കുന്നംകുളം: 65ാമത് സംസ്ഥാന സ്കൂള്‍ കായികോത്സവത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്കുള്ള കായിക ഉപകരണങ്ങൾ ഒരുക്കുന്നു. ആവശ്യമായ ഉപകരണങ്ങൾ പല ജില്ലകളിൽ നിന്നുമായാണ് കുന്നംകുളത്ത് എത്തിക്കുന്നത്. ജില്ല സ്പോർട്സ് കൗൺസിലുകളുടെ കൈവശമുള്ള ഉപകരണങ്ങൾക്ക് പുറമെ വിവിധ കോളജ്, സ്കൂൾ, കായിക അക്കാദമികൾ എന്നിവയിൽ നിന്നുള്ളവയും ശേഖരിക്കൽ തുടരുകയാണ്. ആവശ്യമായ കായിക ഉപകരണങ്ങളുടെ ശേഖരം ഇല്ലാത്തത് സംഘാടകരെ വലക്കുന്നുണ്ട്.
ലക്ഷങ്ങൾ മുടക്കി സർക്കാർ വാങ്ങി നൽകിയ പോൾവാട്ട് ബെഡ് എലി കടിച്ച് നശിച്ചതോടെ അത് സംഘടിപ്പിക്കാൻ സംഘാടകർ നെട്ടോട്ടത്തിലാണ്. ജില്ലയിലെ സ്പോർട്സ് കൗൺസിലിന്റെ കൈവശം ഇല്ലാത്തതിനാൽ തൃശൂരിലെ കാൽഡിയൻ സിറിയൻ സ്കൂളിലെ ബെഡ് കൊണ്ടുവന്നെങ്കിലും ആധുനിക സംവിധാനത്തിലുള്ള ബെഡ് കണ്ടെത്തുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ പട്ടാമ്പി കറുകപുത്തൂർ ഗവ. സ്കൂളിൽ ഉണ്ടെന്ന് അറിഞ്ഞതോടെ അവിടേക്ക് പോയെങ്കിലും രണ്ട് വർഷം മുമ്പ് സർക്കാർ ലക്ഷങ്ങൾ മുടക്കി വാങ്ങി നൽകിയ ബെഡ് എലി കടിച്ച് ഉപയോഗശൂന്യമായ അവസ്ഥയിലാണ്.
ബെഡ് കോട്ടയം ജില്ലയിലുണ്ടെന്ന് അറിഞ്ഞതോടെ അത് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. പാല ജംപിങ് അക്കാദമിയിൽ നിന്നാണ് വ്യാഴാഴ്ച കൊണ്ടുവരുന്നത്. ഏകദേശം എട്ട് ലക്ഷം രൂപ പുതിയ ബെഡിന് വിലയുണ്ട്. ഹൈജംപിനുള്ള ബെഡ് നിലവിൽ കുന്നംകുളത്ത് ഉണ്ട്. ഇത് ഉപയോഗിച്ചാണ് ജില്ലയിലെ പല ഉപജില്ലകളിൽ നിന്നുള്ള കായിക താരങ്ങൾ കുന്നംകുളത്ത് പരിശീലനത്തിന് എത്തുന്നത്. നിരവധി ദേശീയ മീറ്റുകൾക്ക് വേദിയാകുന്ന എറണാകുളത്ത് നിന്നാണ് കൂടുതലും ഉപകരണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. 100 ഹർഡിൽസുകൾ, ദൂരനിർണയ നമ്പറുകൾ സൂചിപ്പിക്കുന്ന കുറ്റികൾ ഉൾപ്പെടെ എത്തിക്കഴിഞ്ഞു. ഇവ കൂടുതലും പഴകിയതിനാൽ അവയിൽ സ്പ്രേ പെയിന്റ് അടിച്ച് നമ്പർ സ്റ്റിക്കറുകൾ പതിക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നും ഉപകരണങ്ങൾ ശേഖരിക്കുന്നുണ്ട്.
മേളയുടെ ഭാഗമായി നിലവിൽ ഗതാഗത നിയന്ത്രണം ഉണ്ടെങ്കിലും മേള നടക്കുന്ന സീനിയർ ഗ്രൗണ്ടിലേക്ക് വാഹനങ്ങൾ പ്രവേശിപ്പിക്കുന്നതിലും കടുത്ത നിയന്ത്രണം വരുത്തുന്നുണ്ട്. തൃശൂർ റോഡിലേക്കുള്ള പ്രധാന കവാടത്തിലൂടെ കയറ്റിയിടുന്ന വാഹനങ്ങൾ ആംബുലൻസ്, ഫയർ, പൊലീസ്, ബോർഡ് സ്ഥാപിച്ച ഒഫീഷ്യൽസ് എന്നിവരുടെ മാത്രമായിരിക്കും. കൂടാതെ ആ കോമ്പൗണ്ടിൽ ഡി.പി.ഐ നിർദേശിച്ച 10ഓളം സ്റ്റാളുകളും ഉണ്ടാകും. സീനിയർ ഗ്രൗണ്ട് റോഡിൽ വൺവേ സംവിധാനമായിരിക്കും. ഗ്രൗണ്ടിൽ മറ്റു വാഹന പാർക്കിങ്ങിനായി പുല്ല് വെട്ടി വൃത്തിയാക്കൽ തകൃതിയായി തുടരുന്നുണ്ട്.
കുന്നംകുളം: കായികോത്സവത്തിൽ പങ്കെടുക്കുന്ന കായിക താരങ്ങള്‍ക്ക് താമസ സൗകര്യം ഒരുങ്ങി. 17നാണ് മത്സരങ്ങള്‍ ആരംഭിക്കുന്നതെങ്കിലും 16ന് കായിക താരങ്ങള്‍ എത്തും. മത്സരാര്‍ഥികളെ പ്രദേശത്തെ 12 വിദ്യാലയങ്ങളിലാണ് താമസിപ്പിക്കുന്നത്. കുന്നംകുളം നഗരസഭ, ജല അതോറിറ്റി എന്നിവയുമായി സഹകരിച്ച് താമസ സ്ഥലത്തെ വെള്ള ലഭ്യത ഉറപ്പാക്കി. മുറികളിലും ഇടവഴികളിലും ആവശ്യമായ വെളിച്ചം ഏര്‍പ്പെടുത്തുന്ന പ്രവൃത്തി അവസാന ഘട്ടത്തിലാണ്. മൂവായിരത്തോളം പ്രതിഭകളാണ് കായികോത്സവത്തില്‍ മാറ്റുരക്കുന്നത്. താരങ്ങള്‍ക്കൊപ്പം എസ്കോര്‍ട്ട് അംഗങ്ങള്‍ക്കും താമസ സൗകര്യം ഒരുക്കിയിട്ടുണ്ട്.
കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പെണ്‍കുട്ടികള്‍ക്കുള്ള താമസം ഒരുക്കുന്നത്. ഇവിടെ 1500ഓളം പേര്‍ക്ക് താമസിക്കാം. കുന്നംകുളം ഗവ. മോഡല്‍ ബോയ്സ് ഹൈസ്കൂള്‍, ഗവ. ഹയര്‍ സെക്കൻഡറി സ്കൂള്‍, ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പന്നിത്തടം കോണ്‍കോഡ് ഹൈസ്കൂള്‍, കോണ്‍കോഡ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പഴഞ്ഞി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പെരുമ്പിലാവ് ടി.എം.വി.എച്ച്.എസ്, ടി.എം.വി.എച്ച്.എസ്.എസ്, ടി.എം.വി.എച്ച്.എസ്.ഇ, ടി.എം.വി.ടി.ടി.സി ആൻഡ് ബി.എഡ് സെന്റര്‍ എന്നിവിടങ്ങിലാണ് ആണ്‍കുട്ടികള്‍ക്ക് താമസ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. എല്ലാ സെന്ററുകളില്‍നിന്നും രാവിലെ ഏഴിന് മത്സര വേദിയായ സിന്തറ്റിക് ട്രാക്കിലേക്ക് എത്താൻ പ്രത്യേകം വാഹനങ്ങളും ഉണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.