കറുകച്ചാൽ: സെൻട്രൽ ജങ്ഷനിലെ അൽഫോൻസ ചാപ്പലിലേക്ക് കല്ലെറിഞ്ഞു. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയായ യുവാവിനെ പൊലീസ് പടികൂടി. ഇയാളെ പിന്നീട് നെടുംകുന്നം സഞ്ജീവനി മാനസികാരോഗ്യകേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ 5.50ഓടെയായിരുന്നു സംഭവം. രണ്ടാം നിലയിലെ ചാപ്പലിൽ കുർബാന നടക്കുമ്പോൾ മണിമല റോഡിൽനിന്ന് ആരോ കല്ലെറിയുകയായിരുന്നു.
ചാപ്പലിന്റെ വശത്തെ ചില്ല് പൊട്ടി കല്ല് അകത്തു വീണു. പിന്നാലെ കല്ലെറിഞ്ഞെങ്കിലും ചില്ലിൽ കൊണ്ടില്ല. ശബ്ദം കേട്ട് ചാപ്പലിലുള്ളവർ ഓടിയെത്തിയെങ്കിൽ ആരെയും കണ്ടില്ല. തുടർന്ന് പള്ളി അധികൃതർ കറുകച്ചാൽ പൊലീസിൽ പരാതി നൽകി. പൊലീസ് അന്വേഷണത്തിൽ സ്ഥലത്തുണ്ടായിരുന്ന ഒരു ലോട്ടറി തൊഴിലാളിയുടെ മൊഴി പ്രകാരം ഇയാളെ പിടികൂടുകയായിരുന്നു. ഇയാൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെതുടർന്ന് നെടുംകുന്നം സഞ്ജീവനിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അതേസമയം, ചാപ്പലിന് കല്ലെറിഞ്ഞ സംഭവത്തിൽ കുറ്റക്കാരനെ പിടികൂടിയെങ്കിലും പൊലീസ് മനഃപൂർവം ഇയാളെ മാനസികാരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ച് കൈയൊഴിയുകയായിരുന്നെന്ന് കത്തോലിക്ക കോൺഗ്രസ് നെടുംകുന്നം ഫൊറോന സമിതി ആരോപിച്ചു. മനഃപൂർവം കല്ലെറിഞ്ഞതാണെന്നും പൊലീസിന്റെ ഭാഗത്തുനിന്ന് നീതി പൂർവമായ ഇടപെടൽ വേണമെന്നും സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണമെന്നും ഫൊറോന പ്രസിഡന്റ് ജോസഫ് ദേവസ്യ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.