തിരുവനന്തപുരം: പീഡനക്കേസിൽ പെരുമ്പാവൂർ എം.എൽ.എ എൽദോസ് കുന്നപ്പിള്ളിക്ക് കുരുക്കുമുറുക്കി പൊലീസുകാരുടെ മൊഴിയും. സെപ്റ്റംബർ 14ന് കോവളം ആത്മഹത്യ മുനമ്പിൽ എം.എൽ.എ മർദിച്ചെന്ന യുവതിയുടെ പരാതിയിൽ കോവളം സ്റ്റേഷനിലെ രണ്ട് പൊലീസുകാരുടെ മൊഴി ജില്ല ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
സംഭവദിവസം യുവതി ബഹളംവെച്ചതിനെ തുടർന്ന് നാട്ടുകാർ അറിയിച്ചപ്പോള്‍ കോവളം സ്റ്റേഷനിൽനിന്ന് രണ്ട് പൊലീസുകാർ സ്ഥലത്തെത്തിയിരുന്നു. എന്നാൽ, ഒപ്പമുള്ളത് ഭാര്യയാണെന്നാണ് പൊലീസുകാരെ എം.എൽ.എ അറിയിച്ചത്. തുടർന്ന് പൊലീസുകാർ ഇടപെട്ട് യുവതിയെയും എം.എൽ.എയെയും കാറിൽ കയറ്റി അയച്ചിരുന്നു. ഇക്കാര്യം പരാതിക്കാരിയും വ്യക്തമാക്കിയിരുന്നു. യുവതി ആരോപിക്കുന്ന ദിവസം എം.എൽ.എ കോവളത്തുണ്ടായിരുന്നെന്നും തർക്കമുണ്ടായെന്നും പൊലീസുകാരുടെ മൊഴിയിലൂടെ തെളിയുകയാണ്. 14ന് എം.എൽ.എ കോവളം ഗെസ്റ്റ്ഹൗസിൽ മുറിയെടുത്തതിന്റെ രേഖകളും കണ്ടെത്തി.
അതിനിടെ, എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യാപേക്ഷ വ്യാഴാഴ്ച കോടതി പരിഗണിക്കും. നേരത്തേയുള്ള കുറ്റങ്ങൾക്ക് പുറമെ, ബലാത്സംഗം, വധശ്രമം തുടങ്ങി ഗുരുതര കുറ്റങ്ങൾ കൂടി ചുമത്തി അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചതിനാൽ എം.എൽ.എക്ക് ജാമ്യം ലഭിക്കുമോയെന്നതിൽ സംശയമുണ്ട്. അതിനിടെ, തന്റെ ഭാഗം കൂടി കേട്ടശേഷം മാത്രമേ ജാമ്യാപേക്ഷയിൽ വിധി പറയാവൂ എന്ന് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചു. എൽദോസ് ഇപ്പോഴും ഒളിവിലാണ്.
പരാതിക്കാരിയുമായുള്ള തെളിവെടുപ്പ് തുടരുകയാണ്. എം.എൽ.എയുടെ പെരുമ്പാവൂരിലെ വീട്ടിലുൾപ്പെടെ തെളിവെടുപ്പ് നടത്തുന്നുണ്ട്. എൽദോസ് അപായപ്പെടുത്താൻ ശ്രമിച്ചെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത വധശ്രമക്കേസും എം.എൽ.എക്ക് തിരിച്ചടിയാണ്. സമീപത്തെ വീടിനു പിന്നിൽ ഓടിയൊളിച്ചപ്പോള്‍ എം.എൽ.എ മർദിച്ചെന്നാണ് മൊഴി. വീട്ടിൽ അതിക്രമിച്ചുകയറി വസ്ത്രങ്ങള്‍ വലിച്ചുകീറിയതിന് എം.എൽ.എക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയാണ് ജില്ല ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. കേസിൽനിന്ന് പിന്മാറാൻ അഭിഭാഷകന്റെ സാന്നിധ്യത്തിൽ എം.എൽ.എ പണം വാഗ്ദാനം ചെയ്തെന്ന് നേരത്തേ യുവതി മൊഴി നൽകിയിരുന്നു. തുടർനടപടിക്കായി വഞ്ചിയൂർ പൊലീസ് നിയമോപദേശം തേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.