സ്റ്റേറ്റ് ബാങ്ക് ലയനം: ഇടപാടുകാരെ പിടിച്ചുനിര്‍ത്താന്‍ എ.ബി.സി.ഡി

തൃശൂര്‍: ലയനശേഷം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിലെ വലിയ ഇടപാടുകാരെ നഷ്ടപ്പെടാതിരിക്കാന്‍ തന്ത്രങ്ങള്‍ ആവിഷ്കരിച്ച് എസ്.ബി.ഐയിലെ എ.ബി.സി.ഡി (അസോസിയേറ്റ് ബാങ്ക് കണ്‍സോളിഡേഷന്‍ ഡിപ്പാര്‍ട്മെന്‍റ്). പ്രമുഖ ഇടപാടുകാരെ നേരില്‍ സന്ദര്‍ശിച്ച് ലയനാനന്തരവും മികച്ച സേവനം ഉറപ്പുനല്‍കുന്ന തിരക്കിലാണ് എസ്.ബി.ഐയിലെ ഒരു വിഭാഗം ഉന്നത ഉദ്യോഗസ്ഥര്‍. എസ്.ബി.ടിയില്‍ നിലവില്‍ വലിയ ഇടപാട് നടത്തുന്ന ചിലര്‍ മറ്റു ബാങ്കുകളിലേക്ക്, പ്രത്യേകിച്ച് ചില പഴയ തലമുറ സ്വകാര്യ ബാങ്കുകളിലേക്ക് ഇടപാട് മാറ്റാന്‍ നീക്കം നടത്തുന്ന പശ്ചാത്തലത്തിലാണ് എ.ബി.സി.ഡിയുടെ നീക്കങ്ങള്‍.

ലയനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോകാനാണ് എ.ബി.സി.ഡി രൂപവത്കരിച്ചിരിക്കുന്നത്. അസോസിയേറ്റ് ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാനങ്ങളിലെ എസ്.ബി.ഐയുടെ ലോക്കല്‍ ഹെഡ് ഓഫിസ് കേന്ദ്രീകരിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

കേരളത്തില്‍ തിരുവനന്തപുരത്ത് എ.ബി.സി.ഡി പ്രവര്‍ത്തിക്കുന്നുണ്ട്. എസ്.ബി.ടിക്കുപുറമെ ഹൈദരാബാദ്, മൈസൂരു, പട്യാല, ബിക്കനിര്‍ ആന്‍ഡ് ജയ്പൂര്‍ സ്റ്റേറ്റ് ബാങ്കുകളാണ് എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നത്. ലയനശേഷം എസ്.ബി.ടിയുടെ 206 ശാഖകള്‍ പൂട്ടുമെന്ന് ഏറക്കുറെ വ്യക്തമായിട്ടുണ്ട്. ഇത് ഇടപാടുകാര്‍ക്ക് സൃഷ്ടിക്കുന്ന പ്രശ്നത്തെക്കുറിച്ച് എസ്.ബി.ഐക്ക് ആശങ്കയുണ്ട്.

പുറമെയാണ്, കാലങ്ങളായി പ്രവര്‍ത്തിക്കുന്ന എസ്.ബി.ടിയോടുള്ള മമത. എസ്.ബി.ഐയിലേക്ക് മാറാന്‍ താല്‍പര്യമില്ലാത്ത വലിയ ഇടപാടുകാരെ ചാക്കിടാന്‍ നവ തലമുറ സ്വകാര്യ ബാങ്കുകളെക്കാള്‍ ഊര്‍ജിതമായ നീക്കം നടത്തുന്നത് സംസ്ഥാനത്തെ രണ്ട് പഴയ തലമുറ സ്വകാര്യ ബാങ്കുകളാണ്. അവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി അതിജീവിക്കാനാണ് ഇടപാടുകാരെ നേരില്‍ കാണുന്നത്. ചെറുകിട ഇടപാടുകാരുടെ കാര്യത്തില്‍ എസ്.ബി.ഐക്ക് വലിയ ഉത്കണ്ഠയുമില്ല.

ചെയര്‍മാന്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ അരുന്ധതി ഭട്ടാചാര്യക്ക് എസ്.ബി.ഐ അടുത്ത ഒക്ടോബര്‍ വരെ സമയം നീട്ടി നല്‍കിയത് ലയന നടപടികള്‍ പൂര്‍ത്തിയാക്കാന്‍ മാത്രമാണ്. ഇക്കാര്യത്തില്‍ മുന്‍ഗാമികളായ പ്രദീപ് ചൗധരി, ഒ.പി. ഭട്ട് എന്നിവരെക്കാള്‍ കാര്യക്ഷമമായി അരുന്ധതി ഭട്ടാചാര്യ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാറിന്‍െറ വിലയിരുത്തലത്രേ. അടുത്ത മാര്‍ച്ചോടെ ലയനം പൂര്‍ത്തിയാകുന്ന തരത്തിലാണ് നടപടികള്‍ പുരോഗമിക്കുന്നത്. അതോടെ, കേരളത്തിന്‍െറ സ്വന്തം പൊതുമേഖലാ ബാങ്ക് ഇല്ലാതാകും.

 

Tags:    
News Summary - state bank joins: abcd for catch the customers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.