തിരുവനന്തപുരം: നെയ്യാറ്റിൻകര സ്വദേശി ശ്രീജിവിെൻറ കസ്റ്റഡിമരണം സംബന്ധിച്ച കേസന്വേഷണം ഏറ്റെടുക്കാനാകില്ലെന്ന സി.ബി.ഐ നിലപാട് പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, കേന്ദ്ര പേഴ്സനൽ മന്ത്രാലയത്തിന് കത്തയച്ചു. പാറശ്ശാല പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കസ്റ്റഡിമരണം സംബന്ധിച്ച കേസ് സി.ബി.ഐ ഏറ്റെടുക്കണമെന്ന് 2017 ജൂലൈയിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, കേസുകളുടെ ബാഹുല്യമുണ്ടെന്നും ശ്രീജിവിെൻറ കേസ് അപൂർവങ്ങളിൽ അപൂർവം എന്ന ഗണത്തിൽ വരുന്നില്ലെന്നും പറഞ്ഞ് സി.ബി.ഐ ആവശ്യം നിരസിക്കുകയായിരുന്നു. ഈ നിലപാട് പുനഃപരിശോധിക്കണമെന്നാണ് സർക്കാർ ഇപ്പോൾ ആവശ്യപ്പെട്ടത്.ശ്രീജിവിെൻറ മരണത്തിൽ പൊലീസുകാർക്ക് പങ്കുണ്ടെന്ന ആരോപണം ഉയർന്നതുകൊണ്ടാണ് കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് സർക്കാർ ആവശ്യപ്പെട്ടതെന്ന് ചീഫ് സെക്രട്ടറി കത്തിൽ ചൂണ്ടിക്കാട്ടി.
കേസ് സംസ്ഥാന പൊലീസ് അന്വേഷിക്കുന്നതിൽ ശ്രീജിവിെൻറ കുടുംബത്തിന് അതൃപ്തിയുണ്ട്. മാത്രമല്ല, സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിവിെൻറ സഹോദരൻ രണ്ട് വർഷത്തിലേറെയായി സെക്രട്ടറിയറ്റിനു മുന്നിൽ സമരത്തിലുമാണ്. അതിനാൽ കേസ് സി.ബി.ഐയെക്കൊണ്ട് ഏറ്റെടുപ്പിക്കാനാവശ്യമായ നിർദേശം നൽകണമെന്ന് പേഴ്സനൽ മന്ത്രാലയം സെക്രട്ടറി അജയ് മിത്തലിന് ചീഫ് സെക്രട്ടറി പോൾ ആൻറണി അയച്ച കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.