കോട്ടയം: ഏഴഴകുവിടരുന്ന പുഞ്ചിരിയുമായി ഡോ. ഫാത്തിമ അസ്ല എന്ന പെൺകുട്ടി വീൽചെയർ ഉരുട്ടിവരുേമ്പാൾ വഴിയരികിലെ പുൽനാമ്പുപോലും തലയുയർത്തിനോക്കും. അത്രക്ക് ആത്മവിശ്വാസമാണ് കണ്ണീരിൽ മുങ്ങിത്തെളിഞ്ഞ ആ പുഞ്ചിരിക്ക്. എല്ലുപൊടിയുന്ന രോഗത്തോട് 25ാം വയസ്സിലും തളരാതെ പോരാടുന്ന ഫാത്തിമ തെൻറ ജീവിതം െകാണ്ടാണ് മറ്റുള്ളവർക്ക് കരുത്തേകുന്നത്.
കോഴിക്കോട് താമരശ്ശേരി വട്ടിക്കുന്നുമ്മൽ അബ്ദുൽനാസറിെൻറയും ആമിനയുടെയും രണ്ടാമത്തെ മകളാണ് ഫാത്തിമ അസ്ല. അബ്ദുൽനാസറിനും ഇതേ രോഗമായിരുന്നു. ജനിച്ചു മൂന്നാം ദിനമാണ് ഫാത്തിമയുടെ രോഗം തിരിച്ചറിഞ്ഞത്. അന്നുമുതൽ മാതാപിതാക്കൾ കൈപിടിച്ച് കൂടെനടന്നു.
നാലാംക്ലാസ് മുതൽ ജീവിതം വീൽചെയറിലാണ്. ഇതാണ് തെൻറ ജീവിതമെന്ന് ഉൾക്കൊണ്ടതോടെയാണ് പഠിച്ച് ഡോക്ടറാകണമെന്നും തന്നെക്കൊണ്ട് പറ്റുന്നതെല്ലാം ചെയ്യണമെന്നും തീരുമാനമെടുത്തത്. സഹതാപക്കണ്ണുകളെ കണ്ടില്ലെന്നു നടിച്ചും സ്നേഹിച്ചവരെ ചേർത്തുപിടിച്ചും ഫാത്തിമ വിദ്യാഭ്യാസം പൂർത്തിയാക്കി. പ്ലസ് ടു മുതൽ കാരന്തൂർ മർക്കസാണ് ഫാത്തിമയുടെ പഠനച്ചെലവുകൾ വഹിച്ചത്. എൻട്രൻസ് എഴുതിയെങ്കിലും വീൽ ചെയറിലിരുന്നെത്തിയ വിദ്യാർഥിനിയെ മെഡിക്കൽ ബോർഡ് അംഗീകരിച്ചില്ല. രണ്ടാം തവണ വാക്കറിൽ നടന്നുചെന്ന് അതേ മെഡിക്കൽ ബോർഡിൽനിന്ന് അംഗീകാരം വാങ്ങി.
ശാരീരികാവശതകൾ കണക്കിലെടുത്ത് ഹോമിയോയിലാണ് പ്രവേശനം നേടിയത്. കോട്ടയം കുറിച്ചി മെഡിക്കൽ കോളജിലെ പഠനം കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുകയാണ് ഇപ്പോൾ ഫാത്തിമ. രണ്ടുവർഷം മുമ്പ് മൂന്ന് ശസ്ത്രക്രിയകളിലൂടെ രണ്ടു കാലിെൻറയും നട്ടെല്ലിെൻറയും വളവുമാറ്റി പ്ലേറ്റിട്ടതോടെ നിവർന്നുനിൽക്കാമെന്നായി. ഇപ്പോൾ വീടിനകത്ത് വാക്കർ ഉപയോഗിച്ചാണ് നടക്കുന്നത്. ആശുപത്രിയിലേക്ക് പോകുന്നത് വീൽചെയറിലും. പോകുന്ന വഴിയിൽ എല്ലാവർക്കും ഫാത്തിമ പരിചിതയാണ്. റോഡിൽ ഫാത്തിമയെക്കണ്ടാൽ വാഹനങ്ങൾ ഒതുക്കിെക്കാടുക്കും ഡ്രൈവർമാർ.
ഒരിക്കൽ കണ്ടവർക്കുപോലും പ്രിയപ്പെട്ടവൾ. ഇതിനിടെ ജീവിതത്തിലെ കൂട്ടുകാരനെയും കിട്ടി. ലക്ഷദ്വീപ് സ്വദേശിയും സിനിമ പ്രവർത്തകനുമായ ഫിറോസ് നെടിയത്ത്. ആഗ്രഹിച്ചപോലെ വീൽചെയർ മഹറായി നൽകി ഫിറോസ് ഫാത്തിമക്കൊപ്പം നടന്നുതുടങ്ങി. വിവാഹം കഴിഞ്ഞെങ്കിലും ഇതുവരെ ഫിറോസിെൻറ നാടുകണ്ടിട്ടില്ല ഫാത്തിമ. ഹൗസ് സർജൻസി കഴിഞ്ഞിട്ടുവേണം അവധിയെടുത്ത് ലക്ഷദ്വീപിലേക്ക് പോകാൻ. പിന്നെ പി.ജി ചെയ്യണം. ഫിറോസിന് മുടങ്ങിയ ഫൈൻ ആർട്സ് പഠനം പൂർത്തിയാക്കണം. അങ്ങനെ അതിരില്ലാത്ത ആകാശത്തേക്ക് ചിറകുനിവർത്തി പറക്കാനൊരുങ്ങുകയാണ് ഇവരുടെ സ്വപ്നങ്ങൾ. അസ്ലം, ആയിഷ അനു, അഹമ്മദ് അഫ്സൽ എന്നിവരാണ് ഫാത്തിമയുടെ സഹോദരങ്ങൾ. ''കുറവുകളെ ഓർത്ത് മാറിനിൽക്കരുത്. മുന്നോട്ടുവന്നാലേ നമ്മളെ പിന്തുണക്കാനും കൂടെനിൽക്കാനും ആളുണ്ടാവൂ'' തെൻറ അനുഭവത്തിൽനിന്ന് ഫാത്തിമ പഠിച്ച പാഠമാണത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.