തിരുവനന്തപുരം: സർക്കാർ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നല്ലൊരു പങ്കും വഹിച്ചാണ് പുതിയ അധ്യയന വർഷത്തിലേക്ക് സ്കൂളുകൾ തുറക്കുന്നത്. കുട്ടികളുടെ ഉച്ചഭക്ഷണം മുതൽ സ്കോളർഷിപ് വരെ ഈ ഞെരുക്കത്തിൽ അകപ്പെട്ടു. ‘എല്ലാം സെറ്റ്’ എന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോഴും സെറ്റാകാതെയാണ് പഠനത്തുടക്കം. എൽ.എസ്.എസ്- യു.എസ്.എസ് വിജയികൾക്കുള്ള സ്കോളർഷിപ് തുക കുടിശ്ശികയായിട്ട് അഞ്ചു വർഷം.
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള മുട്ടയ്ക്കും പാലിനും തുക അനുവദിച്ചില്ല. പാചകത്തൊഴിലാളികൾക്കുള്ള ശമ്പളവും അവധിക്കാല ഓണറേറിയവും കുടിശ്ശികതന്നെ. മൂല്യനിർണയത്തിൽ പങ്കെടുത്ത അധ്യാപകർക്ക് വേതനം നൽകിയിട്ടില്ല. കൊല്ലത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവ നടത്തിപ്പിനായി സബ്കമ്മിറ്റികൾക്ക് അനുവദിക്കേണ്ട തുകയും കൊടുത്തുതീർത്തിട്ടില്ല.
2019 മുതൽ എൽ.എസ്.എസ്- യു.എസ്.എസ് പരീക്ഷയിൽ ജയിച്ചവരുടെ സ്കോളർഷിപ് തുക നൽകാനുണ്ട്. ഇതിൽ 30 കോടി രൂപ അനുവദിക്കാൻ ധനവകുപ്പ് നടപടി സ്വീകരിച്ചതായി വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ മാസം പറഞ്ഞെങ്കിലും ഒരു കുട്ടിക്കുപോലും തുക ലഭിച്ചിട്ടില്ല. ലക്ഷത്തിലേറെ കുട്ടികൾക്ക് സ്കോളർഷിപ് ഇനത്തിൽ 37 കോടിരൂപയാണ് കുടിശ്ശിക. 2019ൽ എൽ.എസ്.എസിന് 92,16,000 രൂപയും യു.എസ്.എസിന് 59,00,500 രൂപയുമായിരുന്നു കുടിശ്ശിക.
2020ൽ ഇത് യഥാക്രമം 2,42,88,500, 1,84,93,000 രൂപയും 2021ൽ 4,21,24,500 രൂപയും 2,95,91,500 രൂപയും 2022ൽ 4,97,33,000 രൂപയും 3,80,52,500 രൂപയുമാണ്. പൊതുവിദ്യാഭ്യാസ വകുപ്പ് നേരിട്ട് നടത്തുന്ന പരീക്ഷയായ യു.എസ്.എസിന് പ്രതിവർഷം 1500 രൂപയും എൽ.എസ്.എസിന് 1000 രൂപയുമാണ് സ്കോർളഷിപ്. മൂന്നു വർഷമാണ് സ്കോളർഷിപ് ലഭിക്കുക. എന്നാൽ, അഞ്ചുവര്ഷമായി തുക നല്കിയിട്ടില്ല. സാമ്പത്തിക ഞെരുക്കം കാരണം സ്കോളർഷിപ് മുടങ്ങിയതോടെ വിജയികളുടെ എണ്ണം നിയന്ത്രിക്കാനുള്ള നിർദേശവും പരിഗണിച്ചിരുന്നു. ഈ വർഷം യു.എസ്.എസ് പരീക്ഷയിൽ വിജയശതമാനം 12.13ൽ നിന്ന് 7.79 ശതമാനമായി കുറഞ്ഞിരുന്നു. എൽ.എസ്.എസ് പരീക്ഷയിൽ വിജയശതമാനം 20.08 ആയി ഉയരുകയും ചെയ്തു.
പരീക്ഷയും മൂല്യനിർണയും ഫലപ്രഖ്യാപനവുമൊക്കെ കഴിഞ്ഞെങ്കിലും അതിൽ പങ്കെടുത്ത അധ്യാപകർ വേതനം ചോദിച്ചാൽ മന്ത്രിക്ക് മറുപടിയില്ല. ഹയർസെക്കൻഡറി വിഭാഗത്തിൽ കഴിഞ്ഞവർഷത്തെ മൂല്യനിർണയത്തിൽ 12 കോടി രൂപ കൊടുക്കാനുണ്ട്. ഈ വർഷം 30.8 കോടി രൂപ. അത് എപ്പോൾ അനുവദിക്കുമെന്ന ചോദ്യത്തിന് മറുപടിയുമില്ല. എസ്.എസ്.എൽ.സി മൂല്യനിർണയം നടത്തിയ അധ്യാപകർക്കും തുക ലഭിക്കാനുണ്ട്. 40 മാർക്കിന്റെ പരീക്ഷക്ക് അഞ്ചു രൂപ വീതവും 80 മാർക്കിന്റെ പരീക്ഷക്ക് പേപ്പറൊന്നിന് 7.50 രൂപയുമാണ് ഒരു അധ്യാപകന് പ്രതിഫലം. ഡി.എയും ലീവ് സറണ്ടറും നേരത്തേ അവസാനിപ്പിച്ചിരുന്നു.
എയ്ഡഡ് സ്കൂളുകളിൽ യൂനിഫോം അലവൻസായി ഒരു കുട്ടിക്ക് 600 രൂപ വീതമാണ് സർക്കാർ നൽകേണ്ടത്. അതിലും രണ്ടു വർഷ കുടിശ്ശികയുണ്ട്. പുതിയ അധ്യയന വർഷം കൂടി ചേരുമ്പോൾ മൂന്നു വർഷമാകുമെന്ന പരാതിയെ തുടർന്ന് ഒരു വർഷത്തെ കുടിശ്ശിക തുകയായ എട്ടു കോടി മാത്രം അനുവദിച്ചു. രണ്ടു വർഷത്തെ കുടിശ്ശികയായ 16 കോടി രൂപ എന്ന് കിട്ടുമെന്ന് ഒരു ഉറപ്പുമില്ല.
കുട്ടികൾക്ക് പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകാൻ ഉത്തരവിട്ട സർക്കാർ ഉച്ചഭക്ഷണത്തിന് മാത്രമായി കുട്ടിയൊന്നിന് ആറു മുതൽ എട്ടു രൂപ വരെയാണ് അനുവദിക്കുന്നത്. ഏറെനാളായി കുടിശ്ശികയുണ്ടായിരുന്ന തുക അടുത്തിടെയാണ് നൽകിയത്. അപ്പോഴും സമീകൃതാഹാരമായ മുട്ടയ്ക്കും പാലിനും പണം അനുവദിച്ചിട്ടില്ല. ഉച്ചഭക്ഷണ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവാക്കിത്തരണമെന്ന ആവശ്യവുമായി പ്രഥമാധ്യാപകർക്ക് കോടതിയെ സമീപിക്കേണ്ടിയും വന്നു. സ്കൂൾ പാചകത്തൊഴിലാളികൾക്ക് മാർച്ചിലെ ശമ്പളം ഇനിയും അനുവദിച്ചിട്ടില്ല. വേനലവധിക്ക് അവർക്ക് നൽകാനുള്ള 2000 രൂപ വീതമുള്ള രണ്ടു മാസത്തെ ഓണറേറിയവും നൽകിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.