കൊച്ചി: മന്ത്രി ആന്റണി രാജു പ്രതിയായ, തൊണ്ടിമുതലിൽ കൃത്രിമം കാട്ടിയ കേസിലെ തുടർ നടപടികളിലെ സ്റ്റേ ഹൈകോടതി ഒരു മാസം കൂടി നീട്ടി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആന്റണി രാജു നൽകിയ ഹരജിയിൽ നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള വിചാരണ നടപടികൾ നേരത്തേ സ്റ്റേ ചെയ്തിരുന്നു. ഈ ഉത്തരവിന്റെ കാലാവധിയാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാൻ വീണ്ടും നീട്ടിയത്.
ഹരജി ഓണാവധിക്ക് ശേഷം പരിഗണിക്കും. കക്ഷി ചേരാനുള്ള അപേക്ഷകളും അപ്പോൾ പരിഗണിക്കും. നേരത്തേ ഹരജി ഫയലിൽ സ്വീകരിച്ച കോടതി, സർക്കാറിനും പരാതിക്കാരനായ മുൻ ശിരസ്തദാർ ടി.ജി. ഗോപാലകൃഷ്ണൻ നായർക്കും നോട്ടീസ് നൽകാൻ ഉത്തരവിട്ടിരുന്നു.
മയക്കുമരുന്ന് കേസിൽ വഞ്ചിയൂർ സെഷൻസ് കോടതി പത്തുവർഷം തടവിന് ശിക്ഷിച്ച ആസ്ട്രേലിയൻ പൗരനെ രക്ഷിക്കാൻ തൊണ്ടിമുതൽ മാറ്റിയതുമായി ബന്ധപ്പെട്ട കേസാണ് മന്ത്രിക്കെതിരെയുള്ളത്. ഹൈകോടതിയിൽ നൽകിയ അപ്പീലിൽ പ്രതിയെ വെറുതെവിട്ടിരുന്നു. തൊണ്ടിമുതലായ അടിവസ്ത്രം പ്രതിക്ക് പാകമല്ലെന്ന വാദം ശരിവെച്ചായിരുന്നു വെറുതെ വിട്ടത്.
പ്രതിയുടെ അഭിഭാഷകനായിരുന്ന ആന്റണി രാജു കോടതിയിലെ ക്ലർക്കിനെ സ്വാധീനിച്ച് തൊണ്ടിമുതൽ മോഷ്ടിച്ച് അളവിൽ വ്യത്യാസം വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് 1994 ഒക്ടോബർ അഞ്ചിന് ഗൂഢാലോചനയടക്കമുള്ള കുറ്റങ്ങൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.