പാലക്കാട്: ആർ.എസ്.എസ് മുൻ ജില്ല ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് വീട്ടിൽ ശ്രീനിവാസനെ (45) കൊലപ്പെടുത്തിയ കേസിൽ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ. പാലക്കാട് കൊടുവായൂർ നവക്കോട് എ.പി സ്ട്രീറ്റ് സ്വദേശി ജിഷാദ് ബദറുദ്ദീനാണ് (31) അറസ്റ്റിലായത്. ഗൂഢാലോചനയിലും പ്രതികളെ സഹായിച്ചതിലും ഇയാൾക്ക് പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു.
മലപ്പുറത്ത് ജോലി ചെയ്യുന്ന ഇയാൾ ജോലിയുടെ ഭാഗമായി ഏതാനും നാളുകളായി കോങ്ങാട് സ്റ്റേഷനിലാണ്. ശ്രീനിവാസൻ കൊല്ലപ്പെട്ട ദിവസം കൊലയാളി സംഘത്തിൽപെട്ട ഒരാളുമായി ഇയാൾ നഗരത്തിലുണ്ടായിരുന്നെന്നും ശ്രീനിവാസനെ കണ്ടെത്തുന്നതിൽ നിർണായക പങ്ക് വഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു. സഞ്ജിത്ത് വധക്കേസിലും ഇയാളുടെ പങ്ക് അന്വേഷിക്കുന്നുണ്ട്. ബുധനാഴ്ച തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും.
അതിനിടെ കസ്റ്റഡിയിലുള്ള പ്രതി അബ്ദുൾ റഹ്മാനുമായി ചൊവ്വാഴ്ച തെളിവെടുത്തു. ജില്ല ആശുപത്രി പരിസരത്തെ പാർക്കിങ് സ്ഥലം, ബൈക്കിൽ സഞ്ചരിച്ച കോർട്ട് റോഡ്, ഹരിക്കാര സ്ട്രീറ്റ്, ബി.ഒ.സി റോഡ്, പട്ടിക്കര, വടക്കന്തറ, മാർക്കറ്റ് റോഡ്, മേലാമുറി എന്നിവിടങ്ങളിൽ എത്തിച്ചു. പ്രതികൾ സഞ്ചരിച്ച റൂട്ട്മാപ്പും തയാറാക്കി. തുടർന്ന് അബ്ദുൾ റഹ്മാനെയും കസ്റ്റഡിയിൽ ഉണ്ടായിരുന്ന മറ്റൊരു പ്രതി ഫിറോസിനെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൊലയാളി സംഘത്തിലെ നാലുപേരും സഹായം നൽകിയ 17 പേരുമാണ് ഇതുവരെ പിടിയിലായത്. നേരിട്ട് പങ്കെടുത്ത രണ്ടുപേരെ പിടികൂടാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.