ചെങ്ങന്നൂർ: 15 വർഷം മുമ്പ് ശ്രീകലയെ കാണാതായതിന് പിന്നാലെ നടന്ന കൊലപാതകം ദുരഭിമാനത്തിന്റെ പേരിലാണെന്ന് കലയുടെ ബന്ധുക്കൾ ആരോപിച്ചു.
ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് ഇരമത്തൂർ രണ്ടാംവാർഡിൽ ഐക്കരമുക്കിനു സമീപം മുക്കത്ത് മീനത്തേതിൽ പരേതരായ ചെല്ലപ്പൻ-ചന്ദ്രിക ദമ്പതികളുടെ മകൾ ശ്രീകലയുടേത് പ്രണയവിവാഹമായിരുന്നു.
പ്രണയത്തെ തുടർന്ന് ഇരുസമുദായങ്ങളിൽപെട്ട കമിതാക്കൾ ഒളിച്ചോടിയാണ് വിവാഹിതരായത്. ഈഴവ സമുദായാംഗമായ ഭർത്താവായ മൂന്നാം വാർഡിൽ കണ്ണമ്പള്ളിൽ അനിൽ കുമാറിന്റെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും എതിർപ്പ് ശക്തമായിരുന്നു.
ശ്രീകലയെ കാണാതായെന്ന പ്രചാരണത്തിന് പിന്നാലെ 15ാംദിവസമാണ് അനിൽ മറ്റൊരു യുവതിയെ കല്യാണം കഴിച്ചത്. ഇത് മുൻകൂട്ടി ആസൂത്രണം ചെയ്തുവെന്നാണ് ഇവരുടെ സംശയം. സെപ്റ്റിക് ടാങ്കിൽ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ അനിലും ബന്ധുക്കളായ മൂന്നുപേരും പ്രതികളായതോടെയാണ് ഇത് ദുരിഭാനക്കൊലയാണെന്ന് സംശയിക്കുന്നത്.
ചെങ്ങന്നൂർ: കാണാതായി 15 വർഷം പിന്നിട്ടിട്ടും ശ്രീകലയുടെ പേര് റേഷൻ കാർഡിൽനിന്ന് നീക്കം ചെയ്യാൻ കുടുംബത്തിനു മനസ്സുവന്നില്ല. ഒളിച്ചോടിപ്പോയതായുള്ള പ്രചാരണം ശക്തമായതോടെ ഏതെങ്കിലും ഒരു ദേശത്ത് ജീവിക്കുന്നുണ്ടാകുമെന്ന വിശ്വാസത്തിലാണ് അന്ന് പരാതിയുമായി പോകാതിരുന്നതെന്ന് കലയുടെ മൂത്ത സഹോദരൻ അനിൽകുമാറിന്റെ (കവി) ഭാര്യ ശോഭനകുമാരി ‘മാധ്യമ’ത്തോടു പറഞ്ഞു.
എന്നെങ്കിലും സ്വന്തം മകനെയും സഹോദരങ്ങളെയും കുട്ടികളെയും കാണാൻ വരുമെന്ന പ്രതീക്ഷയിലായിരുന്നു. ഇവിടെയെത്തുമ്പോൾ രേഖയില്ലാത്തവളായി ഒരിക്കലും മാറരുതെന്നു കരുതിയാണ് പേര് കളയാതിരുന്നത്. കലയുടെ ഭർത്താവായ പ്രതി അനിൽ പഴയ സൗഹൃദത്തോടു കൂടി തന്നെയാണ് ഇടപെട്ടുകൊണ്ടിരുന്നത്. അതിനാൽ അയാളോട് ഒരു സഹാനുഭൂതി ഞങ്ങൾക്കെല്ലാമുണ്ടായിരുന്നു.
ഒരാഴ്ച മുമ്പ് അമ്പലപ്പുഴ പൊലീസ് എത്തിയപ്പോൾ ആദ്യം വീട്ടുകാര്യങ്ങളും പിന്നീടു മക്കളെക്കുറിച്ചും ചോദിച്ച ശേഷം അവസാനമാണ് കലയെക്കുറിച്ച് ആരാഞ്ഞത്. കൂടാതെ ഫോട്ടോയും അവശ്യപ്പെട്ടു. അപ്പോൾ മനുഷ്യക്കടത്തു പോലെയുള്ള കാര്യങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇക്കാലയളവായതിനാൽ ഫോട്ടോ പ്രചരിച്ചാൽ എവിടെ നിന്നെങ്കിലും ആളെ കണ്ടെത്താൻ ഉപകാരപ്രദമായി മാറുമെന്നാണ് കരുതിയതെന്നു ശോഭനാകുമാരി പറഞ്ഞു.
അനിലും സംഘവും കലയെ കാണാതായി എന്നു വ്യാപകമായി പറഞ്ഞു പരത്തി വിശ്വാസം ആർജിച്ച ശേഷം അതിന്റെ പതിനഞ്ചാം ദിവസം മറ്റൊരു വിവാഹം കഴിച്ചപ്പോൾ അവർ കലയെ കൊലപ്പെടുത്തിയതാണെന്ന് ഞങ്ങളുടെ കുഞ്ഞമ്മയും മറ്റു ചിലരും ഉറപ്പിച്ചു പറഞ്ഞിരുന്നു. അതിൽ നിന്ന് ശ്രദ്ധതിരിക്കാനാവാം രണ്ടു മാസം കഴിഞ്ഞപ്പോൾ അന്നുണ്ടായിരുന്ന ചെറിയ റിലയൻസ് ഫോണിലേക്കു ഒരു സ്ത്രീ ശബ്ദത്തിൽ ഫോൺവിളി വന്നത്.
ഞങ്ങൾ സുഖമായി ജീവിക്കുന്നു. ആരും ആകുലപ്പെടേണ്ട ആവശ്യമില്ലെന്നാണ് ഫോണിൽ അറിയിച്ചത്. എവിടെയാണെന്നും ആരോടൊപ്പമാണെന്നും അന്വേഷിച്ചപ്പോൾ പാലക്കാട്ടാണെന്നും സൂരജ് ചേട്ടനോടൊപ്പമാണെന്നും പറഞ്ഞതോടെ കട്ടായി. പിന്നീട് പല പ്രാവശ്യം തിരിച്ചു വിളിച്ചിട്ടും ഫോൺ നിശ്ശബ്ദമായിരുന്നു. അന്നത്തെ വീടിന്റെ പലകയിൽ നമ്പർ എഴുതിയിട്ടിരുന്നെങ്കിലും അത് മായുകയും പിന്നീട് അതു പൊളിച്ച് പുതിയ വീട് നിർമിക്കുകയും ചെയ്തതോടെ നമ്പർ നഷ്ടപെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.