശാലയിലെ സബ്ജക്ട് എക്സ്പെർട്ട് ആയി അധ്യാപക നിയമന അഭിമുഖത്തിൽ പങ്കെടുത്ത ഡോ. ഉമർ തറമേൽ റാങ്ക്ലിസ്റ്റ് അട്ടിമറിച്ചതിനെതിെര പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്.
'അധ്യാപന ജീവിതത്തിൽ ഏറെ കലാലയങ്ങളിൽ ഇങ്ങനെ പോകേണ്ടി വന്നിട്ടുണ്ട്. പലയിടത്തും സമരം ചെയേണ്ടി വന്നിട്ടുണ്ട്. എന്നാൽ സ്വപ്നത്തിൽ പോലും നിനക്കാത്ത മട്ടിൽ, റാങ്ക് ലിസ്റ്റ് തന്നെ ശീർഷാസനം ചെയ്തുപോയ ഒരനുഭവം, കേരളത്തിലെ ഒരു സർവകലാശാലയിൽ നിന്നും ഇതാദ്യമാണുണ്ടായത്. ഇതിനോടുള്ള കടുത്ത വിമർശനവും വിയോജിപ്പും ഞാനും സഹവിദഗ്ധരും സർവകലാശാല അധികൃതരെ അറിയിച്ചിട്ടുണ്ട് '' -ഉമർ തറമേൽ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച നടന്ന സിൻഡിക്കേറ്റ് യോഗമാണ് റാങ്ക് ലിസ്റ്റ് അംഗീകരിക്കാനും അടിയന്തരമായി നിയമനം നടത്താനും തീരുമാനിച്ചതെന്നാണ് സൂചന.ഉദ്യോഗസ്ഥർക്ക് കോവിഡ് ബാധിച്ച് നിയമനകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമടക്കം സർവകലാശാല പൂർണമായും അടച്ചപ്പോഴും കഴിഞ്ഞ മാസം 22ന് ഉദ്യോഗാർഥികളെ വിളിച്ചുവരുത്തി അഭിമുഖവും സിൻഡിക്കേറ്റ് ഉപസമിതി യോഗവും നടന്നിരുന്നു. സിൻഡിക്കേറ്റ് യോഗം നടന്ന ദിവസം രാത്രി വൈകിയും ഉദ്യോഗാർഥികൾക്ക് ഫോണിലൂടെ നിയമന ഉത്തരവ് നൽകി. ഇവർ ജോലിയിൽ പ്രവേശിച്ചതോടെയാണ് ക്രമക്കേട് പുറംലോകം അറിയുന്നത്.
ഏറെനാളത്തെ അധ്യാപന പരിചയവും മറ്റ് യോഗ്യതകളുമുള്ളതെന്ന് അഭിമുഖ സമിതിതന്നെ സാക്ഷ്യപ്പെടുത്തിയ ഉദ്യോഗാർഥികളെ ഒഴിവാക്കി റാങ്ക്ലിസ്റ്റിൽ വളരെ പിറകിലുള്ള സി.പി.എം മുൻ എം.പി എം.ബി രാജേഷിന്റെ ഭാര്യ നിനിത മണിച്ചേരിക്ക് നിയമനം നൽകിയെന്ന് സർവകലാശാല സംരക്ഷണ സമിതി ആരോപിക്കുന്നു. 2019 സെപ്റ്റംബർ 26നാണ് അധ്യാപക നിയമനത്തിന് ആദ്യ വിജ്ഞാപനം സർവകലാശാല പുറത്തിറക്കിയത്.
സംവരണക്രമം തെറ്റിച്ചതായി കോടതിയിൽ പരാതി ലഭിച്ചതിനെത്തുടർന്ന് സെപ്റ്റംബർ 30ന് പുനർവിജ്ഞാപനം പുറപ്പെടുവിച്ചു. രണ്ട് വിജ്ഞാപനത്തിലും സംവരണക്രമവും വിവിധ അധ്യാപക തസ്തികകളും സംബന്ധിച്ച വിവരങ്ങളിൽ മാറ്റം വരുത്തിയിരുന്നു. രണ്ടാം വിജ്ഞാപനത്തിലെ മാറ്റങ്ങൾ സിൻഡിക്കേറ്റിെൻറ അനുമതിയില്ലാതെയാണ് വൈസ് ചാൻസലർ അംഗീകരിച്ചത്.
അധ്യാപക തസ്തികകൾ തോന്നിയപോലെ വിവിധ വകുപ്പുകളിലേക്ക് മാറ്റിയും പ്രഫസർ, അസോ. പ്രഫസർ എന്നിവ അസി. പ്രഫസർ തസ്തികകളായി പുനഃക്രമീകരിച്ചുമാണ് വിജ്ഞാപനം ഇറക്കിയത്. സർവകലാശാല സ്റ്റാറ്റ്യൂട്ടിന് വിരുദ്ധമായി യു.ജി.സി നിർദേശങ്ങൾ ലംഘിച്ചും സംവരണ തത്ത്വങ്ങൾ അട്ടിമറിച്ചും നടത്തുന്ന നിയമനങ്ങളെപ്പറ്റി വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം നൽകുമെന്ന് സർവകലാശാല സംരക്ഷണ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.