'ശ്രീറാം വെങ്കിട്ടരാമനെ ജോലി ചെയ്യാൻ അനുവദിക്കണം'-കെ. സുരേന്ദ്രൻ

കൊല്ലം: ശ്രീറാം വെങ്കിട്ടരാമനെ ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന് പറയുന്നത് ന്യായമല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. മതസംഘടനകളുടെയും വർഗീയസംഘടനകളുടെയും വെല്ലുവിളികൾക്കു മുൻപിൽ സർക്കാർ മുട്ടുമടക്കിയെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.

''ശ്രീറാം വെങ്കിട്ടരാമൻ ഒരു കേസിൽ പ്രതിയാണ്. അദ്ദേഹത്തെ ശിക്ഷിച്ചിട്ടില്ല. സർവീസ് നടപടിയെടുക്കുകയും തിരിച്ചെടുക്കുകയും ചെയ്തു. ഇനി അദ്ദേഹത്തിന് ജോലി ചെയ്യാൻ പറ്റില്ലെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? ഇത് ആരാണ് തീരുമാനിക്കുന്നത്?''-സുരേന്ദ്രൻ ചോദിച്ചു.

ഒരാൾ കുറ്റക്കാരനാണോയെന്ന് ഏതെങ്കിലും മതസംഘടനയല്ല തീരുമാനിക്കേണ്ടത്. അത് അന്വേഷിക്കേണ്ടത് സംസ്ഥാന സർക്കാരാണ്. ദിലീപിനെതിരെ ഒരു കേസുണ്ട്. എന്നാൽ, ദിലീപ് ഒരു സിനിമയിലും അഭിനയിക്കാൻ പാടില്ലെന്ന് പറയാൻ പറ്റുമോ? ദിലീപിനെതിരായ കേസ് ശരിയായ രീതിയിൽ അന്വേഷിച്ച് കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കണം. അതാണ് അതിന്റെ നിയതമായ മാർഗം. ശ്രീറാം വെങ്കിട്ടരാമൻ ഒരു ജില്ലയിലും ജോലി ചെയ്യാൻ പാടില്ല, കലക്ടറാകാൻ പാടില്ലെന്നു പറയുന്നത് ശരിയാകില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

''അയാളെ ഭക്ഷ്യ സിവിൽ സപ്ലൈസിലും ആക്കാൻ പാടില്ലെന്ന് സി.പി.ഐക്കാരു പറയുന്നു. അതിൽ എന്താണ് ന്യായം? അങ്ങനെയാണെങ്കിൽ എന്തു സംവിധാനമാണ് മുന്നോട്ടുപോകുക? ചിലയാളുകൾ തീരുമാനിക്കുന്നതേ നടക്കൂവെന്നത് ശരിയാകില്ല. ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ആരും വക്കാലത്തെടുക്കുന്നില്ല. കേസ് തെളിയണമെന്ന നിലപാടാണ് ഞങ്ങൾക്കുമുള്ളത്. ഒരു നിരപരാധിയായ മാധ്യമപ്രവർത്തകനാണ് മരണപ്പെട്ടത് എന്ന അതേ അഭിപ്രായമാണ്. ആദ്യ ദിവസം തന്നെ ബഷീറിന്റെ വീട്ടിൽ പോയ ആളാണ് ഞാൻ. അത് നമ്മുടെ ധാർമികതയും മാനുഷികമൂല്യവുമാണ്. എന്നാൽ, ആ കേസിൽ പ്രതിചേർക്കപ്പെട്ടയാളെ സർവീസിൽ തിരിച്ചെടുത്ത ശേഷം ഒരു പദവിയിലും ഇരിക്കാൻ ഞങ്ങൾ സമ്മതിക്കുന്നില്ലെന്ന് പറയുന്നു.''

മതസംഘടനകളുടെ വെല്ലുവിളികൾക്കു മുൻപിൽ സർക്കാർ മുട്ടുമടക്കി. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. മാധ്യമങ്ങൾ ചൂണ്ടിക്കാട്ടുകയും ചെയ്തില്ല. എന്നാൽ, വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നത് നവോഥാനമായാണ് അവതരിപ്പിച്ചത്. എന്നാൽ, നവോഥാന നായകന് കാലിടറുകയാണ്. മതസംഘടനകളും വർഗീയസംഘടനകളും അവരുടെ സംഘടിതതാൽപര്യങ്ങൾ നടപ്പാക്കുന്നു. നവോഥാന സർക്കാരല്ല, നട്ടെല്ലില്ലാത്ത സർക്കാരാണിതെന്നും കെ. സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

Tags:    
News Summary - 'Sreeram Venkataraman should be allowed to work'-K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.