കങ്ങഴ: മേഖലയിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം പതിവാകുന്നു.വെള്ളിയാഴ്ച രാത്രി രണ്ട് മുസ്ലിം പള്ളികൾക്കുനേരെ ആക്രമണമുണ്ടായി. കങ്ങഴ പുതൂർപ്പള്ളി മുസ്ലിം ജമാഅത്തിന് കീഴിലുള്ള ചാരംപറമ്പ്, ഇടയിരിക്കപ്പുഴ പള്ളികളുടെ ജനാലകൾ കല്ലേറിൽ തകർന്നു.
വെള്ളിയാഴ്ച രാത്രി 11.30ഓടെയാണ് ബൈക്കിലെത്തിയവർ പള്ളിക്കുനേരെ കല്ലെറിഞ്ഞത്. ശബ്ദം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും ഇവർ രക്ഷപ്പെട്ടു. കഴിഞ്ഞദിവസം പത്തനാട്ടെ െപട്രോൾ പമ്പിൽ ബൈക്കിലെത്തിയ യുവാക്കൾ കത്തികാട്ടി ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി.
വീണ്ടുമെത്തിയ ഇവർ രാത്രി പമ്പിലേക്ക് ബോംബ് എറിയുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രദേശത്ത് ഗുണ്ടാവിളയാട്ടവും ആക്രമണവും പതിവായതോടെ പൊലീസ് പട്രോളിങ് ഊർജിതമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഇമാംസ് കൗൺസിൽ പ്രതിഷേധിച്ചു
പത്തനാട്: മുനീറുൽ ഇസ്ലാം മസ്ജിദ് ഇടയിരിക്കപ്പുഴ, കങ്ങഴ ഹിദായത്തുൽ ഇസ്ലാം മസ്ജിദ്, ചാരംപറമ്പ് കങ്ങഴ എന്നീ മസ്ജിദുകൾക്ക് നേരെ വെള്ളിയാഴ്ച ഉണ്ടായ സാമൂഹിക വിരുദ്ധരുടെ ആക്രമണത്തിൽ ഓൾ ഇന്ത്യ ഇമാംസ് കൗൺസിൽ പ്രതിഷേധിച്ചു. ആക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്യണമെന്ന് സ്ഥലം സന്ദർശിച്ച കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി അൻസാരി മൗലവി, സംസ്ഥാന സമിതി അംഗം അബ്ദുറസാഖ് മൗലവി, അബ്ദുൽ അസീസ് മൗലവി, ഷാജഹാൻ മൗലവി എന്നിവർ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.