സ്കൂട്ടർ യാത്രക്കിടെ തെങ്ങുവീണ് വിദ്യാർഥി മരിച്ചു

കോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി കാമ്പസ് റോഡിലേക്ക് തെങ്ങുവീണ് സ്കൂട്ടർ യാത്രക്കാരനായ വിദ്യാർഥി മരിച്ചു. ഗവ. നഴ്സിങ് കോളജ് ഹോസ്റ്റൽ വാർഡൻ വയനാട് സ്വദേശിനി ലിസി ജോസഫിന്‍റെ മകൻ അശ്വിൻ തോമസാണ് (20) മരിച്ചത്.

ഞായറാഴ്ച രാത്രി പത്തോടെ മഴയോടൊപ്പം ശക്തമായ കാറ്റു വീശിയിരുന്നു. മെഡിക്കൽ കോളജ് ആശുപത്രി ഒ.പി വിഭാഗത്തിന് മുന്നിലെ തെങ്ങാണ് റോഡിലേക്ക് വീണത്. തലക്കും വാരിയെല്ലിനും ഗുരുതര പരിക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച അശ്വിൻ തിങ്കളാഴ്ച രാവിലെ 6.45ഓടെയാണ് മരിച്ചത്.

ദേവഗിരി സെന്റ് ജോസഫ് കോളജിൽ ബി.എസ്.സി ഫിസിക്സ് മൂന്നാംവർഷ വിദ്യാർഥിയാണ്. പoനത്തോടൊപ്പം ഒഴിവുവേളകളിൽ ഭക്ഷണ വിതരണ ഏജൻസിയിലും ജോലി ചെയ്തിരുന്നു. ജോലി കഴിഞ്ഞ് രാത്രി മെഡിക്കൽ കോളജ് കാമ്പസിലെ ക്വാർട്ടേഴ്സിലേക്ക് മടങ്ങുമ്പോഴാണ് അപകടം. സ്കൂട്ടറിൽ വരുകയായിരുന്ന അശ്വിന്റെ ദേഹത്ത് തെങ്ങു പതിക്കുകയായിരുന്നു.

സഹോദരങ്ങൾ: ആൽബിൻ തോമസ് (എം.ബി.ബി.എസ് വിദ്യാർഥി, തൃശൂർ ഗവ. മെഡിക്കൽ കോളജ്), ആൻമെരിയ (പ്ലസ് ടു വിദ്യാർഥിനി, സാവിയോ എച്ച്.എസ്.എസ്). 

Tags:    
News Summary - Student died after coconut tree fell on scooter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.