പയ്യനാട് പയ്യെ കാടാക്കരുത്

മലപ്പുറം: ആരോരും തിരിഞ്ഞുനോക്കാതെ ഏഴ് വർഷത്തോളം കാടുപിടിച്ച് കിടക്കുകയായിരുന്നു പയ്യനാട് സ്റ്റേഡിയം. 2014ൽ ഉദ്ഘാടനത്തോടനുബന്ധിച്ച് നിറഞ്ഞുകവിഞ്ഞ ഗാലറിയെ സാക്ഷിയാക്കി ഫെഡറേഷൻ കപ്പ് മത്സരങ്ങൾ നടത്തിയ സ്റ്റേഡിയത്തെ അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും കേരള ഫുട്ബാൾ അസോസിയേഷനും കൈയൊഴിഞ്ഞിരുന്നു. എന്നാൽ, സന്തോഷ് ട്രോഫി ആതിഥ്യം കേരളത്തിന് കിട്ടിയതോടെ പയ്യനാടി‍െൻറ കഥയും മാറി. നവീകരിച്ച സ്റ്റേഡിയത്തിലേക്ക് മത്സരങ്ങൾ കാണാനൊഴുകിയത് ഒന്നര ലക്ഷത്തിലധികം പേരെന്നാണ് പ്രാഥമിക കണക്കുകൾ. എ.ഐ.എഫ്.എഫും പരിശീലകരും താരങ്ങളും കായികവിദഗ്ധരും മൈതാനത്തിന് നൂറു മാർക്ക് നൽകിയിട്ടുണ്ട്. സ്റ്റേഡിയത്തെ ഇനിയെങ്കിലും നശിപ്പിക്കാതെ കാക്കണമെന്ന ആവശ്യം ഉയർന്നുകഴിഞ്ഞു.

മലപ്പുറം ആസ്ഥാനമായി ആരംഭിച്ച ഗോകുലം എഫ്.സി ഹോം ഗ്രൗണ്ടായി കണ്ടുവെച്ചത് പയ്യനാട് സ്റ്റേഡിയമായിരുന്നു. ഇവർ കോട്ടപ്പടി സ്റ്റേഡിയത്തിലായിരുന്നു തുടക്കത്തിൽ പരിശീലനം നടത്തിയത്. ഇവിടെ അമിത വാടക ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പിന്നീട് തേഞ്ഞിപ്പലത്തെ കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലേക്ക് മാറി. ഐ ലീഗിൽ അരങ്ങേറ്റം ലക്ഷ്യമിട്ട ടീം പയ്യനാട് സ്റ്റേഡിയം വിട്ടുനൽകാൻ സ്പോർട്സ് കൗൺസിലിനോട് ആവശ്യപ്പെട്ടെങ്കിലും അധികൃതർ സമ്മതിച്ചില്ല. മലപ്പുറം ആസ്ഥാനമായ ക്ലബെന്ന നിലയിൽ ഗോകുലത്തിന് ജില്ല വിടാൻ താൽപര്യമില്ലായിരുന്നു. നിവൃത്തിയില്ലാതെ ഇവർ കോഴിക്കോട്ടേക്ക് മാറി. മറിച്ചായിരുന്നെങ്കിൽ ഹോം ഗ്രൗണ്ടെന്ന നിലയിൽ ഐ ലീഗ് മത്സരങ്ങൾ പയ്യനാട്ട് നടക്കുമായിരുന്നു.

ഫെഡറേഷൻ കപ്പിന് ശേഷം ദക്ഷിണ മേഖല സബ് ജൂനിയർ ഫുട്ബാൾ ചാമ്പ്യൻഷിപ്പിനും സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് മത്സരങ്ങൾക്കും മാത്രമാണ് പയ്യനാട് വേദിയായിത്. 2014-15ലായിരുന്നു ഇത്. 2017ൽ സന്തോഷ് ട്രോഫി യോഗ്യത റൗണ്ട് കേരളത്തിന് ലഭിച്ചപ്പോൾ കോഴിക്കോടായിരുന്നു വേദി. അവഗണനയുടെ ഭാരം പേറി കാടുപിടിച്ചും കിടന്നു പയ്യനാട് സ്റ്റേഡിയം. പിന്നീട് സ്പോർട്സ് കൗൺസിൽത്തന്നെ മുൻകൈയെടുത്ത് നടത്തിയ വികസന പ്രവർത്തനങ്ങൾ ഗുണം ചെയ്തു. സ്ഥിരം ഫ്ലഡ്ലൈറ്റ് വന്നതാണ് സന്തോഷ് ട്രോഫി ഫൈനൽ റൗണ്ട് മത്സരങ്ങൾ നടത്താൻ അവസരമൊരുക്കിയത്. പുല്ല് സംരക്ഷിക്കലാണ് ഏറ്റവും പ്രധാനം. മത്സരങ്ങൾ നടത്താതിരുന്നാൽ വീണ്ടും കാടുമൂടുകയും ഇരിപ്പിടങ്ങളടക്കം നശിക്കുകയും ചെയ്യും.

കൂടുതൽ ദേശീയ ചാമ്പ്യൻഷിപ്പുകൾ കൊണ്ടുവരേണ്ടതുണ്ട്. ഗാലറി ശേഷി വർധിപ്പിക്കലുൾപ്പെടെ നടത്തി സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തണമെന്നും ആവശ്യമുയരുന്നു.

Tags:    
News Summary - Story about payyanad stadium, protection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.