സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍  തെരുവുനായ്ക്കളുള്ളത് കോഴിക്കോട്ട്


കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തെരുവുനായ്ക്കളുള്ളത് കോഴിക്കോട് കോര്‍പറേഷനിലെന്ന് റിപ്പോര്‍ട്ടുകള്‍. 20,000 നായ്ക്കളാണ് നഗരത്തില്‍ അലഞ്ഞുതിരിയുന്നത്. ഇതില്‍ വന്ധ്യംകരിച്ചത് 253 എണ്ണത്തെ മാത്രമാണെന്നും രജിസ്റ്റര്‍ ചെയ്ത് കുത്തിവെപ്പെടുത്ത വളര്‍ത്തുനായ്ക്കളുടെ എണ്ണം 1150 ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുകീഴില്‍ തെരുവുനായ്ക്കളുടെ ശല്യം നിയന്ത്രിക്കുന്നതിനുള്ള അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ (എ.ബി.സി) പദ്ധതി പ്രകാരം എല്‍.എസ്.ജി.ഡി വെബ്സൈറ്റിലാണ് ഈ കണക്ക് പ്രസിദ്ധീകരിച്ചത്. 2009 മുതല്‍ 2012 വരെയുള്ള അനിമല്‍ കാനേഷുമാരി കണക്കാണിത്. നിലവില്‍ കോര്‍പറേഷനിലെ നായ്ക്കളുടെ എണ്ണം ഇതിന്‍െറ ഇരട്ടിവരും എന്ന് അനൗദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. ജില്ലയിലെ 70 ഗ്രാമപഞ്ചായത്തുകളില്‍ എ.ബി.സി പദ്ധതിക്ക് പ്രോജക്ട് സമര്‍പ്പിച്ച 67 പഞ്ചായത്തുകളിലായി 17,769 നായ്ക്കളുണ്ടെന്നും മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്കായി വകയിരുത്തിയ 1.2 കോടി രൂപയില്‍ 80,00,00 രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരുടെ സഹായത്തോടെയാണ് എന്യൂമറേറ്റര്‍മാര്‍ സര്‍വേ നടത്തിയത്. പൂളക്കടവിലെ സൂപ്പര്‍ സ്പെഷാലിറ്റി വെറ്ററിനറി ഹോസ്പിറ്റല്‍ കം എ.ബി.സി സെന്‍റര്‍ പ്രവര്‍ത്തനം തുടങ്ങിയതിനുശേഷം വീണ്ടും ഒരു സര്‍വേ നടത്താനാണ് എ.ബി.സി ബോര്‍ഡിന്‍െറ തീരുമാനം. 
അതിനുശേഷം സര്‍വേ നടത്തിയാലേ കൃത്യമായ കണക്ക് ലഭിക്കുകയുള്ളൂ എന്നതിനാലാണ് പുതിയ സര്‍വേ വൈകിപ്പിക്കുന്നതെന്നും, 2017 മാര്‍ച്ച് ആവുമ്പോഴേക്കും ഇത് നടത്താനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും എ.ബി.സി പ്രോജക്ട് കോഓഡിനേറ്റര്‍ ഡോ.കെ.കെ. ബേബി പറഞ്ഞു. 
നിലവില്‍ സംസ്ഥാനത്ത് ഫലപ്രദമായി അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന കൊച്ചി ബ്രഹ്മപുരത്തെ എ.ബി.സി സെന്‍ററിന്‍െറയും ആന്‍റി റാബിസ് യൂനിറ്റിന്‍െറയും മാതൃകയെ അടിസ്ഥാനമാക്കിയാവും പൂളക്കടവിലെ ആശുപത്രി നിര്‍മിക്കുക. ഇതിന്‍െറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി. കൊച്ചിയിലെ കേന്ദ്രത്തെക്കുറിച്ച് പഠിക്കാന്‍ കോഴിക്കോട്ടെ പ്രോജക്ട് ഓഫിസര്‍, എന്‍ജിനീയര്‍, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയവര്‍ അവിടെ സന്ദര്‍ശിക്കും. 

അത്യാധുനിക ഓപറേഷന്‍ തീയറ്റര്‍, ഓപറേഷന് മുമ്പും ശേഷവും താമസിപ്പിക്കാന്‍ പ്രത്യേകം കൂടുകള്‍, സര്‍ജിക്കല്‍ ഐ.സി.യു യൂനിറ്റ്, ഇന്‍സിനറേറ്റര്‍ തുടങ്ങിയ സൗകര്യങ്ങള്‍ പൂളക്കടവിലെ മൃഗാശുപത്രിയില്‍ ഒരുക്കും. വന്ധ്യംകരണത്തോടൊപ്പം ഓരോ വര്‍ഷവും പ്രതിരോധ കുത്തിവെപ്പെടുക്കുകയും ചെയ്യണം. അനസ്തറ്റിസ്റ്റ്, മള്‍ട്ടി സ്പെഷാലിറ്റി ഡോക്ടര്‍, മൂന്ന് സര്‍ജന്‍മാര്‍ എന്നിങ്ങനെ അഞ്ചുപേരാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലെ എ.ബി.സി പ്രോജക്ടില്‍ സേവനമനുഷ്ഠിക്കുക. അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡിന്‍െറ ഗ്രാന്‍േറാടുകൂടിയാണ് ആശുപത്രി പ്രവര്‍ത്തിക്കുക.  
ഇത്തരത്തില്‍ എ.ബി.സി സംവിധാനം നിലവില്‍വന്നാലും കോര്‍പറേഷനിലെ തെരുവുനായ്ക്കളെ പൂര്‍ണമായും വന്ധ്യംകരിക്കുന്നതിന് ചുരുങ്ങിയത് 10 വര്‍ഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഒരു വര്‍ഷം മുമ്പ് കൊച്ചിയില്‍ തുടങ്ങിയ ജനനനിയന്ത്രണപ്രക്രിയയിലൂടെ 2000 നായ്ക്കളെയാണ് വന്ധ്യംകരിച്ചത്.
 
Tags:    
News Summary - street dog calicut

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.