ദമ്മാം: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തി പ്രാപിക്കുന്ന കാലത്ത് നിരവധി മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിക്കുന്നത്. 12 വർഷത്തിന് മുമ്പ് രൂപപ്പെട്ട ജയിൽ പുള്ളികളെ കൈമാറുന്ന നിയമം പ്രാബല്യത്തിൽ വരുത്തുന്നതിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ ഇരുരാജ്യങ്ങളും. ഇതനുസരിച്ച് സൗദിയിലെ ജയിലിൽ തടവ് ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നവർക്ക് ബാക്കിയുള്ള ശിക്ഷാകാലം ഇനി നാട്ടിലെ ജയിലിൽ കഴിഞ്ഞാൽ മതിയാകും.
2010 ൽ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് സൗദി സന്ദർശന വേളയിലാണ് ഇരുരാജ്യങ്ങളും തടവുപുള്ളികളെ പരസ്പരം കൈമാറുന്ന കരാറിൽ ഒപ്പുവെച്ചത്. ഇതുമായി ബന്ധപ്പെട്ട് അന്നു തന്നെ നടപടികൾ ആരംഭിച്ചെങ്കിലും നടപടിക്രമങ്ങളുടെ നൂലാമാലയിൽ കുടുങ്ങി കരാർ പ്രാബല്യത്തിൽ എത്തുന്നത് നീണ്ടുപോവുകയായിരുന്നു. എന്നാലിപ്പോൾ അതിന് മൂർത്തമായ രൂപം കൈവരികയും ഇത്തരത്തിൽ ജയിൽ പുള്ളികളെ നാട്ടിലെത്തിക്കുന്നതിനുള്ള നടപടികളിലേക്കും കടന്നിട്ടുണ്ട്. ഇന്ത്യൻ എംബസി ഇതുമായി ബന്ധപ്പെട്ട് സൗദിയിലെ വിവിധ ജയിൽ മേധാവികൾക്ക് കത്തയച്ചിട്ടുണ്ട്.
സാമ്പത്തിക ബാധ്യതയോ, ക്രിമിനൽ കുറ്റമോ അല്ലാത്ത കേസുകളിൽപ്പെട്ട് ജയിലിൽ കഴിയുന്നവർക്കാണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. ഇത്തരത്തിൽ നാട്ടിലെ ജയിലിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരുടെ കണക്കുകൾ ലഭ്യമാക്കാൻ ജയിൽ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കി. നേരത്തെ ഇത്തരത്തിൽ കണക്കെടുപ്പുകൾ നടത്തിയെങ്കിലും ഇത് എത്തരത്തിൽ നടപ്പിൽ വരുത്തുമെന്ന മൂർത്തരൂപം ഉണ്ടാകാത്തതിനാൽ നടപടികൾ നീണ്ടുപോവുകയായിരുന്നു. അന്ന് ലിസ്റ്റിൽ പെട്ട പലരും ശിക്ഷാകാലാവധി കഴിഞ്ഞ് നാട്ടിലെത്തുകയും ചെയ്തിട്ടുണ്ട്.
നിലവിൽ ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് നിർദ്ദേശം കിട്ടിയതായി ജയിൽ അധികൃതരും സമ്മതിച്ചിട്ടുണ്ട്. ജയിൽ പുളളികളിൽ നിന്ന് നാട്ടിലെ ജയിലുകളിലേക്ക് പോകാൻ താൽപര്യമുള്ളവരുടെ വിവരങ്ങൾ ശേഖരിക്കാൻ തങ്ങളോട് ജയിൽ അധികൃതർ നിർദ്ദേശിച്ചതായി സാമൂഹിക പ്രവർത്തകൻ മണിക്കുട്ടൻ പറഞ്ഞു. പിഴസംഖ്യകൾ അടക്കുകയും തടവ് ശിക്ഷ മാത്രം അനുഭവിക്കുകയും ചെയ്യുന്നവർക്ക് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താനാകും. ഇത്തരത്തിൽ കൂടുതലും മദ്യവുമായി ബന്ധപ്പെട്ട കേസുകളിൽ ഉൾപ്പെട്ടവരാണ് ഉള്ളത്. ഏറെ ശ്രദ്ധിക്കപ്പെട്ട ചില കേസുകളിൽ ദീർഘകാല തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികൾക്കും ഇത്തരത്തിൽ ആനുകൂല്യം ലഭിക്കുമെന്നാണ് കരുതുന്നത്.
എന്നാൽ നാട്ടിലെ ഏത് ജയിലുകളിലേക്കാണ് ഇവരെ മാറ്റുക എന്നത് സംബന്ധിച്ച് ഇപ്പോൾ വിവരങ്ങൾ പറയാനാവില്ലെന്ന് എംബസി വൃത്തങ്ങൾ പറഞ്ഞു. ഓരോരുത്തർക്കും അവരവരുടെ സംസ്ഥാനങ്ങളിലുള്ള ജയിലുകളിലാണോ, അതോ രാജ്യം നിശ്ചയിക്കുന്ന ജയിലുകളിലാണോ എന്നത് ഇപ്പോഴും തീരുമാനമായിട്ടില്ല. വളരെ താമസിയാതെ ഇതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാക്കാനുള്ള ഒരുക്കത്തിലാണ് അധികൃതർ. ഇരുരാജ്യങ്ങളിലേയും തടവുകാർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. എങ്കിലും ഇന്ത്യൻ തടവറയിൽ സൗദി തടവുകാർ ഇല്ലെന്നാണ് പ്രാഥമിക വിവരം. അതുകൊണ്ട് തന്നെ സൗദി ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ തടവുകാർക്കാണ് ഈ നിയമം ഏറെ പ്രയോജനപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.