ചെങ്ങന്നൂർ: എസ്.എസ്.എൽ.സി പരീക്ഷ നടത്തിപ്പിൽ ഗുരുതരവീഴ്ച വരുത്തിയ സ്വകാര്യ എയ്ഡഡ് സ്കൂളിലെ പ്രധാന അധ്യാപികയടക്കമുള്ളവർക്കെതിരെ നടപടി സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ മാനേജർക്ക് നിർദേശം നൽകി. 2017 മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ചെങ്ങന്നൂർ വിദ്യാഭ്യാസ ഉപജില്ലയിൽപ്പെട്ട മാന്നാറിലെ സ്കൂളിലാണ് ഗുരുതര ക്രമക്കേട് നടന്നത്.
ഹെഡ്മിസ്ട്രസ് എ.ആർ. സുജ, അധ്യാപകരായ ഹരിശർമ, മാധവൻ നമ്പൂതിരി എന്നിവർക്കെതിരെ 30 ദിവസത്തിനകം നടപടി സ്വീകരിച്ച് നേരിട്ട് റിപ്പോർട്ട് ചെയ്യണമെന്നാണ് ആലപ്പുഴ വിദ്യാഭ്യാസ െഡപ്യൂട്ടി ഡയറക്ടർ കെ.പി. ലതിക കഴിഞ്ഞ ദിവസം മാനേജർക്ക് നൽകിയ ഉത്തരവിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ച പരാതികളെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി സൂപ്രണ്ട് 2017 ലെ പരീക്ഷയിൽ സ്കൂളിൽ വ്യാപക ക്രമക്കേടുകൾ നടക്കുമെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. മാർച്ച് 13ന് മാവേലിക്കര വിദ്യാഭ്യാസ ഒാഫിസർ പരീക്ഷ സ്ക്വാഡ് ജോലിയുടെ ഭാഗമായി സ്കൂൾ സന്ദർശിച്ചപ്പോഴാണ് ക്രമക്കേട് കണ്ടെത്തിയത്.
ചെങ്ങന്നൂരിന് സമീപത്തെ തിരുവൻവണ്ടൂർ കല്ലിശ്ശേരി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഇൻവിജിലേഷൻ ഡ്യൂട്ടിക്ക് ചുമതലപ്പെടുത്തിയിരിക്കുന്ന അധ്യാപകരായ ഹരി ശർമയും മാധവൻ നമ്പൂതിരിയും അവിടെ പോകാതെ മാതൃസ്കൂളിലെ പരീക്ഷാ ഹാളിൽ അനധികൃതമായി നിൽക്കുന്നതായി കണ്ടെത്തുകയായിരുന്നു.
ഇത്തരമൊരു വീഴ്ച സ്കൂളിലെ പ്രഥമാധ്യാപികയുടെ അറിവോടെയാണെന്ന് ബന്ധപ്പെട്ടവർ നൽകിയ മൊഴികളിൽനിന്ന് വ്യക്തമാണെന്നും ഇതിന് ജില്ല വിദ്യാഭ്യാസ ഓഫിസർ മുഖേന നൽകിയ മറുപടി ഒരു രീതിയിലും ന്യായീകരിക്കാൻ സാധിക്കാത്തതും നിലനിൽക്കാത്തതുമാണെന്നാണ് മാനേജർക്കുള്ള ഉത്തരവിൽ വ്യക്തമാക്കുന്നത്.
എസ്.എസ്.എൽ.സി പരീക്ഷ അതീവ ജാഗ്രതയോടെ നടക്കേണ്ടതാണെന്ന് ബോധ്യപ്പെടേണ്ട പ്രഥമാധ്യാപികയും അധ്യാപകരും വരുത്തിവെച്ച കൃത്യവിലോപത്തിന് നടപടികൾ സ്വീകരിക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.