കൊച്ചി: മസ്തിഷ്ക മരണമെന്ന് റിപ്പോർട്ട് നൽകി അവയവദാനം നടത്തിയെന്ന പരാതിയിൽ ഡോക്ടർമാർക്തെിരെ കേസെടുത്ത് അന്വേഷിക്കണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിലെ തുടർ നടപടികൾ ഹൈകോടതി സ്റ്റേ ചെയ്തു. നടപടിക്രമങ്ങൾ പാലിക്കാതെ അവയവം ദാനം ചെയ്തതുമായി ബന്ധപ്പെട്ട് എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് ഫസ്റ്റ് ക്ലാസ് എട്ടാം നമ്പർ കോടതിയിലെ കേസിന്റെ തുടർ നടപടികളാണ് ആറുമാസത്തേക്ക് സ്റ്റേ ചെയ്തത്.
ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ആണ് സ്റ്റേ ചെയ്തത്. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലെ ലേക്ഷോർ ആശുപത്രിയും ഏഴ് ഡോക്ടർമാരും നൽകിയ ഹരജിയാണ് പരിഗണിച്ചത്.
ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ച് സാരമായി പരിക്കേറ്റ മൂവാറ്റുപുഴ സ്വദേശിയായ 21കാരന്റെ മസ്തിഷ്ക മരണത്തിൽ സംശയമുന്നയിച്ച് കൊല്ലം സ്വദേശിയായ ഡോ. എസ്. ഗണപതി നൽകിയ സ്വകാര്യ അന്യായത്തിലാണ് കേസെടുത്ത് അന്വേഷിക്കാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. 2009 നവംബർ 29ന് ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവിനെ ആദ്യം കോതമംലത്തെ സ്വകാര്യ ആശുപത്രിയിലും പിറ്റേന്ന് പുലർച്ച കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഡിസംബർ ഒന്നിന് മസ്തിഷ്ക മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. തുടർന്ന് മാതാവിന്റെ സമ്മതപ്രകാരം കരളും വൃക്കയും ദാനം ചെയ്യുകയായിരുന്നു.
അവയവദാനവുമായി ബന്ധപ്പെട്ട നിയമത്തിലെ വ്യവസ്ഥകൾ പാലിക്കാതെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് റിപ്പോർട്ട് നൽകിയെന്നായിരുന്നു ആരോപണം. നിയമപ്രകാരം മെഡിക്കൽ ബോർഡ് ചേർന്നാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചതെന്ന് ആശുപത്രിയും ഡോക്ടർമാരും നൽകിയ ഹരജിയിൽ പറയുന്നു. പരാതിക്കാരൻ സമർപ്പിച്ച വിദഗ്ധ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഡോക്ടർമാർക്കെതിരെ കേസെടുക്കാൻ ഉത്തരവിട്ട മജിസ്ട്രേറ്റിന്റെ നടപടി തെറ്റാണ്. തെളിവില്ലെന്ന് കണ്ടെത്തി പൊലീസ് അന്വേഷണം അവസാനിപ്പിച്ച കേസിലാണ് ഇത്തരമൊരു ഉത്തരവിട്ടതെന്നും ഇത് റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.