മഞ്ചേരി: 70 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത കേസില്‍ ആറുപേർകൂടി അറസ്റ്റില്‍. പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശികളായ കല്ലുരിക്കൽവീട്ടിൽ അബ്ദുൽ അസീസ് (26), കോഴിപള്ളിയാളി വീട്ടിൽ അബ്ദുൽ ഗഫൂർ (38), കൊങ്ങശ്ശേരി വീട്ടിൽ അജിത് കുമാർ (44), കലസിയിൽ വീട്ടിൽ പ്രിൻസ് (22), ചോലക്കുന്ന് വീട്ടിൽ ശ്രീക്കുട്ടൻ (20), പാലക്കാട് കരിമ്പുഴ സ്വദേശി എളയേടത്തു വീട്ടിൽ അബ്ദുൽ മുബഷിർ (20) എന്നിവരെയാണ് മഞ്ചേരി പൊലീസ് പിടികൂടിയത്.
ആഗസ്റ്റ് 19ന് നറുക്കെടുത്ത നിർമൽ ഭാഗ്യക്കുറി ടിക്കറ്റിന് മഞ്ചേരി മുള്ളമ്പാറ സ്വദേശിക്ക് ഒന്നാം സമ്മാനം ലഭിച്ചിരുന്നു. സമ്മാനത്തുക കൈപ്പറ്റാൻ ഒരു മാസമായിട്ടും ഇയാള്‍ ടിക്കറ്റ് സമര്‍പ്പിച്ചിരുന്നില്ല. സര്‍ക്കാര്‍ നികുതി കഴിച്ച് 43 ലക്ഷം രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. എന്നാൽ, ടിക്കറ്റിന് 43 ലക്ഷത്തിൽ കൂടുതൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് സ്വകാര്യ ബാങ്ക് ഉദ്യോഗസ്ഥർ എന്ന വ്യാജേന പ്രതികൾ ടിക്കറ്റ് ഉടമയെ സമീപിച്ചു. ഇതനുസരിച്ച് പരാതിക്കാരന്‍റെ മകനും മറ്റും പണം കൈപ്പറ്റാന്‍ വ്യാഴാഴ്ച രാത്രി 10.30ഓടെ ടിക്കറ്റുമായി കച്ചേരിപ്പടിയിലെത്തി. രണ്ട് കാറിലും ഒരു ബൈക്കിലുമായി വന്ന പ്രതികൾ ടിക്കറ്റ് സ്കാൻ ചെയ്യാനാണെന്ന വ്യാജേന ടിക്കറ്റുമായി വന്നവരെ വാഹനത്തിനകത്തേക്ക് കയറ്റി മാരകമായി പരിക്കേൽപിച്ച് ടിക്കറ്റ് കവരുകയായിരുന്നു.
മഞ്ചേരി പൊലീസ് ഇൻസ്പെക്ടർ റിയാസ് ചാക്കീരിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റും നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടാനായത്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനാർഹമായവരെ കണ്ടെത്തി വൻ തുക ഓഫർ ചെയ്ത് തട്ടിപ്പ് നടത്തിവരുന്ന സംഘത്തിലെ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ചോദ്യംചെയ്തതിൽനിന്ന് സ്വർണ വെള്ളരി, നിധി, ഇരുതലമൂരി, വെള്ളിമൂങ്ങ, സ്വർണക്കല്ല് തുടങ്ങിയ നിരവധി തട്ടിപ്പുകൾ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികൾ കവർച്ചക്ക് ഉപയോഗിച്ച രണ്ടു വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. തട്ടിപ്പ് സംഘത്തിന് സഹായം ചെയ്ത മണ്ണാര്‍ക്കാട് അലനല്ലൂര്‍ തിരുവിഴാംകുന്ന് പാറപ്പുറം പൂളമണ്ണ വീട്ടില്‍ മുജീബ് (46), പുല്‍പ്പറ്റ പൂക്കൊളത്തൂര്‍ കുന്നിക്കല്‍ വീട്ടില്‍ പ്രഭാകരന്‍ (44) എന്നിവരെ ശനിയാഴ്ച പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കോടതിയിൽ ഹാജറാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മഞ്ചേരി പൊലീസ് സബ് ഇൻസ്പെക്ടർ ഷാഹുൽ കൊടിയിൽ, ഷാജി ചെറുകാട്, എൻ.എം. അബ്ദുല്ല ബാബു, പി. ഹരിലാൽ, ഡാൻസാഫ് ടീം അംഗങ്ങളായ ദിനേഷ് ഇരുപ്പകണ്ടൻ, സലിം പൂവത്തി, ആർ. ഷഹേഷ് എന്നിവർ അടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.