കണ്ണൂർ: നേരം പുലർന്നാൽ പയ്യാമ്പലം ബീച്ച് റോഡിൽ നിറയെ സൈക്കിൾ യാത്രക്കാരാണ്. തലങ്ങും വിലങ്ങും പായുന്ന സൈക്കിളുകൾ കണ്ട് അന്വേഷിച്ച് ചെന്നപ്പോൾ പയ്യാമ്പലം പാർക്കിനടുത്തുള്ള ബൈസൈക്ലോ പോയൻറിലാണ് എത്തിയത്. ലോക്ഡൗൺ കാലത്ത് കണ്ണൂർ സ്വദേശികളായ നാലു സഹപാഠികളുടെ മനസ്സിൽ ഉദിച്ച ആശയമാണ് സൈക്കിൾ സംരംഭമായി മണിമുഴക്കി റോഡിലിറങ്ങിയത്. ആദ്യം സൂപ്പർ മാർക്കറ്റ് തുടങ്ങാനാണ് ഒരുങ്ങിയതെങ്കിലും പെട്ടെന്ന് തീരുമാനത്തിെൻറ ഗിയർ മാറുകയായിരുന്നു. അങ്ങനെയാണ് വ്യായാമത്തിനും വിനോദത്തിനുമായി പയ്യാമ്പലം ബീച്ചിലെത്തുന്നവർക്ക് സൈക്കിൾ സവാരി ഒരുക്കുകയെന്ന ലക്ഷ്യത്തോടെ ബൈസൈക്ലോ എന്ന സംരംഭം പിറക്കുന്നത്. വിലയേറിയ സൈക്കിളുകൾ ചെറിയ വാടകക്ക് സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഉദ്ദേശം. മുൻ മേയർ സി. സീനത്ത് പിന്തുണയുമായി കൂടെ നിന്നു. കോർപറേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം നവംബർ 27 മുതൽ സൈക്കിളോട്ടം ആരംഭിച്ചു. അക്കൗണ്ടൻറായി ജോലിചെയ്യുന്ന മുഹമ്മദ് റംഷിദ്, ചാർട്ടേഡ് അക്കൗണ്ടിങ് വിദ്യാർഥിയായ കെ.വി. മുഹമ്മദ്, എൻജിനീയറിങ് ബിരുദധാരികളായ മസർ ജബ്ബാറും ഷാസ് ജമാലുദ്ദീനുമാണ് ബൈസൈക്ലോയുടെ പിന്നിൽ. നാലുപേരും ശ്രീപുരം സ്കൂളിൽ എട്ടാം ക്ലാസ് മുതൽ ഒന്നിച്ചു പഠിച്ചവരാണ്.
ആദ്യദിനത്തിൽ ബി.എസ്.എൻ.എൽ ജീവനക്കാരാണ് റൈഡർമാരായി എത്തിയത്. സ്ഥിരമായി പയ്യാമ്പലത്ത് നടക്കാൻ വരുന്നവർ ഇടവിട്ട ദിവസങ്ങളിൽ സൈക്കിളിലേക്ക് വ്യായാമം മാറ്റിയിട്ടുണ്ട്. നൊസ്റ്റാൽജിയ പടർത്തി പലരും വർഷങ്ങൾക്കു ശേഷമാണ് സൈക്കിളോടിക്കുന്നതെന്നും പിന്നീട് സ്ഥിരം റൈഡർമാരായെന്നും സംരംഭകരിൽ ഒരാളായ റംഷിദ് പറഞ്ഞു. സംരംഭം തുടങ്ങിയതിെൻറ രണ്ടാം നാൾ ബൈസൈക്ലോ പോയൻറിലെത്തിയ മുൻ പ്രവാസിയായ 65കാരൻ ഹാഷിം 20 വർഷങ്ങൾക്കു ശേഷം സൈക്കിൾ ചവിട്ടിയതിെൻറ ആവേശത്തിൽ ഇടക്കിടെ എത്താറുണ്ട്.
10,000 മുതൽ 45,000 രൂപ വരെ വിലയുള്ള സൈക്കിളുകൾ വാടക നൽകി ഉപയോഗിക്കാം. അരമണിക്കൂർ നേരത്തേക്ക് 10 മുതൽ 100 രൂപ വരെയാണ് വാടക. രണ്ടുപേർക്ക് ഒന്നിച്ച് ചവിട്ടാവുന്ന ടാൻറം മോഡൽ സൈക്കിളിന് അരമണിക്കൂറിന് 100 രൂപ നൽകണം. ഫാമിലിക്കും കപ്പിൾസിനും ടാൻറത്തിനോടാണ് പ്രിയം. ഗിയർ സൈക്കിളുകൾക്ക് 30 രൂപ മുതലാണ് വാടക. ഏെതങ്കിലും അംഗീകൃത തിരിച്ചറിയൽ കാർഡ് ഈടായി നൽകിയാൽ മണിമുഴക്കി ഓട്ടം തുടങ്ങാം. സൈക്കിൾ തിരിച്ചേൽപ്പിക്കുേമ്പാൾ വാടക വാങ്ങി തിരിച്ചറിയൽ രേഖ തിരികെ നൽകും. കുട്ടികൾക്കായി പ്രത്യേകം സൈക്കിളുകളും ലഭ്യമാണ്. സ്ത്രീകളും യുവാക്കളും പ്രായമായവരും സൈക്കിളേറാൻ എത്തുന്നുണ്ട്.
ലോക്ഡൗണിൽ ജിംനേഷ്യം അടക്കമുള്ള വ്യായാമ മാർഗങ്ങൾ അടഞ്ഞതോടെയാണ് സൈക്കിൾ പഴയ പ്രതാപം വീണ്ടെടുത്തത്. രാവിലെ 6.30 മുതൽ 10 വരെയും വൈകീട്ട് നാലു മുതൽ രാത്രി 10 വരെയും സൈക്കിളുകൾ ലഭ്യമാണ്. സൈക്കിളെടുത്താൽ എത്രദൂരം വേണമെങ്കിലും പോകാമെങ്കിലും ബീച്ചിൽ ഇറങ്ങാൻ അനുവാദമില്ല. 20 സൈക്കിളുകളാണ് ആദ്യഘട്ടത്തിൽ ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.