പാലക്കാട്: സ്മാർട്ട് മീറ്റർ വരുമെന്ന് പ്രതീക്ഷിച്ച് സാധാരണ മീറ്റർ വാങ്ങുന്ന നടപടികൾ വൈകിച്ചതോടെ കെ.എസ്.ഇ.ബിയിൽ മീറ്ററുകൾക്ക് ക്ഷാമം. പുതിയ വൈദ്യുതീകരണത്തിന് പോലും പലയിടത്തും മീറ്റർ ലഭിക്കാത്ത അവസ്ഥയാണ്. കേടായ മീറ്ററുകൾക്കുപകരം പുതിയവ ലഭിക്കാത്തതിനാൽ ഉപഭോക്താക്കൾ ദുരിതത്തിലാണ്. അതേസമയം, നിശ്ചിത സമയപരിധിക്കുള്ളിൽ മീറ്റർ നൽകിയില്ലെങ്കിൽ പിഴ ഈടാക്കാൻ വ്യവസ്ഥയുണ്ടെന്നിരിക്കെ ഉദ്യോഗസ്ഥർ ആശങ്കയിലുമാണ്.
മീറ്ററിൽ തകരാറ് കണ്ടെത്തിയ തീയതി മുതൽ ഏഴുദിവസത്തിനകം മാറ്റിനൽകണമെന്നാണ് ചട്ടം. ഇതിൽ വീഴ്ചവരുത്തിയാൽ സമയപരിധി കഴിഞ്ഞ് ഓരോ ദിവസത്തിനും 25 രൂപ പിഴ നൽകണമെന്നാണ് വൈദ്യുതി റെഗുലേറ്ററി കമീഷൻ വ്യവസ്ഥ. ഈ നഷ്ടപരിഹാരത്തിന് വൈദ്യുതി തർക്കപരിഹാര ഫോറങ്ങളെ സമീപിച്ചാൽ വൻ സാമ്പത്തിക ബാധ്യത കെ.എസ്.ഇ.ബിക്ക് വരും. ആറുമാസമായി പ്രതിസന്ധി രൂക്ഷമാണ്.
പുതിയ മീറ്ററുകൾ വാങ്ങാനായി അധികൃതർ കാലതാമസം വരുത്തിയതാണ് ഇപ്പോൾ പ്രതിസന്ധിക്കിടയാക്കിയത്. സ്മാർട്ട് മീറ്ററുകൾ വന്നാൽ പഴയ മീറ്ററുകൾ ആവശ്യമില്ലെന്ന വിലയിരുത്തലിലായിരുന്നു നടപടികൾ സ്തംഭിപ്പിച്ചത്. മീറ്ററിന് ടെൻഡർ വിളിച്ചിരുന്നെങ്കിലും നടപടിയിൽ പുരോഗതിയുണ്ടായില്ല. മാത്രമല്ല, നേരത്തേ ടെൻഡർ ഏറ്റെടുത്ത കമ്പനി കേടായ മീറ്ററുകൾ പൂർണമായി മാറ്റിനൽകാത്തതും തിരിച്ചടിയായി.
മീറ്റർ കേടുവന്നാൽ യഥാർഥ വൈദ്യുതി ഉപഭോഗം അറിയാൻ കെ.എസ്.ഇ.ബിക്കാവില്ല. അത്തരം സന്ദർഭത്തിൽ മൂന്ന് മുൻ ബില്ലുകളുടെ ശരാശരി ഉപഭോഗം എടുത്താണ് ഉപഭോഗ ബിൽ തയാറാക്കുക. രണ്ട് തവണയിൽ കൂടുതൽ ഇങ്ങനെ ചെയ്യരുതെന്ന് നിയമമുണ്ടെങ്കിലും മാറ്റിവെക്കാൻ മീറ്ററുകൾ ഇല്ലാത്തതിനാൽ ഇത് പാലിക്കുന്നില്ല. ഇതേതുടർന്ന് കേടായ മീറ്ററുകളുള്ള ഉപഭോക്താക്കൾക്ക് മഴക്കാലത്തും വേനൽക്കാലത്തെ ഉപഭോഗത്തിന് അനുസൃതമായി ബില്ല് വന്നേക്കും. കൂടാതെ വ്യവസായ വ്യാപാര സ്ഥാപനങ്ങളിലടക്കം കൃത്യമായ വൈദ്യുത ഉപഭോഗത്തിന് ബില്ല് ചെയ്യാൻ പറ്റാത്തതിനാൽ കെ.എസ്.ഇ.ബിക്ക് വൻ നഷ്ടവും ഉണ്ടാകുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.